കോതമംഗലം: ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കം. കോതമംഗലം എംഎ കോളെജിലെഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിങ് പൂളിലാണ് മത്സരങ്ങൾ നടത്തുന്നത്. കേരള അക്വാട്ടിക് ഓർഗനൈസേഷന്‍റെ 50 ഓളം ഒഫീഷ്യൽസാണ് ഇത് നിയന്ത്രിക്കുന്നത്.
ആൺകുട്ടികളുടെ 10 ജില്ലാ ടീമുകളാണ് 4 ദിവസകാലത്തെ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. നാളെ സെമി ഫൈനൽ മത്സരങ്ങളും മറ്റന്നാൾ ഫൈനൽ മത്സരവും ലൂസേഴ്സ് ഫൈനൽ മത്സരവുയന്നുള്ള നിലയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
വാട്ടർ പോളോ മത്സരങ്ങളുടെ ഉദ്ഘാടനം ആന്‍റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, എഇഒ കെ.ബി. സജീവ്, ചീഫ് റഫറി ജി. ശ്രീകുമാർ, ഓർഗനൈസേഷൻ സെക്രട്ടറി പി.പി. മുഹമ്മദ് അലി, ഹാൻസി പോൾ എന്നിവർ സന്നിഹിതരായിരുന്നു.