വയസ് 13, സെഞ്ചുറി 58 പന്തിൽ; റെക്കോഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഓപ്പണർ വൈഭവ് സൂര്യവംശി

കുറഞ്ഞ പ്രായത്തിൽ അന്താരാഷ്ട്ര ഏജ് ഗ്രൂപ്പ് മത്സരത്തിലെ സെഞ്ചുറിയും, അണ്ടർ-19 ടെസ്റ്റ് മത്സരത്തിലെ ഇന്ത്യക്കാരന്‍റെ വേഗമേറിയ സെഞ്ചുറിയും വൈഭവ് സൂര്യവംശി സ്വന്തം പേരിലാക്കി
വൈഭവ് സൂര്യവംശി Vaibhav Suryavanshi
വൈഭവ് സൂര്യവംശി
Updated on

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന റെക്കോഡ് തിങ്കളാഴ്ച സ്വന്തം പേരിൽ എഴുതിച്ചേർത്ത പതിമൂന്നുകാരൻ വൈഭവ് സൂര്യവംശി ബുധനാഴ്ച രാവിലെ രണ്ടു റെക്കോഡുകൾ കൂടി തകർത്തു. കുറഞ്ഞ പ്രായത്തിൽ അന്താരാഷ്ട്ര ഏജ് ഗ്രൂപ്പ് മത്സരത്തിലെ സെഞ്ചുറിയും, അണ്ടർ-19 ടെസ്റ്റ് മത്സരത്തിലെ ഇന്ത്യക്കാരന്‍റെ വേഗമേറിയ സെഞ്ചുറിയും വൈഭവ് സ്വന്തം പേരിലാക്കി.

ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ അണ്ടർ-19 ടീമിനു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്ത വൈഭവ്, 62 പന്തിൽ 104 റൺസെടുത്ത് പുറത്തായി. വെറും 58 പന്തിലാണ് വൈഭവ് മൂന്നക്ക സ്കോറിലെത്തിയത്. പതിനാല് ഫോറും നാല് സിക്സറും ഉൾപ്പെട്ട ഇന്നിങ്സ് അവസാനിച്ചത് റണ്ണൗട്ടിന്‍റെ രൂപത്തിൽ.

അന്താരാഷ്ട്ര അണ്ടർ-19 മത്സരത്തിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡ് ഇപ്പോഴും ഇംഗ്ലണ്ട് താരം മൊയീൻ അലിയുടെ പേരിലാണ്. 2005ൽ മൊയീൻ അലി 56 പന്തിൽ അണ്ടർ-19 ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുണ്ട്. ആഗോള തലത്തിൽ വൈഭവ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. റെക്കോഡ് നേടുമ്പോൾ മൊയീൻ അലിക്ക് പതിനെട്ട് വയസായിരുന്നു, വൈഭവിന് ഇപ്പോൾ വെറും പതിമൂന്നും!

സഹ ഓപ്പണർ വിഹാൻ മൽഹോത്രയുമൊത്ത് (76) ഒന്നാം വിക്കറ്റ് പാർട്ണർഷിപ്പിൽ 133 റൺസും വൈഭവ് കൂട്ടിച്ചേർത്തു. ഓസ്ട്രേയയുടെ ആദ്യ ഇന്നിങ്സ് 293 റൺസിൽ അവസാനിച്ചിരുന്നു.

ഏറ്റവും കുറഞ്ഞ പ്രായത്തിൽ രഞ്ജി ട്രോഫി കളിച്ചതിന്‍റെ റെക്കോഡ് കഴിഞ്ഞ വർഷം, തന്‍റെ പന്ത്രണ്ടാം വയസിൽ വൈഭവ് സ്വന്തമാക്കിയിരുന്നു. ബിഹാറിനു വേണ്ടി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഈ ഇടങ്കയ്യൻ ഓപ്പണർ കളിച്ചത്. സച്ചിൻ ടെൻഡുൽക്കറുടെയും യുവരാജ് സിങ്ങിന്‍റെയും പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവ് അന്നു മറികടന്നത്.

പൃഥ്വി ഷായെ ഓർമിപ്പിക്കുന്ന ഹൈ ബാക്ക് ലിഫ്റ്റും മനോഹരമായ ടൈമിങ്ങുമുള്ള വൈഭവ് സൂര്യവംശി ചില ഷോട്ടുകളിൽ വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയൻ ലാറയുടെ ഓർമകളും ഉണർത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.