മാഡ്രിഡ്: കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ അത്‌ലറ്റിക് ക്ലബിനോടേറ്റ തോൽവിക്കു പിന്നാലെ കടുത്ത പ്രഖ്യാപനവുമായി ബാഴ്സലോണ കോച്ച് സാവി ഹെർണാണ്ടസ്. ഈ സീസൺ അവസാനം വരെ നോക്കിയിട്ടും മികച്ച ഒരു ടീമായി മാറാൻ ബാഴ്സയ്ക്കു സാധിച്ചെങ്കിൽ താൻ പരിശീലക സ്ഥാനം രാജിവയ്ക്കുമെന്നാണ് സാവിയുടെ പ്രഖ്യാപനം.
താൻ പരിശീലകനാണെങ്കിലും അല്ലെങ്കിലും ബാഴ്സലോണയ്ക്ക് മുന്നോട്ട് പോകാൻ കഴിയും. അടുത്ത തലമുറയാണ് ബാഴ്സയിൽ കളിക്കുന്നത്. യുവതാരങ്ങളുടെ പ്രകടനത്തിൽ താൻ സന്തോഷവാനാണ്. എന്നാൽ കോപ്പ ഡെൽ റേയിലെ പരാജയത്തിൽ തനിക്ക് സങ്കടമുണ്ടെന്നും സാവി ഹെർണാണ്ടസ് പ്രതികരിച്ചു.
അത്‌ലറ്റിക് ക്ലബിനോട് കളിക്കുക ബുദ്ധിമുട്ടായിരുന്നു. ഒരു സമനിലയ്ക്കും അപ്പുറത്തുള്ള ഫലം വേണമെന്ന് ആഗ്രഹിച്ചിരുന്നു. ലാ ലീഗാ ചാംപ്യൻഷിപ്പ് നിലനിർത്തണമെങ്കിൽ ഇനി ശക്തമായ പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും സാവി ഹെർണാണ്ടസ് വ്യക്തമാക്കി.
കോപ ഡെല്‍ റേ: സഹോദരന്മാർ വലകുലുക്കി, ബാഴ്സ പുറത്ത്
നേരത്തെ കോപ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലിലെ ത്രില്ലര്‍ പോരിനൊടുവില്‍ ബാഴ്സിലോണയെ തകര്‍ത്ത് അത്‌ലറ്റിക് ബില്‍ബാവോ സെമിഫൈനലില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിന്‍റെ (4-2) കനത്ത തോല്‍വി ഏറ്റുവാങ്ങിയാണ് ബാഴ്സലോണ പുറത്തായത്. ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ ഇനാകി വില്യംസ്, ഇളയ സഹോദരന്‍ നിക്കോ വില്യംസ് എന്നിവര്‍ എക്സ്ട്രാ ടൈമില്‍ നേടിയ ഗോളുകള്‍ക്കായിരുന്നു അത്ലറ്റിക് ബില്‍ബാവോയുടെ ജയം.
ഈ വര്‍ഷം ആദ്യം സൗദി അറേബ്യയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് 4-1 ന് തോറ്റ കാറ്റലന്‍ ക്ലബ്ബിന് കിരീടം നേടാനുള്ള മറ്റൊരു അവസരം നഷ്ടമായി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരത്തില്‍ അതിക സമയത്തേക്ക് നീണ്ടത്. മത്സരത്തിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ ഗോര്‍ക്ക ഗുരുസെറ്റയുടെ സ്ട്രൈക്കിലൂടെ ബില്‍ബാവോ ലീഡ് നേടി. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി ഇടവേളയ്ക്ക് മുമ്പ് ബാഴ്സ തിരിച്ചടിച്ചു. 26 ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും 32 ാം മിനുട്ടില്‍ ലാമിന്‍ യമലുമാണ് ബാഴ്സയുടെ ഗോളുകള്‍ നേടിയത്.
എന്നാല്‍ ഇടവേളയ്ക്കുശേഷം തിരിച്ചടിച്ച അത്‌ലറ്റിക് 49-ാം മിനിറ്റില്‍ ഇടതുവശത്ത് നിക്കോ വില്യംസിന്‍റെ മനോഹരമായ ക്രോസില്‍ നിന്ന് ഒയ്ഹാന്‍ സാന്‍സെറ്റിന്‍റെ ഹെഡറിലൂടെ സമനില പിടിച്ചു. കൗമാരക്കാരനായ ലാമിന്‍ യമലിന് 86 ാം മിനുട്ടില്‍ ബാഴ്സയുടെ വിജയ് ഗോള്‍ നേടാന്‍ അവസരം ലഭിച്ചു. എന്നാല്‍ അത്‌ലറ്റിക് ഗോള്‍കീപ്പര്‍ ജൂലന്‍ അഗിര്‍റെസാബാലയെ ഡ്രിബ്ലിങ് ചെയ്തെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. എക്സ്ട്രാ ടൈമിന്‍റെ 105 ാം മിനുട്ടില്‍ ഇനാകി വില്യംസ് നേടിയ ഗോളില്‍ അത്‌ലറ്റികോ ബില്‍ബാവോ ലീഡ് നേടി. 120 ാം മിനുട്ടില്‍ നിക്കോ വില്യംസ് ബില്‍ബാവോയുടെ നാലാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.