വി.കെ. സഞ്ജു
മുത്താരംകുന്ന് പിഒ- ജഗദീഷിന്‍റെ കഥയ്ക്ക് ശ്രീനിവാസൻ തിരക്കഥയൊരുക്കി സിബി മലയിൽ സംവിധാനം ചെയ്ത സിനിമ. അതിൽ മുകേഷുമായി ഗുസ്തി പിടിക്കാൻ നെടുമുടി വേണു ഇറക്കുമതി ചെയ്യുന്ന ഗുസ്തിക്കാരനെ ഓർമയില്ലേ, ദാരാ സിങ്. അതായത്, ദൂർദർശൻ രാമായണത്തിലെ ഹനുമാൻ. ഒരു കാലത്ത് കേരളത്തിലടക്കം ഗാട്ടാ ഗുസ്തിയുടെ പര്യായം തന്നെയായിരുന്നു ദാരാ സിങ്. അതിനൊക്കെ അപ്പുറം, ഇന്ത്യയിൽ നിന്ന് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ പ്രൊഫഷണൽ റെസ്‌ലർമാരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം.
പിൽക്കാലത്ത്, അതായത് 1980കളിൽ തുടങ്ങി 90കളിലും ഏകദേശം 2000ത്തിന്‍റെ ആദ്യ പതിറ്റാണ്ടിലും വരെ പ്രൊഫഷണൽ റെസ്‌ലിങ് എന്നാൽ ഡബ്ല്യുഡബ്ല്യുഇ (WWE) മാത്രമായിരുന്നു, മലയാളിക്കും. തിരക്കഥയനുസരിച്ച് ആടുന്ന കഥാപാത്രങ്ങളാണ് അതിലുള്ളതെന്നൊക്കെ കേട്ടപ്പോൾ വിശ്വസിക്കാൻ കൂട്ടാക്കാത്തവരായിരുന്നു പ്രായഭേദമില്ലാതെ ആരാധകരിൽ ഏറെയും. വേൾഡ് റെസ്‌ലിങ് ഫെഡറേഷൻ (WWF) എന്ന പേരു പോലും വേൾഡ് റെസ്‌ലിങ് എന്‍റർടെയ്ൻമെന്‍റ് (WWE) എന്നു മാറ്റിയപ്പോഴാണ് കൂടുതൽ പേർ തിരക്കഥയുടെ കഥ വിശ്വസിച്ചു തുടങ്ങിയത്.
എങ്കിൽപ്പോലും, സിനിമയിലെ സ്റ്റണ്ട് സീനുകളിൽ നായകനു വേണ്ടി കൈയടിക്കുന്നതിനെക്കാൾ ആവശേത്തോടെ അവർ ഹൾക്ക് ഹോഗനും ബാറ്റിസ്റ്റയ്ക്കും ക്രിസ് ബെനോയ്ക്കും വേണ്ടി ആർത്തുവിളിച്ചു; എഡ്ജിന്‍റെയും എഡ്ഡി ഗ്വെറേറോയുടെയും റാൻഡി ഓർട്ടന്‍റെയും വില്ലത്തരങ്ങൾ നിഗൂഢമായി ആസ്വദിച്ചു; അണ്ടർടേക്കറുടെ ടോംബ് സ്റ്റോൺ, ഷോൺ മൈക്കൽസിന്‍റെ സ്വീറ്റ് ചിൻ മ്യൂസിക്ക്, കെയിന്‍റെ ചോക്ക്സ്ലാം... അങ്ങനെ സിഗ്നേച്ചർ മൂവുകൾ രാസ സമവാക്യങ്ങളെക്കാൾ കൃത്യതയോടെ മനസിലുറപ്പിച്ചു.
രൂപഭാവങ്ങളൊക്കെ മാറിയ ഡബ്ല്യഡബ്ല്യുഇയുടെ പുതിയ രീതികളിൽ പക്ഷേ, മമ്മൂട്ടിയെന്നും മോഹൻലാലെന്നും ഷാരുഖ് ഖാനെന്നും പറയുന്നതു പോലെ ചിരപരിചിതമായ പേരുകളില്ല. പ്രായഭേദമില്ലാത്ത പഴയ കിഡ്സിന്‍റെ നൊസ്റ്റാൾജിക് മെമ്മറികളിൽ റേ മിസ്റ്റീരിയോയും റിക്ക് ഫ്ളെയറും ട്രിപ്പിൾ എച്ചുമെല്ലാം മായാമുദ്രകളായി തുടരുകയും ചെയ്യുന്നു. അവരൊക്കെ ഇപ്പോ എവിടെയാണ്? ചിലരൊക്കെ സിനിമാ നടൻമാരായി, ചിലർ ഗുസ്തി മേഖലയിൽ ഭരണകർത്താക്കളായി, മറ്റു ചിലർ മരിച്ചും പോയി....
ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ റെസ്‌ലർ. റെസ്‌ലിങ് സംസ്കാരം തന്നെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക്. അഭിനയത്തിലും സംഗീതത്തിലും വ്യവസായത്തിലും കൈവച്ചു. വിവാഹമോചനത്തോടെ പാപ്പരായെങ്കിലും എല്ലാം തിരിച്ചുപിടിച്ചു. ഒരു എനർജി ഡ്രിങ്ക് ഇറക്കി. ഹോഗൻ ന്യൂട്രീഷ്യൻ എന്നൊരു വെബ്സൈറ്റും തുടങ്ങി.
നാലു പതിറ്റാണ്ട് നീണ്ട റെസ്‌ലിങ് കരിയർ. 16 ലോക ചാംപ്യൻഷിപ്പുകൾക്ക് ഉടമ. ഡബ്ല്യുഡബ്ല്യുഇയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണ് റിക്ക് ഫ്ലെയറിന്‍റെ റെസ്‌ലിങ് കരിയർ. 2013ൽ മകൻ മയക്കുമരുന്നിന്‍റെ അമിതോപയോഗം മൂലം മരിച്ചതോടെ പൊതുരംഗത്തുനിന്നു വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. മെല്ലെ തിരിച്ചുവന്ന അദ്ദേഹം പിന്നീട് പ്രൊഫഷണൽ റെസ്‌ലിങ് മാനെജറായി മാറി.
മാർക്ക് വില്യം കാലവേ എന്ന് യഥാർഥ പേര്. മൂന്നു പതിറ്റാണ്ട് നീണ്ട കരിയറിൽ 17 ചാംപ്യൻഷിപ്പ് നേട്ടങ്ങൾ. 2020ൽ വിരമിച്ച ശേഷം റിയൽ എസ്റ്റേറ്റ് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വകാര്യ ജീവിതത്തിൽ താനൊരു മൃഗസ്നേഹിയാണെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. രോഗാതുരമായ അവസ്ഥയിലുള്ള മൃഗങ്ങൾക്ക് ചികിത്സ നൽകി സംരക്ഷിക്കാൻ ഭാര്യയുമൊത്ത് ഒരു ഫണ്ടും അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്.
കേരളത്തിൽ പോലും ഒരുപാട് സ്ത്രീ ആരാധകരുണ്ടായിരുന്ന ഡബ്ല്യുഡബ്ല്യുഇ താരം. നാലു വട്ടം ലോക ചാംപ്യൻ. ഡബ്ല്യുഡബ്ല്യുഇ അംബാസഡർ കൂടിയായിരുന്നു. ടിവി അവതാരകനായും നടനായും തിളങ്ങി. ഷോൺ മൈക്കിൾസ് മക്‌മില്ലൻ റിവർ അഡ്വഞ്ചേഴ്സ് എന്ന അദ്ദേഹത്തിന്‍റെ ഹണ്ടിങ് ഷോയും ജനപ്രിയമായിരുന്നു.
റിങ്ങിലെ ഗുസ്തിക്കാരനെന്നതിലുപരി ഭരണകർത്താവ് എന്ന നിലയിലാണ് വിൻസന്‍റ് മക്‌മഹോൻ എന്ന മിസ്റ്റർ മക്‌മഹോന്‍റെ പ്രസക്തി. എന്നാൽ, ആ രീതിയിലും താരങ്ങളെക്കാൾ വലിയ കിങ് മേക്കർ. ഡബ്ല്യുഡബ്ല്യുഇ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായിരുന്നു. സ്പോർട്സ് ആൻഡ് എന്‍റർടെയിൻമെന്‍റ് സ്ഥാപനമായ ആൽഫ എന്‍റർടെയ്ൻമെന്‍റിന്‍റെ സ്ഥാപകൻ. ഒപ്പം, സിനിമ നടനും നിർമാതാവും.
ഡേവിഡ് മൈക്കൽ ബൗറ്റിസ്റ്റ് ജൂനിയർ എന്ന ബാറ്റിസ്റ്റ ഗോദയ്ക്ക് പുറത്ത് അറിയപ്പെടുന്ന സിനിമാ താരമാണ്. ഗാർഡിയൻസ് ഓഫ് ദ ഗാലക്സി, റിഡ്ഡിക് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ പ്രകടനം. മിക്സഡ് മാർഷ്യൽ ആർട്ട്സിന്‍റെ മികവിൽ 249 വിജയങ്ങൾ ഗോദയിൽ സ്വന്തമാക്കിയ റെസ്‌ലർ എന്ന മേൽവിലാസം പോലും ഇപ്പോൾ ആവശ്യമില്ലാത്ത താരപദവി.
കരിയർ തുടങ്ങിയ കാലം മുതൽ റെസ്‌ലിങ് പ്രേമികൾക്ക് ചിരപരിചിതമായ പേര്. ആന്ദ്രെ ദ ജയന്‍റിന്‍റെ മകൻ എന്ന നിലയിലാണ് ഗോദയിൽ അവതരിപ്പിക്കപ്പെട്ടത്. പെട്ടെന്നു തന്നെ ബിഗ് ഷോ എന്ന പേരിൽ സ്വന്തമായി നിലനിൽപ്പുണ്ടാക്കി. ഇടക്കാലത്ത് അഭിനയത്തിലും ഒരു കൈനോക്കിയെങ്കിലും റെസ്‌ലിങ്ങിലേക്കു തന്നെ തിരിച്ചുവന്നു. ഇപ്പോൾ ഓൾ എലൈറ്റ് റെസ്‌ലിങ്ങിന്‍റെ ഭാഗം.
ഗോദയ്ക്ക് അകത്തും പുറത്തും സൃഷ്ടിച്ച വിവാദങ്ങളിലൂടെ റെസ്‌ലിങ് ആരാധകരുടെ ചർച്ചകളിൽ എന്നും നിറഞ്ഞു നിന്ന ആന്‍റി ഹീറോ. 2007ൽ സ്റ്റിറോയ്ഡ് ഉപയോഗത്തിനു പിടിക്കപ്പെട്ടു. 2013ൽ വിവാഹമോചനം. 2015ൽ പുനർവിവാഹം. ഡീൽ ഓർ നോ ഡീൽ, ദാറ്റ്സ് വാട്ട് ഐ ആം തുടങ്ങിയ ഷോകളിലൂടെ സ്ക്രീൻ കരിയറിനുള്ള ശ്രമങ്ങളും നടത്തിയെങ്കിലും ഇന്നും സജീവമായി റെസ്‌ലിങ് രംഗത്ത് തുടരുന്നു.
മുത്തച്ഛന്‍റെയും അച്ഛന്‍റെയും പാതയിൽ റെസ്‌ലിങ് റിങ്ങിലേക്കിറങ്ങിയ ഡ്വെയൻ ഡഗ്ലസ് ജോൺസൺ ആദ്യം സ്വീകരിച്ച പേര് റോക്കി മൈവിയ എന്നായിരുന്നു. പിന്നീട് ഡബ്ല്യുഡബ്ല്യുഇ രോമാഞ്ചമായ ദ റോക്ക് ആയി മാറി. 2019ൽ വിരമിച്ചു. ഇന്ന് ഹോളിവുഡ് നടനെന്ന നിലയിലും വ്യവസായി എന്ന നിലയിലും ശ്രദ്ധേയൻ. ആഗോള തലത്തിൽ അസുഖബാധിതരായ കുട്ടികളെ സഹായിക്കുന്നതിന് ഡ്വെയ്ൻ ജോൺസൺ റോക്ക് ഫൗണ്ടേഷൻ സ്ഥാപിച്ചു.
യുഎസിലെ ടെന്നസിയിലുള്ള നോക്സ് കൗണ്ടി മേയർ ഗ്ലെൻ തോമസ് ജേക്കബ്സിനെ ഇന്ത്യയിൽ ആരും അറിയണമെന്നില്ല. എന്നാൽ, ഡബ്ല്യുഡബ്ല്യുഇയിലെ കെയിൻ രാഷ്‌ട്രീയത്തിലിറങ്ങിയിരുന്നു എന്നു കേട്ടിട്ടുണ്ടെങ്കിൽ ഈ മേയറെയും അറിഞ്ഞിരിക്കണം. രണ്ടും ഒരാൾ തന്നെ. രാഷ്‌ട്രീയത്തിനു പുറമേ അഭിനയത്തിലും ബിസിനസിലുമെല്ലാം കെയിൻ കൈവച്ചിട്ടുണ്ട്.
എക്കാലത്തെയും ധനാഢ്യരായ റെസ്‌ലർമാരിലൊരാൾ. റെസ്‌ലിങ് റിങ്ങിലെന്ന പോലെ പുറത്തും വിജയകരമായ കരിയർ. വ്യവസായി എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ശ്രദ്ധേയൻ. ഡബ്ല്യഡബ്ല്യുഇയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റുമാരിലൊരാൾ കൂടിയാണ്. ഡബ്ല്യുഡബ്ല്യുഇ മേധാവിയായിരുന്ന മിസ്റ്റർ മക്മഹോന്‍റെ മകൾ സ്റ്റെഫാനി മക്മഹോനാണ് ഭാര്യ.
മുഖംമൂടിയണിഞ്ഞെത്തുകയും അക്രോബാറ്റിക് നീക്കങ്ങളിലൂടെ എതിരാളികളെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിക്കുകയും ചെയ്തിരുന്ന കുറിയ മനുഷ്യൻ. ഓസ്കർ ഗുട്ടിറെസ് റൂബിയോ എന്നാണ് യഥാർഥ പേര്. ബന്ധുവായ റേ മിസ്റ്റീരിയോ സീനിയറിന്‍റെ ശിക്ഷണത്തിൽ അദ്ദേഹത്തിന്‍റെ പാത പിന്തുടർന്നാണ് റെസ്‌ലിങ് രംഗത്തേക്കുള്ള വരവ്. നിരവധി ചാംപ്യൻഷിപ്പുകൾ സ്വന്തമാക്കി. രംഗത്ത് ഇപ്പോഴും സജീവം.
എക്കാലത്തെയും മികച്ച റെസ്‌ലർമാരിലൊരാളായി എണ്ണപ്പെടുന്നു. നിരവധി ചാംപ്യൻഷിപ്പുകൾ സ്വന്തമാക്കി. എന്നാൽ, നിരന്തരമായ പരുക്കുകൾ കാരണം 2003ൽ കരിയർ അവസാനിപ്പിക്കേണ്ടി വന്നു. അതിനു ശേഷം സിനിമ അഭിനയത്തിൽ ശ്രദ്ധിക്കുന്നു. ഇടയ്ക്ക് ഡബ്ല്യുഡബ്ല്യുഇ ഷോകളിലും സാന്നിധ്യമറിയിക്കുന്നു.
1993ൽ മാത്രമാണ് കരിയർ ആരംഭിച്ചതെങ്കിലും പെട്ടെന്നു തന്നെ ഇതിഹാസങ്ങളുടെ ഗണത്തിലേക്കുയർന്നു. ഇടക്കാലത്ത് സംഗീത രംഗത്ത് ശ്രദ്ധ പതിപ്പിച്ചു. പെറോക്സ്‌വൈ?ജെൻ (PeroxWhy?Gen) എന്ന ബാൻഡിൽ അംഗവുമായി. പിന്നീട് ഡബ്ല്യുഡബ്ല്യുഇ വേദിയിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.
ആഡം ജോസഫ് കോപ്‌ലാൻഡിനെ ആരാധകർ സ്നേഹത്തോടെ എഡ്ജ് എന്നു വിളിച്ചു. 31 ചാംപ്യൻഷിപ്പുകൾ നേടിയ ലെജൻഡറി റെസ്‌ലർ. ഇടക്കാലത്ത് വിട്ടുനിന്നെങ്കിലും 2020ൽ റിങ്ങിൽ തിരിച്ചെത്തി. ഇതിനിടെ നിരവധി സിനികളുടെയും ടിവി ഷോകളുടെയും ഭാഗമായി.
റെസ്‌ലിങ് റിങ്ങിലെത്തും മുൻപേ ലോക പ്രശസ്തൻ. പവർലിഫ്റ്റിങ്ങിലും വെയ്റ്റ്‌ലിഫ്റ്റിങ്ങിലും നിരവധി ലോക റെക്കോഡുകൾക്ക് ഉടമയായിരുന്നു. 2011ൽ ഡബ്ല്യുഡബ്ല്യുഇ ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പ് സ്വന്തമാക്കി. റിങ്ങുകളിൽ ഇപ്പോഴും സജീവം.
മറ്റു പല ഇതിഹാസ താരങ്ങളെയും പോലെ ക്രിസ് ജെറിക്കോയും റെസ്‌ലിങ് കരിയറിലേക്കു വരുന്നത് 90കളിലാണ്. ഡബ്ല്യുഡബ്ല്യുഇയിൽ ഉറച്ചു നിൽക്കാതെ ജപ്പാൻ അടക്കം പല രാജ്യങ്ങളിലെയും സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചു. 2019 ഓടെ അത് ഓൾ എലൈറ്റ് റെസ്‌ലിങ്ങിലെത്തി. എന്നാൽ, ഡബ്ല്യുഡബ്ല്യുഇ കാലം തന്നെയാണ് അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും തിളങ്ങുന്ന കാലഘട്ടം. മൂന്നു വട്ടം ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
ആറു വട്ടം ലോക ചാംപ്യൻഷിപ്പ് നേടിയ റെസ്‌ലർ. അതു കൂടാതെ 21 കിരീടങ്ങൾ. വിരമിച്ച ശേഷം കമന്‍റേറ്ററായും പ്രൊമോട്ടറായും പ്രവർത്തിച്ചുവരുന്നു. രണ്ടു പുസ്തകങ്ങൾ എഴുതി. വിഡിയോ ഗെയിമുകളിലും സിനിമകളിലും സാന്നിധ്യമറിയിച്ചു.
റെസ്‌ലിങ് വേദിയിലെ ഇന്ത്യൻ സാന്നിധ്യം. പഞ്ചാബ് പൊലീസിൽ ഉദ്യോഗസ്ഥനായിരുന്ന ദലീപ് സിങ് റാണ. ഏഴടിയിലധികം പൊക്കം. 15 വർഷത്തെ റെസ്‌ലിങ് കരിയർ 2014ൽ അവസാനിപ്പിച്ചു. കോണ്ടിനെന്‍റൽ റെസ്‌ലിങ് എന്‍റർടെയ്ൻമെന്‍റ് എന്ന പേരിൽ സ്വന്തം പ്രസ്ഥാനം തുടങ്ങി. 2017ൽ റിങ്ങിലേക്കു തിരിച്ചുവന്നു. യുഎസിലും ഇന്ത്യയിലും സ്ക്രീൻ കരിയറും തുടരുന്നു.
G.O.A.T. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന വിശേഷണം ഡബ്ല്യുഡബ്ല്യുഇ ഔദ്യോഗികമായി പതിച്ചു നൽകിയ ഏക റെസ്‌ലർ. 16 വട്ടം ലോക ചാംപ്യനായിട്ടുള്ള ജോൺ ഫെലിക്സ് ആന്തണി സീന എന്ന ജോൺ സീന. റാപ്പർ, അഭിനേതാവ് എന്നീ നിലകളിലും കഴിവ് തെളിയിച്ചു. ഇപ്പോഴും ഡബ്ല്യുഡബ്ല്യുഇയുമായി കരാറിൽ തുടരുന്നു. യൂ കാണ്ട് സീ മീ എന്ന, സ്വയം പാടിയ എൻട്രി മ്യൂസിക്കും, അതിനൊപ്പമുള്ള കൈ ആംഗ്യവും ഐക്കോണിക്ക് എന്ന വിശേഷണത്തിന് അർഹമാണ്, ആരാധാകരെ സംബന്ധിച്ച് അനശ്വരവും.
റെസ്‌ലിങ്ങിനു തിരക്കഥയൊക്കെയുണ്ടാവും. പക്ഷേ, കിട്ടുന്ന അടി പലതും എടുപ്പതു തന്നെ എന്നു തെളിയിക്കുന്നതാണ് ക്രിസ് ബെനോ എന്ന സൂപ്പർതാരത്തിന്‍റെ ജീവിതവും വില്ലനായുള്ള മരണവും.
ക്രിസ്റ്റഫർ മൈക്കൽ ബെനോ എന്ന ക്രിസ് ബെനോ 22 വർഷം നീണ്ട റെസ്‌ലിങ് കരിയറിൽ വെട്ടിപ്പിടിക്കാത്ത നേട്ടങ്ങൾ അപൂർവം. 30 ചാംപ്യൻഷിപ്പുകൾ സ്വന്തമാക്കി.
പക്ഷേ, 2007ൽ ഭാര്യയെയും ഏഴു വയസുള്ള മകനെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തു. റിങ്ങിൽ നിന്നു തലയ്ക്കേറ്റ പ്രഹരങ്ങൾ കാരണം തലച്ചോറിനുണ്ടായ തകരാറുകൾ അദ്ദേഹത്തിന്‍റെ മാനസികനില തന്നെ തകരാറിലാകാൻ കാരണമായിരുന്നു എന്ന് പിന്നീട് വ്യക്തമായി.