ഓവല്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കെതിരേ ഓസ്ട്രേലിയ പിടിമുറുക്കുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 469 റണ്സിനനു മറുപടിക്കിറങ്ങിയ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടതത്തില്‍ 112 റണ്‍സെന്ന നിലയിലല്‍ പതറുകയാണ്. ഇന്ത്യ ഇപ്പോഴും 357 റണ്‍സിനു പിന്നിലാണ്. 15 റണ്‍സെടുത്ത രോഹിത് ശര്‍മയും 13 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലും 14 റണ്‍സ് വീതമെടുത്ത ചേതേശ്വര്‍ പൂജാരയും വിരാട് കോലിയുമാണ് പുറത്തായത്. അജിങ്ക്യ രഹാനയും രവീന്ദ്ര ജഡേജയുമാണ് ക്രിസീല്‍.ഓസീസ് സ്കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ ആദ്യ മൂന്നോവറില്‍ 22 റണ്‍സടിച്ച് നല്ല തുടക്കമാണിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. കമിന്‍സിനെ ഗില്ലും പിന്നാലെ സ്റ്റാര്‍ക്കിനെ വീണ്ടും രോഹിത്തും ബൗണ്ടറി കടത്തിയതോടെ ഇന്ത്യ ആവേശത്തിലായി. എന്നാല്‍ ആവേശത്തിന് അധികം ആയുസുണ്ടായില്ല. ആറാം ഓവറില്‍ ഗില്‍ കമിന്‍സിനെ ബൗണ്ടറി കടത്തിയതിന് പിന്നാലെ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അടുത്ത ഓവറില്‍ സ്കോട് ബോളന്‍ഡിന്റെ ഓഫ് സ്റ്റംപിലെത്തിയ പന്ത് ലീവ് ചെയ്ത ശുഭ്മാന്‍ ഗില്ലിന് പിഴച്ചു. അകത്തേക്ക് തിരിഞ്ഞ പന്തില്‍ ഗില്ലിന്റെ മിഡില്‍ സ്റ്റംപിളകി.
നാലാം നമ്പറിലെത്തിയ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 37ല്‍ എത്തിച്ച് ചായയ്ക്ക് പിരിഞ്ഞു. എന്നാല്‍, ചായയ്ക്കു ശേഷം ഇരുവരും പുറത്തായി. പൂജാര കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ കോലിയെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് പിടിച്ചു പുറത്താക്കി.
നേരത്തെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 469 റണ്‍സിന് പുറത്തായിരുന്നു. ട്രാവിസ് ഹെഡിനു പിന്നാലെ സ്റ്റീവ് സ്മിത്തും സെഞ്ചുറി നേടി. 327 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിന് 142 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ആദ്യ ദിനം ദയനീയ പ്രകടനമായിരുുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ എങ്കിലും രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ കളം വാണു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന നിലയില്‍ പ്രതിരോധിച്ചു നിന്ന ഓസീസിനെ അലക്സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന് 450 കടത്തിയെങ്കിലും ക്യാരിയെ ജഡേജയും കമിന്‍സിനെയും ലിയോണിനെയും സിറാജും വീഴ്ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്. രണ്ടാം ദിനത്തിൽ മുഹമ്മ് സിറാജിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ ഷാര്‍ദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
327 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് ഇന്നിങ്സ് പുനരാരംഭിച്ചു. മുഹമ്മദ് സിറാജ് ചെയ്ത രണ്ടാം ദിനത്തിലെ ആദ്യ ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകള്‍ ബൗണ്ടറിയിലേക്ക് പായിച്ച് സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടി. താരത്തിന്റെ 31-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇംഗ്ലീഷ് മണ്ണില്‍ സ്മിത്തിന്റെ അവസാന ഒമ്പത് ഇന്നിങ്സുകളിലെ പ്രകടനം 143, 144, 142, 92, 211, 82, 80, 23, 121 എന്നിങ്ങനെയാണ്. സ്റ്റീവ് വോയ്ക്കും സ്റ്റീവ് സ്മിത്തിനും ഇംഗ്ലീഷ് മണ്ണില്‍ ഏഴു സെഞ്ചുറി വീതമുണ്ട്. 11 സെഞ്ചുറിയുള്ള സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് മുന്നില്‍. 229 പന്തുകളില്‍നിന്നായിരുന്നു സ്മിത്തിന്റെ സെഞ്ചുറി.
പിന്നാലെ ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് 150 റണ്‍സിലെത്തി.ഹെഡും സ്മിത്തും അനായാസം ബാറ്റിങ് തുടര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 350 കടത്തി. എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. അപകടകരമായി ബാറ്റിങ് നടത്തിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് സിറാജ് ഓസീസിന് തിരിച്ചടി നല്‍കിയത്. സിറാജിന്റെ ഷോര്‍ട്ട് ബോളില്‍ ഷോട്ടിന് ശ്രമിച്ച ഹെഡിന്റെ ഗ്ലൗവില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് പിടിച്ചെടുത്തു. 174 പന്തുകളില്‍ നിന്ന് 25 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 163 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. സ്മിത്തിനൊപ്പം നാലാം വിക്കറ്റില്‍ 285 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിന് സാധിച്ചു.
പിന്നാലെ വന്ന കാമറൂണ്‍ ഗ്രീന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി തുടങ്ങിയെങ്കിലും താരത്തിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ആറുറണ്‍സെടുത്ത ഗ്രീനിനെ മുഹമ്മദ് ഷമി ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു.പിന്നാലെയെത്തിയ ക്യാരിയെ കൂട്ടുപിടിച്ച് സ്കോര്‍ ഉയര്‍ത്തുന്നതിനിടെ സ്മിത്തും വീണു. 268 പന്തുകളില്‍ നിന്ന് 121 റണ്‍സെടുത്ത സ്മിത്തിനെ ശാര്‍ദൂല്‍ ഠാക്കൂര്‍ ബൗള്‍ഡാക്കി. സ്മിത്തിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് പിഴുതു. 19 ബൗണ്ടറിയാണ് സ്മിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതോടെ ഓസീസ് 387 ന് ആറുവിക്കറ്റ് എന്ന നിലയിലായി. സ്മിത്തിന് പകരമെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല.
അനാവശ്യ റണ്ണിന് ശ്രമിച്ച താരത്തെ പകരക്കാരന് അക്ഷര്‍ പട്ടേല്‍ തകര്‍പ്പന്‍ ത്രോയിലൂടെ റണ്‍ ഔട്ടാക്കി. അഞ്ചുറണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ക്യാരി പതറാതെ പിടിച്ചുനിന്നു. ഒടുവില്‍ ക്യാരിയും വീണു. 48 റണ്‍സെടുത്ത താരത്തെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വന്ന നഥാന്‍ ലിയോണിനും (9), നായകന് പാറ്റ് കമ്മിന്‍സിനും (9) പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ ഓസീസ് ഇന്നിങ്സ് അവസാനിച്ചു. സ്കോട് ബോളണ്ട് ഒരു റണ്ണുമായി പുറത്താവാതെ നിന്നു.