ഇന്ന് ഫൈനല്‍ അരങ്ങേറുമ്പോള്‍ ഒരുപിടി റെക്കോഡുകളാണ് സൂപ്പര്‍ താരം വിരാട് കോലിയെ കാത്തിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരേ മികച്ച റെക്കോഡുള്ള കോലി അത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോഡ് വിരാട് കോലിക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ സ്വന്തമാക്കാം. മത്സരത്തില്‍ സെഞ്ചുറി നേടിയാല്‍ കോലിക്ക് സുനില്‍ ഗാവസ്കറെ മറികടന്ന് രണ്ടാമതെത്താം. നിലവില്‍ ഇരുവര്‍ക്കും എട്ട് സെഞ്ചുറികള്‍ വീതമാണുള്ളത്. 11 സെഞ്ചുറികള്‍ നേടിയ സച്ചിന് ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. ഐസിസിയുടെ നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരം സച്ചിനാണ്. 14 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സാണ് താരം അടിച്ചെടുത്തത്.
നിലവില്‍ 15 മത്സരങ്ങളില്‍ നിന്ന് 620 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. ഓസീസിനെതിരേ 38 റണ്‍സെടുത്താല്‍ കോലിക്ക് ഈ റെക്കോഡ് നേടാം. നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം റിക്കി പോണ്ടിങ്ങാണ്. 18 മത്സരങ്ങളില്‍ നിന്ന് 731 റണ്‍സാണ് പോണ്ടിങ് നേടിയത്. ഈ റെക്കോഡ് തകര്‍ക്കാന്‍ കോലിക്ക് 112 റണ്‍സ് വേണം.ഒരു ബൗളര്‍ക്കെതിരേ ഏറ്റവുമധികം റണ്സ്ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ബൗളര്‍ക്കെതിരേ ഏറ്റവുമധികം റണ്‍സെടുത്ത താരത്തിനുള്ള റെക്കോഡ് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയാണ് സ്വന്തമാക്കിവെച്ചിരിക്കുന്നത്. ഓസ്ട്രേലിയയുടെ നഥാന്‍ ലയണിനെതിരേ താരം 570 റണ്‍സെടുത്തിട്ടുണ്ട്. കോലി ലയണിനെതിരേ 511 റണ്‍സ് നേടിയിട്ടുണ്ട്. ലിയോണിനെതിരേ ഫൈനലില്‍ 60 റണ്‍സെടുത്താല്‍ കോലിക്ക് ഈ റെക്കോഡ് മറികടക്കാം.പൂജാരയും ഈ ടെസ്റ്റില്‍ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരമാകാനും കോലിക്ക് അവസരമുണ്ട്.
നിലവില്‍ പരിശീലകന് രാഹുല്‍ ദ്രാവിഡാണ് ഈ റെക്കോഡിനുടമ. 46 മത്സരങ്ങളില്‍ നിന്ന് 2645 റണ്‍സാണ് ദ്രാവിഡിന്റെ അക്കൗണ്ടിലുള്ളത്. കോലിക്ക് 56 മത്സരങ്ങളില്‍ നിന്ന് 2574 റണ്‍സുണ്ട്. 72 റണ്‍സ് കൂടിയെടുത്താല്‍ താരത്തിന് ഈ റെക്കോഡ് സ്വന്തമാക്കാം.
ഐസിസിയുടെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയ ഒരേ ഒരു താരം അത് സൗരവ് ഗാംഗുലിയാണ്. 2000-ല്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലിലാണ് താരം സെഞ്ചുറി നേടിയത്. അതിനുശേഷം ആര്‍ക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. ഓസ്ട്രേലിയയ്ക്കെതിരേ സെഞ്ചുറി നേടിയാല്‍ കോലിക്കും ഈ നേട്ടം സ്വന്തമാക്കാം.