Australia vs New Zealand
Australia vs New Zealand

ത്രില്ലർ പോരാട്ടത്തിൽ കിവീസിനെ തകർത്ത് ഓസിസ്; സെമി പ്രതീക്ഷകള്‍ സജീവമാക്കി ഓസ്‌ട്രേലിയ

അവസാന ഓവറുകളിൽ ജെയിംസ് നീഷാം പൊരുതി നോക്കിയെങ്കിലും ഓസിസ് ന്യൂസീലന്‍ഡിനെ വിരിഞ്ഞു മുറുക്കുകയായിരുന്നു
Published on

ധരംശാല: ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയക്ക് അഞ്ചു റണ്‍സിൻ്റെ ജയം. 389 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 383 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. രചിന് രവീന്ദ്രയുടെ(116) സെഞ്ചുറി വെറുതെയായി. അവസാന ഓവറുകളിൽ ജെയിംസ് നീഷാം പൊരുതി നോക്കിയെങ്കിലും ഓസിസ് ന്യൂസീലന്‍ഡിനെ വിരിഞ്ഞു മുറുക്കുകയായിരുന്നു. നാലാം ജയത്തോടെ ഓസീസ് സെമി പ്രതീക്ഷകള്‍ സജീവമാക്കി.

89 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറുമടക്കം 116 റണ്‍സെടുത്ത രചിന് രവീന്ദ്രയാണ് ന്യൂസീലന്‍ഡിൻ്റെ ടോപ് സ്‌കോറർ. 2 പന്തിൽ 7 റൺസ് വിജയ ലക്ഷ്യം ഉള്ളപ്പോഴാണ് നിഷാം റണ്ണൗട്ട് ആവുന്നത്. 39 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 58 റണ്‍സെടുത്ത നീഷാം വിജയ പ്രതീക്ഷ നൽകിയിരുന്നു.

ഓപ്പണർമാരായ ഡെവോണ്‍ കോണ്‍വെയും വില്‍ യങ്ങും ചേര്‍ന്ന് 61 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും കോണ്‍വെ(28)യും വില്‍ യങി(32)നെയും ഹെയ്‌സല്‍വുഡ് പുറത്താക്കിയതോടെ മൂന്നാം വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേർന്ന് കിവീസിൻ്റെ സ്കോർ ബോർഡിൻ്റെ വേഗത കൂട്ടി. ഇടവേളകളില്ലാതെ ബൗണ്ടറികൾ പായിച്ച ഇരുവരും ചേർന്ന് 96 റണ്‍സ് പർണർഷിപ്പ് പടുത്തുയർത്തി. 24 ഓവറിൽ 51 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 54 റണ്‍സുമായി മിച്ചല്‍ മടങ്ങി. മറുവശത്ത് രചിൻ ഓസിസ് ബൗളർമാർ എറിഞ്ഞ പന്തുകൾ തലങ്ങും വിലങ്ങും പായിച്ചു. 116ൽ കമ്മിൻസിൻ്റെ പന്തിൽ രവീന്ദ്ര പുറത്തായതോടെ കിവീസ് ചെറുതായൊന്നു പരുങ്ങുന്ന കാഴ്ചയാണ് കാണാനിടയായത്. അവസാന ഓവറുകളിൽ ബൗൾട്ടും, നിഷാമും പൊരുതിയെങ്കിലും വിജയം ഓസിസിനൊപ്പമായിരുന്നു.

പിന്നീട് എത്തിയ ടോം ലഥാം(21), ഗ്ലെൻ ഫിലിപ്സ്(12), മിച്ചൽ സാന്‍റ്നെർ (17), മറ്റ് ഹെൻറി (9), എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ട്രെൻഡ് ബൗൾട്ട്(10), ലോക്കീ ഫെർഗൂസൺ(0) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകൾ. ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റുമായി തിളങ്ങി. ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതമെടുത്തു.

ആദ്യ ബാറ്റിംഗിൽ ട്രേവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) എന്നിവരുടെ പ്രകടനം ഓസ്‌ട്രേലിയയ്ക്ക് നിർണായകമായി. 49.2 ഓവറില്‍ 388 റൺസിന് എല്ലാവരും പുറത്തായി. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ ഗ്ലെന്‍ മാക്‌സ്‌വെല്‍ (24 പന്തില്‍ 41), ജോഷ് ഇന്‍ഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന്‍ (14 പന്തില്‍ 37) എന്നിവരും ഓസ്‌ട്രേലിയയ്ക്ക് മികച്ച ഇന്നിങ്‌സ് കാഴ്‌ചവച്ചു. മിച്ചല്‍ മാര്‍ഷ് (51 36) സ്റ്റീവന്‍ സ്മിത്ത് (18), മര്‍നസ് ലബുഷെയ്ന്‍ (18) മിച്ചല്‍ സ്റ്റാര്‍ക്ക് (1), ആഡം സാംപ (0) ജോഷ് ഹേസല്‍വുഡ് (0) എന്നിങ്ങനെയാണ് മറ്റ് സ്കോറുകൾ. ന്യൂസിലന്‍ഡിന് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സ്, ട്രന്റ് ബോള്‍ട്ട് മൂന്നും മിച്ചല്‍ സാന്‍റ്നര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഓസ്ട്രേലിയ ഇന്ന് ഇറങ്ങിയത്. കാമറൂൺ ഗ്രീനിനെ ഒഴിവാക്കി ട്രാവിസ് ഹെഡ് ടീമിൽ ഇടംപിടിച്ചു. ന്യൂ സിലൻഡിൽ മാർക്ക് ചാപ്മാനിനെ ഒഴിവാക്കി ജിമ്മി നിഷാമിനെ ടീമിൽ ഉൾപ്പെടുത്തി.

വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ്ഡിനെ ഓപ്പണിങിന് ഇറക്കിയ ഓസ്‌ട്രേലിയൻ തന്ത്രം ടീമിന് ഗുണകരമായി. ഇരുവരും ചേർന്ന് 9ാം ഓവറില്‍ സ്കോർ 100 കടത്തി. മികച്ച പ്രകടനങ്ങളോടെ കുതിച്ച പാർട്ട്ണർഷിപ്പ് 20ാം ഓവറിലാണ് തകർന്നത്. 6 സിക്‌സറും 5 ഫോറും ഉൾപ്പടെ 65 പന്തുകളിൽ 81 റൺസുകളുമായി വാർണർ പുറത്തായി.

ട്രാവിസ് ഹെഡാവട്ടെ 7 സിക്‌സറും 10 ഫോറുമടക്കം 67 പന്തിൽ 109 റൺസുമായി നിൽക്കെ ഫിലിപ്‌സിൻ്റെ പന്തിൽ പുറത്താവുകയായിരുന്നു.