അഹമ്മദാബാദിൽ നിന്ന് സി.കെ. രാജേഷ്‌കുമാര്‍
സുന്ദരമായ ഒരു സ്വപ്നത്തിനു പിറകേ അതിവേഗത്തില്‍ ഓടിയെത്തിയപ്പോള്‍ അതൊരു ആന്‍റി ക്ലൈമാക്സാകുമെന്ന് ഇന്ത്യന്‍ ടീം ഒരിക്കലും വിചാരിച്ചില്ല. ഓസ്ട്രേലിയന്‍ പ്രഫഷണലിസത്തിനു മുന്നില്‍ ഇന്ത്യ ആറ് വിക്കറ്റിന് വീണുടഞ്ഞു. 2011നു ശേഷം ലോക കിരീടമെടുക്കാന്‍ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഒരു ടീമിന്‍റെ കണ്ണീര്‍ വീണ സബര്‍മതിക്കരയുടെ വിതുമ്പല്‍ ഇനിയും അവസാനിച്ചിട്ടില്ല. ഞായറാഴ്ച രാത്രിയില്‍ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ടത് വിശ്വസിക്കാനാവാതെ നില്‍ക്കുന്ന ഇന്ത്യന്‍ ടീമംഗങ്ങളെയാണ് കണ്ടത്.
മുന്നില്‍ നിന്നു പടനയിച്ച രോഹിത് ശര്‍മ കണ്ണീരടക്കാന്‍ പാടുപെടുന്നതു കാണുന്ന ഏതൊരു ക്രിക്കറ്റ് പ്രണയിയുടെയും ഉള്ളൊന്നുലയും. വിജയ റണ്‍ വഴങ്ങിയ മുഹമ്മദ് സിറാജ് നിലവിട്ട് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. അപ്പോള്‍ ജസ്പ്രീത് ബുംമ്ര സിറാജിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. വിരാട് കോലി മുഖം പൊത്തി പതിയെ നടന്നു. കെ.എല്‍. രാഹുല്‍ കളത്തില്‍ കാല്‍മുട്ടില്‍ ഇരുന്നു. മുഹമ്മദ് ഷമി ഏകനായി തിരിച്ചുനടന്നു. കോച്ച് രാഹുല്‍ ദ്രാവിഡ് ആരോടും ഒന്നും സംസാരിക്കാതെ നിന്നു.
വല്ലാത്ത ശൂന്യത കളിക്കാരെ പൊതിഞ്ഞു. ആറാഴ്ചക്കാലം അവരെ നയിച്ച ആവേശം വിട്ടുപോകുന്ന ഈ അവസരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുകാലത്ത് ഒറ്റയ്ക്ക് തോളിലേറ്റിയ സാക്ഷാല്‍ സച്ചിന്‍ ടെൻഡുല്‍ക്കര്‍ മൈതാനത്തെത്തി. കോലിയെയും രോഹിതിനെയും ജഡേജയയെയുമൊക്കെ ആശ്വസിപ്പിക്കുന്നതു കാണുന്ന ഇന്ത്യയിലെ സാധാരണ ജനസാമാന്യത്തിന്‍റെ മുഖത്തെ വികാരം നാം ചിന്തിക്കുന്നതിനുമപ്പുറമായിരുന്നിരിക്കും.
ഇത്രയും ആധികാരികമായി കളിച്ച ടീം ഫൈനലില്‍ ഓസ്ട്രേലിയയോട് ഈ രീതിയില്‍ തോറ്റതിന്‍റെ ഞെട്ടല്‍ മാറാന്‍ ഇനിയും ഒരുപാട് സമയമെടുക്കും. ഓരോ പന്തിനും കൈയടിച്ചിരുന്ന കാണികള്‍ ഫൈനല്‍ മത്സരത്തിന്‍റെ അവസാന പന്ത് എറിയുന്നതു കാണാനാകാതെ മുഖം മറച്ചു. പലരും അപ്പോഴേക്കും മൈതാനം വിട്ടുകഴിഞ്ഞിരുന്നു. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലാത്ത ഒരു നിര വലിയ വേദനയോടെ മുഖം താഴ്ത്തി നടന്നു.
വൈകാരികതയ്ക്കപ്പുറം
ഇത്തരത്തിലുള്ള വൈകാരിതകള്‍ക്കപ്പുറം, ഇന്ത്യയുടെ തോല്‍വിയില്‍ യഥാര്‍ഥ വിശകലനം നടത്തേണ്ടതുണ്ട്. എന്തുകൊണ്ട് നമ്മള്‍ ഫൈനലില്‍ തോറ്റു എന്ന ലളിതമായ ചോദ്യത്തിനുള്ള ഉത്തരം അത്ര ലളിതമല്ല. കഴിഞ്ഞ ലോകകപ്പിനു ശേഷം 50ലേറെ താരങ്ങളെ പരീക്ഷിച്ച് മികച്ച ഒരു ടീമായിത്തന്നെയാണ് ലോകപ്പിന് ടീം ഇന്ത്യ അണിനിരന്നത്. വ്യക്തമായ പ്ലാനുമണ്ടായിരുന്നു. എന്നാല്‍, ഫൈനലിൽ ഉടനീളം രോഹിതിന്‍റെ തീരുമാനങ്ങള്‍ പിഴയ്ക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ ഒരു പ്ലാന്‍ ബി ടീമിനില്ലാതെ പോയി. കൃത്യം നാല് സ്ഥിരം ബൗളര്‍മാരും ജഡേജയുമടങ്ങുന്ന ടീമിന് പാകപ്പിഴ സംഭവിച്ചാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് ടീം മാനേജ്മെന്‍റിന് ഉത്തരമില്ലായിരുന്നു.
അതുപോലെ രോഹിത് ഫൈനലിനു മുമ്പുവരെ കാണിച്ച ചടുലതയും വേഗത്തില്‍ റണ്‍സ് കണ്ടെത്തലും പിച്ചിന്‍റെ സ്വഭാവമനുസരിച്ച് ക്രമീകരിക്കാനാവാത്തത് വിമര്‍ശിക്കപ്പെടേണ്ടതുതന്നെ. ഒരു വിക്കറ്റ് വീണിരിക്കേ, രോഹിത് ഒരിക്കലും കളിക്കാന്‍ പാടില്ലാത്ത ഷോട്ടിലൂടെയാണ് മാക്സ് വെല്ലിനു വിക്കറ്റ് നല്‍കി മടങ്ങിയത്. സൂര്യകുമാര്‍ യാദവെന്ന ടി20 സ്പെഷലിസ്റ്റ് ലോകകപ്പിലെ ഏറ്റവും വലിയ പരാജയമായി. ഒരേ രീതിയിലുള്ള മൂന്ന് പന്തുകളെറിഞ്ഞിട്ടും അതു മനസിലാക്കാനുള്ള ശ്രമം സ്കൈയുടെ ഭാഗത്തുനിന്നുണ്ടായില്ല. രോഹിത് പോയതിനു ശേഷം പോസിറ്റീവ് സമീപനം കെ.എല്‍. രാഹുലില്‍നിന്നോ എന്തിന് കോലിയില്‍നിന്നു പോലുമുണ്ടായില്ല എന്നു പറയേണ്ടിവരും.
ഈ ഘട്ടത്തില്‍ ഓസീസിന്‍റെ കാര്യമെടുക്കുക. മൂന്ന് വിക്കറ്റ് വീണിട്ടും ട്രാവിസ് ഹെഡ്ഡും ലാബുഷെയ്നും എത്ര മനോഹരമായ കളിയാണ് കാഴ്ചവച്ചത്. ആദ്യം ബാറ്റിങ്ങില്‍ തോറ്റു, പിന്നീട് ബൗളിങ്ങിലും ഫീൽഡിങ്ങിലും തോറ്റു എന്നതായി ഇന്ത്യയുടെ അവസ്ഥ. മുഹമ്മദ് ഷമി വിക്കറ്റ് നേടിയിട്ടും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയിയില്ല. വൈഡുകളും യഥേഷ്ടം പോയി. കെ.എല്‍. രാഹുലിന്‍റെ കീപ്പിങ് ഗ്ലൗസ് നിരന്തരം ചോര്‍ന്നു.
ടോസ് ഒരു ഘടകമായിരുന്നു. എന്നാല്‍ ടോസ് കിട്ടിയാല്‍ രോഹിതിന്‍റെ തീരുമാനം ബാറ്റിങ് തെരഞ്ഞെടുക്കാനായിരുന്നു. അപ്പോള്‍ ടോസ് നഷ്ടം പദ്ധതികളെ ബാധിച്ചില്ല. പക്ഷേ, ആസൂത്രണത്തില്‍ പാളി. അനായാസം ബാറ്റ് ചെയ്യാവുന്ന പിച്ചായിരുന്നില്ല അഹമ്മദാബാദിലേത്. രോഹിതിന്‍റെ തുടക്കം എന്നത്തെയും പോലെ മികച്ചതായി. മധ്യനിരയ്ക്ക് മികച്ച അടിത്തറ ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍ നല്‍കി. 10 ഓവറില്‍ 80ലധികം റണ്‍സ് നേടി. പക്ഷേ, മധ്യനിര തീര്‍ത്തും മങ്ങി.
പത്തോവറിനുശേഷമുള്ള 180 പന്തുകളില്‍ ഒമ്പത് ഫോര്‍ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. രാഹുലിന്‍റെ മെല്ലെപ്പോക്ക് സ്കോറിങ്ങിനെ കാര്യമായി ബാധിച്ചു. ഒരറ്റത്ത് കോലി വേഗത്തില്‍ റണ്ണടിക്കുമ്പോഴും രാഹുല്‍ സ്ട്രൈക്ക് പോലും കൈമാറാനാകാതെ വിഷമിക്കുകയായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ ദുര്‍ബലമായ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയും ചെയ്തു. വൈകുന്നേരം മുതല്‍ ബാറ്റിങ് അനുകൂലമായേക്കാവുന്ന പിച്ചില്‍ വലിയ സ്കോര്‍ അത്യാവശ്യമാണെന്ന ബോധ്യം രാഹുലിനുണ്ടായില്ല. റണ്ണുയര്‍ത്താനുള്ള ശ്രമങ്ങളേ നടത്തിയില്ല ഈ വലംകൈയന്‍ ബാറ്റര്‍. ഒരു ഫോറായിരുന്നു ഇന്നിങ്സില്‍.
സ്ഥാനക്കയറ്റം കിട്ടിയെത്തിയ രവീന്ദ്ര ജഡേജയും ഫൈനലിലെ ഉത്തരവാദിത്തം മറന്നു. ജഡേജയെ നേരത്തെ ഇറക്കാനുള്ള തീരുമാനം രോഹിതിന്‍റെ ഭാഗത്ത് നിന്ന് ആലോചിച്ചാൽ ശരിയാണ്. കാരണം, സൂര്യയെപ്പോലൊരു ടി-20 സ്പെഷലിസ്റ്റ് അവസാനം ആളിക്കത്തുമെന്നു പ്രതീക്ഷിച്ചു. എന്നാൽ, ഏകദിന ക്രിക്കറ്റിന്‍റെ സ്വഭാവം ഇനിയും പിടികിട്ടാത്തയാളായി സൂര്യ തരം താഴ്ന്നു.
ലോകകപ്പിന് മുമ്പുള്ള പദ്ധതികളില്‍ വാലറ്റത്തിന്‍റെ പ്രസക്തി തിരിച്ചറിഞ്ഞാണ് ശാർദൂൽ ഠാക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഹാർദിക് പാണ്ഡ്യക്കു പരുക്കേറ്റതോടെ ടീം ഘടനയിൽ മാറ്റം വരുത്തേണ്ടി വന്നു. ഇങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് മുൻപ് ആലോചിച്ചിട്ടുമില്ല. ആലോചിച്ചാലും, ടീമിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ളൊരു വേൾഡ് ക്ലാസ് ഓൾറൗണ്ടർ രാജ്യത്തില്ലതാനും. പക്ഷേ ബാറ്റിങ് നിര ഒന്നിച്ച് ക്ലിക്ക് ചെയ്ത നിന്ന സമയത്ത് ആദ്യ ഏഴ് പേരുണ്ടല്ലോ എന്ന ചിന്തയില്‍ വാലറ്റത്തെ മറന്നു. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സും മിച്ചെല്‍ സ്റ്റാര്‍ക്കും ബാറ്റ് കൊണ്ടും സംഭാവന ചെയ്യുമ്പോള്‍ ഷമി, ബുമ്ര, കുല്‍ദീപ്, സിറാജ് എന്നിവര്‍ക്ക് ചെറുത്തുനില്‍ക്കാനുള്ള സാങ്കേതികജ്ഞാനം പോലുമുണ്ടാകുന്നില്ല. ഫൈനലില്‍ സംഭവിച്ചതുംഅതുതന്നെ.
വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം ഫൈനലില്‍ കലമുടച്ച ടീം എന്ന ദുഷ്പേരാകും രോഹിതിനും സംഘത്തിനുമുണ്ടാവുക.
ഓരോരുത്തരെയായി നോക്കിയാൽ, 2011ലെ കിരീടം നേടിയ ടീമിനെക്കാള്‍ ആധികാരികമായിരുന്നു ഈ സംഘം. ലോകകപ്പ് കിട്ടുമെന്ന് ഉറപ്പായും പ്രതീക്ഷ നല്‍കിയ ടീം. എന്നാൽ, ടീമെന്ന നിലയിൽ ബാലൻസ് ഇല്ലാതെ പോയി. ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളർമാരില്ലാത്ത ടീം. പന്തെറിയാൻ കഴിയുന്ന ബാറ്റർമാർ ഏറെയുള്ള ടീമായിരുന്നു 2011ലേത്.
ഐസിസി ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ ആറ് ഇന്ത്യക്കാർ അതിൽ ഇടം പിടിച്ചിട്ടുണ്ട്. ചാംപ്യൻമാരായ ഓസ്ട്രേലിയയിൽനിന്ന് രണ്ടു പേർ മാത്രം. അതാണ് പ്രതിഭകളുടെ ഒരു സംഘവും, പ്രതിഭാസമായ ഒരു ടീമും തമ്മിലുള്ള വ്യത്യാസം.