ടറോബ: ആദ്യ ടി20യിൽ ഇന്ത്യയെ നാല് റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സിന് അടിയറവ് പറയുകയായിരുന്നു. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിൻഡീസ് 1–0ന് മുന്നിലെത്തി. 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജേസൺ ഹോൾഡറാണ് പ്ലെയർ ഓഫ് ദ മാച്ച്.
അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 10 റൺസായിരുന്നു. റൊമാരിയോ ഷെപ്പേഡ് എറിഞ്ഞ ഓവറിൽ വഴങ്ങിയത് അഞ്ച് റൺസ് മാത്രം, 2 വിക്കറ്റും വീണു.
തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ഇഷാൻ കിഷനെയും (9 പന്തിൽ 6), ശുഭ്മൻ ഗില്ലിനെയും (9 പന്തിൽ 3) നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീടങ്ങോട്ട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 39 റണ്‍സെടുത്ത അരങ്ങേറ്റക്കാരൻ തിലക് വർമയ്ക്കു മാത്രമാണ് വിൻഡീസ് ബൗളർമാരെ അനായാസം നേരിടാനായത്. 21 പന്തിൽ 21 റൺസെടുത്ത സൂര്യകുമാർ യാദവും, 19 പന്തിൽ 19 റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും പതിവ് ഫോമിലേക്കുയർന്നില്ല.
16ാം ഓവറിൽ സഞ്ജു സാംസണിനെ (12 പന്തിൽ 12) മെയേഴ്‌സ് റൺഔട്ട് ആക്കി വിൻഡീസിന് ബ്രേക്ക്ത്രൂ നൽകി. 11 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ ഇന്ത്യയെ വിജയത്തിലെത്തിക്കും എന്ന് തോന്നിച്ചെങ്കിലും 19-ാം ഓവറില്‍ പുറത്തായി. ആറ് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത അര്‍ഷ്ദീപ് സിങ്ങിൻ്റെ വാലറ്റ പ്രകടനവും വിജയത്തിനു പര്യാപ്തമായില്ല.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. 32 പന്തിൽ 48 റൺസെടുത്ത ക്യാപ്റ്റൻ റോവ്മാൻ പവലാണ് ടോപ് സ്കോറർ. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യക്കും കുൽദീപ് യാദവിനും ഓരോ വിക്കറ്റ്. മുകേഷ് കുമാറും മത്സരത്തിൽ ഇന്ത്യക്കായി ട്വന്റി20 അരങ്ങേറ്റം കുറിച്ചെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.