ന്യൂഡൽഹി: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഏതെങ്കിലും കാരണവശാൽ രോഹിത് ശർമയ്ക്ക് കളിക്കാനാവാതെ വന്നാൽ പകരം വിരാട് കോഹ്ലി ടീമിനെ നയിക്കണമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. ഇംഗ്ലണ്ട് പര്യടനത്തിലെ മാറ്റിവച്ച അവസാന ടെസ്റ്റിൽ രോഹിത് ഇല്ലാതിരുന്നപ്പോൾ ടീമിനെ നയിക്കാൻ കോഹ്ലിയെയാണ് ടീം മാനെജ്മെന്റ് നിയോഗിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
""ഇത്രയും സുപ്രധാനമായൊരു മത്സരത്തിൽ രോഹിത് ഉണ്ടാകണമെന്നു തന്നെയാണ്. പക്ഷേ, അവിചാരിതമായ ഏതെങ്കിലും സാഹചര്യത്തിൽ സാധിക്കാതെ വന്നാൽ വിരാടിനെ തന്നെ പരിഗണിക്കണം,'' ഇഎസ്പിഎൻക്രിക്ക്ഇൻഫോയുടെ ചോദ്യത്തിനു മറുപടിയായി ശാസ്ത്രി പറഞ്ഞു.
ഇന്ത്യയുടെ 2021ലെ ഇംഗ്ലണ്ട് പര്യടനത്തിൽ കോഹ്ലി ആയിരുന്നു ക്യാപ്റ്റൻ. അഞ്ച് മത്സര പരമ്പരയിലെ നാലു മത്സരങ്ങൾ പിന്നിട്ട് ഇന്ത്യ 2-1ന് ലീഡ് ചെയ്യുമ്പോൾ അഞ്ചാം മത്സരം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ രോഹിത് ടെസ്റ്റ് ക്യാപ്റ്റനായെങ്കിലും പരുക്ക് കാരണം അവസാന മത്സരത്തിൽ പങ്കെടുത്തിരുന്നില്ല. പകരം ജസ്പ്രീത് ബുംറയാണ് ടീമിനെ നയിച്ചത്.
ഐപിഎൽ ടീം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻസിയും കോഹ്ലി ഉപേക്ഷിച്ചിരുന്നതാണ്. എന്നാൽ, സ്ഥിരം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് പരുക്ക് കാരണം ഇംപാക്റ്റ് പ്ലെയറായി ബാറ്റിങ്ങിനു മാത്രമാണ് ഇറങ്ങുന്നത്. ഫീൽഡിങ് സമയത്ത് കോഹ്ലിയാണ് പകരം ടീമിനെ നയിക്കുന്നത്.