സി.കെ. രാജേഷ്കുമാര്‍
ലോകം കാര്‍ന്നു തിന്നാനെത്തിയ കൊവിഡ് മഹാമാരിക്കെതിരായ വാക്സില്‍ ലോകത്തെ 73 ശതമാനം (550 കോടി) ജനങ്ങളും സ്വീകരിച്ചപ്പോള്‍ വളരെ ചെറിയ ശതമാനം പേര് മാറി നിന്നു. മാറി നിന്നവരുടെ കൂട്ടത്തില്‍ ലോകത്തെ ഏറ്റവും വലിയ സെലിബ്രിറ്റികളില്‍ ഒരാളുമുണ്ടായിരുന്നു. വാക്സിനെടുക്കാത്തതിന്റെ പേരില്‍ ഓസ്ട്രേലിയന്‍ ഓപ്പണിലും യുഎസ് ഓപ്പണിലും അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ തയാറായില്ല. അതുപോലെ മോണ്ട്രിയൽ, സിന്‍സിനാറ്റി, ഇന്ത്യന്‍ വെല്‍സ്, മയാമി തുടങ്ങിയ ടൂര്‍ണമെന്റുകളില്‍നിന്നും വിട്ടുനിന്നു.
ഇപ്പോഴിതാ ഫ്രഞ്ച് ഓപ്പണില്‍ പങ്കെടുത്ത 128 പുരുഷ താരങ്ങളില്‍ 127 പേരും കൊവിഡ് വാക്സിനെടുത്തു. അതില്‍ ഒരാള്‍ മാത്രം വാക്സിന് എടുത്തിരുന്നിരുന്നില്ല. തനിക്ക് 100 ശതമാനം ഉറപ്പില്ലാത്ത ഒരു കാര്യവും ചെയ്യില്ല എന്നുറച്ചുവിശ്വസിക്കുന്ന ഒരാള്‍. ആ വിശ്വാസമാണ് അയാളെ ഇവിടെ വരെയെത്തിച്ചത്. അയാളുടെ പേരാണ് നൊവാക് ജോക്കോവിച്ച്. ഇച്ഛാശക്തിക്കും അര്‍പ്പണബോധത്തിനും ലോകം നല്കിയ പേര്, ജോക്കോ. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം.
ഇന്ന് ജോക്കോവിച്ച് ലോകം കണ്ട എക്കാലത്തെയും മികച്ച പുരുഷ ടെന്നീസ് താരമെന്ന ഖ്യാതിയിലെത്തിയിരിക്കുകയാണ്. സാംപ്രസിന്റെ മികവു കണ്ട ടെന്നീസ് പ്രേമികള്‍ അയാളെക്കാള്‍ മികച്ച ഒരു ടെന്നീസ് താരം ഉണ്ടാകില്ലെന്ന് വിലയിരുത്തി. എന്നാല്‍, ഫെഡറര്‍ എത്തിയപ്പോള്‍ ആ വിശ്വാസം തെറ്റായിരുന്നു എന്ന് മനസിലായി. ഫെഡറര്‍ക്കു മേല്‍ പറക്കാന്‍ മറ്റൊരാള്‍ വരില്ലെന്നു കരുതിയപ്പോഴാണ് കാളക്കൂറ്റന്റെ കരുത്തുമായി ഒരു ഇടംകൈയന്‍ അങ്ങ് സ്പെയിനില്‍നിന്ന് വരുന്നത്.
റാഫേല്‍ നദാല്‍. 22 ഗ്രാന്‍ഡ് സ്്ലാം കിരീടങ്ങളുമായി ഗ്രാന്‍ഡ് സ്്ലാം വേട്ടയില്‍ ഏറ്റവും മുന്നിലെത്തിയ നദാല്‍ പരുക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. നദാലിനൊപ്പം വളര്‍ന്ന മറ്റൊരാള്‍, നൊവാക് ജോക്കോവിച്ച്, ഗ്രാന്‍ഡ് സ്്ലാം കിരീടവേട്ടയില്‍ നദാലിനെയും പിന്തള്ളി ഇപ്പോള്‍ 23 കിരീടങ്ങളുമായി മുന്നിലെത്തിയിരിക്കുകയാണ്. നോര്‍വേ താരം കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് പുതുചരിത്രമെഴുതിയത്. നേരിട്ടു സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ വിജയം. ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം മോഹിച്ച് കലാശപ്പോരിനിറങ്ങിയ കാസ്പര്‍ റൂഡ് നിരാശയോടെ മടങ്ങി. സ്കോര്‍: 7-6, 6-3, 7-5.
ഓരോ കാലഘട്ടത്തിലുും ഓരോ പ്രതിഭാധനര്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഫെഡറര്‍, നദാല്‍, ജോക്കോ ത്രയങ്ങളുടെ കാലം ടെന്നീസ് പ്രേമികളുടെ മനസ് കുളിര്‍പ്പിച്ച കാലമായിരുന്നു. അതില്‍ ഫെഡറര്‍ വിരമിച്ചു കഴിഞ്ഞു. നദാല്‍ അടുത്ത വര്‍ഷത്തോടെ വിടപറയും. 36 കാരനായ ജോക്കോവിച്ച് ഒരു പക്ഷേ ഒന്നോ രണ്ടോ വര്‍ഷം കൂടി കളിച്ചേക്കാം. ഇവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഭൂരിഭാഗം പേരും പറയുന്ന ഉത്തരം നൊവാക് ജോക്കോവിച്ച് എന്നായിരിക്കും.
ഫെഡററും നദാലും ചേരുന്ന ശൈലിക്കുടമയാണ് ജോക്കോവിച്ച് എന്നു വേണമെങ്കില്‍ പറയാം. ഫെഡററുടെ സൗന്ദര്യവും നദാലിന്റെ ശക്തിയും ജോക്കോയുടെ കളിക്കുണ്ട്. ഇതോടെ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടീം) ചര്‍ച്ചയിലെ ആദ്യ പേരുകാരനായിരിക്കുകയാണ് ജോക്കോവിച്ച്. അങ്ങനെ പറയാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്.
നാല് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളാണുള്ളത്. ഇതില്‍ ഓരോ ഗ്രാന്‍ഡ്സ്ലാമുകളും ചുരുങ്ങിയത് മൂന്നു തവണയെങ്കിലും നേടിയ ഒരേയൊരു കളിക്കാരനാണ് ജോക്കോവിച്ച്. ഗ്രാസ് കോര്‍ട്ടും കളിമണ്കോര്ട്ടും ഹാര്‍ഡ് കോര്‍ട്ടും ഒരുപോലെ വഴങ്ങുന്ന താരമാണ് ജോക്കോ എന്നര്‍ഥം. ഫെഡറര്‍ക്ക് കളിമണ്കോര്ട്ടും നദാലിന് പുല്‍ക്കോര്‍ട്ടും അത്ര വഴക്കമുള്ളതായിരുന്നില്ല.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ 10 തവണയും ഫ്രഞ്ച് ഓപ്പണ്‍ മൂന്നു തവണയും വിംബിള്‍ഡണ്‍ ഏഴു തവണയും യുഎസ് ഓപ്പണ്‍ മൂന്നു തവണയും ജോക്കോ സ്വന്തമാക്കിയിട്ടുണ്ട്.
ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് കൂടുതല്‍ കാലം വിരാജിച്ച താരമെന്ന ഖ്യാതി ഇപ്പോള്‍ ജോക്കോയ്ക്കാണ്. 310 ആഴ്ചകളില്‍ ഒന്നാം സ്ഥാനത്തിരുന്ന ഫെഡററെ വളരെ നേരത്തെ തന്നെ പിന്തള്ളിയ ജോക്കോവിച്ച് ഈയാഴ്ചകൂടി കൂട്ടിയാല്‍ 388 ആഴ്ചകളിലാണ് ഒന്നാമതിരുന്നത്. നദാലിന് ഇത് 209 ആഴ്ചകളില്‍ മാത്രമാണ്.
ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ എടിപി പോയിന്റുകള്‍ സ്വന്തമാക്കിയ താരമാണ് ജോക്കോവിച്ച്. 2015ല്‍ 16,785 പോയിന്റുകളാണ് ജോക്കോവിച്ച് നേടിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍, മയാമി, ഇന്ത്യന്‍വെല്‍സ്, മയാമി, മോണ്ടികാര്‍ലോ, റഓം, വിംബിള്‍ണ്‍, യുഎസ് ഓപ്പണ്‍, ബെയ്ജിങ്, ഷാങ്ഹായി, പാരിസ് ബെര്‍സി, മാസ്റ്റേഴ്സ് കപ്പ് തുടങ്ങിയ കിരീടങ്ങളൊക്കെ 2015ല്‍ ജോക്കോയെ തേടിയെത്തി.
ഗ്രാന്‍ഡ് സ്ലാം കിരിടങ്ങള്‍ മാത്രമല്ല, ഒരു ടെന്നീസ് താരത്തിന്റെ മികവളക്കുന്ന മാനദണ്ഡങ്ങള്‍. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഒമ്പത് മാസ്റ്റേഴ്സ് 1000 ചാംപ്യന്‍ഷിപ്പുകളും നാം പരിശോധിക്കണം.ഇതിലും ജോക്കോ തന്നെ കേമന്‍. 38 മാസ്റ്റേഴ്സ് കിരീടങ്ങള്‍ ജോക്കോയുടെ പേരിലുണ്ട്. നദാല്‍ 36 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഫെഡറര്‍ക്ക് 28 കിരീടങ്ങള്‍ മാത്രമാണുള്ളത്.
ഒമ്പത് മാസ്റ്റേഴ്സ് കിരീടങ്ങളും നേടിയ ലോകത്തെ ഏക കളിക്കാരനാണ് ജോക്കോ. ഈ ഒമ്പതു കിരീടങ്ങളും മിനിമം രണ്ടു തവണയെങ്കിലും ജോക്കോ നേടിയിട്ടുണ്ട്. 2015ല്‍ ഈ ഒമ്പതു കിരിടങ്ങളില് ആറിലും കിരീടം നേടിയ താരമാണ് ജോക്കോ.
30 വയസ് കഴിഞ്ഞ ശേഷമാണ് ജോക്കോ 11 ഗ്രാന്‍ഡ് സ്്ലാം കിരീടങ്ങളും നേടുന്നത്. നദാലിന് 30 കഴിഞ്ഞ് ലഭിച്ചത് എട്ടും ഫെഡറര്‍ക്ക് കേവലം നാലുമാണ്.
എടിപി മാസ്റ്റേഴ്സില്‍ ആറു വട്ടം കിരീടം ചൂടിയ താരമാണ് ജോക്കോ. ഇക്കാര്യത്തില്‍ റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമാണ് ജോക്കോ. എടിപി മാസ്റ്റേഴ്സില്‍ റാഫയാകട്ടെ ഇതുവരെ ഒരു കിരീടവും നേടിയിട്ടുമില്ല.
ഇപ്പോള്‍ കളിക്കുന്നവരില്‍ കൂടുതല്‍ കിരീടം നേടിയ താരങ്ങളില്‍ ഒന്നാമനാണ് ജോക്കോ. ജോക്കോയ്ക്ക് 94ഉം റാഫയ്ക്ക് 92ഉം കിരീടങ്ങളുണ്ട്. ജിമ്മി കോണേഴ്സാണ് ഇക്കാര്യത്തില്‍ മുന്നില്‍, 109. ഫെഡറര്‍ക്ക് 103 കിരീടങ്ങളുണ്ട്.
59 മത്സരങ്ങളില്‍ നദാലും ജോക്കോവിച്ചും ഏറ്റുമുട്ടിയിട്ടുണ്ട് ഇതില്‍ 30 വിജയങ്ങള്‍ ജോക്കോവിച്ചിനും (ശരാശരി 51) 29 വിജയങ്ങള്‍ (ശരാശരി 49) നദാലിനുമാണ്.
ഫൈനലുകളില്‍ നദാലിനുമേല് കൂടുതല്‍ വിജയം നേടിയ താരം ജോക്കോവിച്ചാണ്, 15. അതേസമയം ഗ്രാന്‍ഡ്സ്്ലാം ഫൈനലുകളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയങ്ങള്‍ കൂടുതല്‍ നദാലിനാണ് 11ല്‍ നദാല്‍ ജയിച്ചപ്പോള്‍ ഏഴില്‍ വിജയം ജോക്കോവിച്ചിനൊപ്പം നിന്നു. ഇരുവരും അവസാനം ഏറ്റുമുട്ടിയത് 2022 ഫ്രഞ്ച് ഓപ്പണിലായിരുന്നു. അന്ന് നദാലിനായിരുന്നു വിജയം.
നദാല്‍ 34 ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ കളിച്ചു. 12 എണ്ണത്തില്‍ റണ്ണറപ്പായി. ജോക്കോവിച്ച് 34 ഗ്രാന്‍ഡ്സ്്ലാം ഫൈനലുകളില്‍ കളിച്ചു. 11 തവണ റണ്ണറപ്പായി.
1268 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ജോക്കോവിച്ച് 1058ലും വിജയിച്ചു. വിജയശതമാനം 83.43.1288 മത്സരങ്ങള്‍ കളിച്ചിട്ടുള്ള നദാല്‍ ജയിച്ചത് 1068 മത്സരങ്ങളില്‍. വിജയശതമാനം 82.9
ജോക്കോവിച്ചും ഫെഡററും തതമ്മില്‍ 50 തവണ ഏറ്റുമുട്ടിയിട്ടുണട്്. അതില്‍ 27 തവണ ജോക്കോവിച്ചും 23 തവണ ഫെഡററും ജയിച്ചു.
ഫെഡറര്‍ക്ക് 20 ഗ്രാന്‍ഡ്സ്്ലാം കിരീടങ്ങള്‍. നാലാമതുള്ള അമെരിക്കയുടെ പീറ്റ് സാംപ്രസിനുള്ള ഗ്രാന്‍ഡ് സ്ലാമുകള്‍ 14 ആണ്.
നൊവാക് ജോക്കോവിച്ച്
ലോക റാങ്കിങ്ങിൽ ഒന്നാമത്
94 കിരീടങ്ങള്‍
23 ഗ്രാന്‍ഡ് സ്ലാമുകള്‍
6 എടിപി കിരീടങ്ങള്‍
38 മാസ്റ്റേഴ്സ് കിരീടങ്ങള്‍
388 ആഴ്ചകളില്‍ ഒന്നാം നമ്പര്‍
ഓരോഗ്രാന്ഡ് സ്ലാമും കുറഞ്ഞത് മൂന്നു തവണയെങ്കിലും സ്വന്തമാക്കിയ ഏക താരം
ലോക ഒന്നാം നമ്പര്‍ പദവിയിലെത്തുന്നത് ഇത് ഏഴാം തവണ
ഓസ്ട്രേലിയന്‍ ഓപ്പണ്‍ -10
2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021, 2023
ഫ്രഞ്ച് ഓപ്പണ്‍ -3
2016, 2021, 2023
വിംബിള്‍ഡണ്‍ 7
2011, 2014 2015, 2018, 2019, 2021, 2022
യുഎസ് ഓപ്പണ്‍ 3
2011, 2015, 2018