എം.എസ്. ധോണിയുടെ കരിയറിലെ തീരുമാനങ്ങൾ ആരാധകരെ മാത്രമല്ല, സഹതാരങ്ങളെപ്പോലും ഞെട്ടിക്കുന്ന തരത്തിൽ അപ്രതീക്ഷിതമാകുന്നതാണ് പതിവ്. ധോണി അപ്രതീക്ഷിതമായി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിരമിക്കൽ പ്രഖ്യാപിച്ച സുരേഷ് റെയ്ന സ്വന്തം കരിയർ തന്നെ നശിപ്പിച്ചതു നമ്മൾ കണ്ടതാണ്.
കഴിഞ്ഞ രണ്ടോ മൂന്നോ സീസണായി ഉയരുന്ന ചോദ്യമാണ്, ഇതു ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കുമോ എന്നത്. എന്നാൽ, കഴിഞ്ഞ സീസണിൽ ടീമിനെ ഒരിക്കൽക്കൂടി കിരീടനേട്ടത്തിലേക്കു നയിച്ച ധോണി, ആരാധകരുടെ താത്പര്യം മാനിച്ച് തുടർന്നു കളിക്കുമെന്ന സൂചന അന്നു തന്നെ നൽകിയിരുന്നു. ഇക്കുറി അത്തരം പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഏതായാലും പതിവു പോലെ സർപ്രൈസായി വയ്ക്കാൻ സാധിക്കുന്നതല്ല ഐപിഎൽ പങ്കാളിത്തം. കാരണം, ഇനി വരാനിരിക്കുന്നത് മെഗാ താരലേലമാണ്.
ധോണി അടുത്ത സീസണിൽ കളിക്കുന്നില്ലെങ്കിൽ, അക്കാര്യം മുൻകൂട്ടി അറിയിച്ചാൽ മാത്രമേ ചെന്നൈ സൂപ്പർ കിങ്സിന് അദ്ദേഹത്തെ റിലീസ് ചെയ്ത്, ആനുപാതികമായ തുക ലേലത്തിൽ ഉപയോഗിക്കാനും പകരക്കാരെ വിളിച്ചെടുക്കാനും സാധിക്കൂ. അതിനാൽ രണ്ടു മാസത്തിനുള്ളിൽ ധോണിയുടെ അന്തിമ തീരുമാനം വ്യക്തമാകേണ്ടതുണ്ട്.
42 വയസായ ധോണി ഈ സീസണിൽ ചെന്നൈയുടെ എല്ലാ മത്സരങ്ങളിലും പങ്കെടുത്തു. ബാറ്റിങ് ഓർഡറിൽ ലോവർ മിഡിൽ ഓർഡറിലായെങ്കിലും ഫീൽഡിങ് സമയം മുഴുവൻ വിക്കറ്റിനു പിന്നിൽ തന്നെയുണ്ടായിരുന്നു. പഴയ ഐതിഹാസികമായ ഫിനിഷ് മികവിന്‍റെ മിന്നലാട്ടങ്ങൾ പലവട്ടം പുറത്തെടുക്കുകയും ചെയ്തു.