#സി.കെ. രാജേഷ് കുമാർ
കൊച്ചി: ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങൾക്ക് ഇന്ന് ഗുജറാത്ത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കം. 12 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ആതിഥ്യമരുളുന്ന മത്സരങ്ങൾ നവംബര്‍ 19ന് അവസാനിക്കും. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ന്യൂസിലന്‍ഡിനെ ഇന്നു നേരിടും.
ലോക കപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ബിസിസിഐയും അറിയിച്ചു. വിവിധ ലോക രാജ്യങ്ങള്‍ ചുറ്റി ലോകകപ്പ് ട്രോഫി ടൂര്‍ അഹമ്മദാബാദിലെത്തി. ഏകദിന ലോകകപ്പില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ക്യാപ്റ്റന്‍സ് ഡേ ആഘോഷമാക്കി നായകര്‍. ലോകകപ്പില്‍ പങ്കെടുക്കുന്ന 10 ടീമുകളുടെയും ക്യാപ്റ്റന്മാര് അഹമ്മദാബാദില്‍ ഫോട്ടൊ ഷൂട്ടിനായി ഒത്തുചേര്‍ന്നു.
ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്ച കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരേയാണ്. ചെന്നൈയിലാണ് പോരാട്ടം. ഈ മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നു.
ഇന്ത്യന്‍ ടീം ഇത്തവണ ലോകകപ്പ് നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2011ല്‍ ഇന്ത്യ ആതിഥ്യമരുളിയ ലോകകപ്പില്‍ ഇന്ത്യയ്ക്കായിരുന്നു കിരീടം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ അവസാന ലോകകപ്പ് കൂടിയായിരുന്നു ഇത്. വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും അവസാന ലോകകപ്പായാണ് ഇത്തവണത്തെ മത്സരം വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യ ലോകകിരീടം ഉയര്‍ത്താനുള്ള എല്ലാ ശ്രമവും നടത്തും.