അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

ഒറ്റയ്ക്ക് ബാറ്റ് വീശുകയായിരുന്നു വിഷ്ണു വിനോദ്.
Vishnu Vinod gave Thrissur a brilliant win with a quick century
വിഷ്ണു വിനോദ്
Updated on

തിരുവനന്തപുരം: ലീഗിൽ ഈ സീസണിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച ഇന്നിങ്സ്. ഒരു പരിധി വരെ ആഭ്യന്തര ട്വന്‍റി 20 ലീഗുകളിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. ആലപ്പി മുന്നിൽ വച്ച ലക്ഷ്യത്തിലേക്ക് ഏറെക്കുറെ ഒറ്റയ്ക്ക് ബാറ്റ് വീശുകയായിരുന്നു വിഷ്ണു വിനോദ്. ലീഗിൽ ഇത് വരെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ കഴിയാതിരുന്ന വിഷ്ണു നൂറിന്‍റെ തിളക്കവുമായി മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. 139 റൺസാണ് വിഷ്ണു നേടിയത്.

182 റൺസെന്ന വലിയ ലക്ഷ്യം മുന്നിൽക്കണ്ടാണ് തൃശൂർ ബാറ്റിങ് നിരയിൽ ചെറിയൊരു മാറ്റം വരുത്തിയത്. ആദ്യമായി വിഷ്ണു വിനോദ് ഓപ്പണിങ് സ്ഥാനത്തേക്ക്. തുടക്കം മുതൽ ആ ലക്ഷ്യബോധത്തോടെ തന്നെ വിഷ്ണു വിനോദ് ബാറ്റ് വീശി. ആദ്യ ഓവറിൽ സ്വന്തം അക്കൗണ്ട് തുറന്നത് തന്നെ ബൗണ്ടറിയിലൂടെയായിരുന്നു. ആ ഓവറിൽ തന്നെ വീണ്ടുമൊരു സിക്സ്.

ഇന്നിങ്സിൽ ഉടനീളം ഇതേ വേഗത്തിലായിരുന്നു വിഷ‌്ണു തുടർന്നും ബാറ്റ് വീശിയത്. മറുവശത്തുണ്ടായിരുന്ന ഇമ്രാൻ അഹമ്മദിന് ഒരു ഘട്ടം വരെ വെറും കാഴ്ചക്കാരന്‍റെ റോൾ മാത്രമായിരുന്നു. അക്ഷയ് ചന്ദ്രൻ എറിഞ്ഞ നാലാം ഓവറിൽ വിഷ്ണു മൂന്ന് സിക്സ് നേടി. തൃശൂരിന്‍റെ സ്കോർ 50 കടക്കുമ്പോൾ അതിൽ 48 റൺസും വിഷ്ണുവിന്‍റെ ബാറ്റിൽ നിന്നായിരുന്നു. വെറും 33 പന്തിലാണ് വിഷ്ണു സെഞ്ച്വറി തികച്ചത്.

തുടർന്നും ബൗളർമാർ വിഷ്ണുവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. വിശ്വേശ്വർ സുരേഷ് എറിഞ്ഞ 11-ാം ഓവറിൽ വീണ്ടും മൂന്ന് സിക്സ്. അക്ഷയ് ചന്ദ്രൻ എറിഞ്ഞ അടുത്ത ഓവറിൽ രണ്ട് സിക്സും ഒരു ഫോറും. വിജയത്തിന് രണ്ട് റൺസ് അകലെ പുറത്തായെങ്കിലും ഐതിഹാസികമായൊരു ഇന്നിങ്സിനായിരുന്നു ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

182 റൺസെന്ന വലിയ ലക്ഷ്യം ടൈറ്റൻസ് മറി കടന്നത് 44 പന്ത് ബാക്കി നിൽക്കെയാണ്. 45 പന്തിൽ അഞ്ച് ഫോറും 17 സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിന്‍റെ ഇന്നിങ്സ്.

കഴിഞ്ഞൊരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ബാറ്റിങ്ങിന്‍റെ കരുത്താണ് വിഷ്ണു വിനോദ്. 2014-15 സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്‍റിലൂടെ കേരളത്തിനായി അരങ്ങേറിയ വിഷ്ണു പിന്നീട് എല്ലാ ഫോർമാറ്റിലും കേരള ടീമിലെ സ്ഥിര സാന്നിധ്യമായി.

ഐപിഎല്ലിൽ ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ ടീമുകളിലിടം നേടിയെങ്കിലും മൂന്ന് മത്സരം മാത്രമാണ് കളിക്കാനായത്. കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനം വിഷ്ണുവിന് ഐപിഎല്ലിൽ വീണ്ടും അവസരങ്ങളൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

Trending

No stories found.

Latest News

No stories found.