ബുലവായോ: അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തങ്ങളുടെ രണ്ടാം വരവിന്റെ രണ്ടാംപകുതിയില്‍ ഏവരെയും ഞെട്ടിക്കുകയാണ് സിംബാവെ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച അവര്‍ അമെരിക്കയെ 304 റണ്‍സിന് തകര്‍ത്തെറിഞ്ഞു.ആദ്യം ബാറ്റ് ചെയ്ത സിംബാവെ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെടുത്തപ്പോള്‍ യുഎസ്എയുടെ മറുപടി ബാറ്റിംഗ് 25.1 ഓവറില്‍ 104 റണ്‍സില്‍ അവസാനിച്ചു. ഏകദിന ചരിത്രത്തില്‍ റണ്‍ മാര്‍ജിനില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.
ഏറ്റവും ഉയര്‍ന്ന ജയത്തിന്റെ റെക്കോര്‍ഡ് ടീം ഇന്ത്യയുടെ പേരിലാണ്, അത് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും. ഈ വര്‍ഷമാദ്യമാണ് തിരുവനന്തപുരത്ത് അയല്‍ക്കാരായ ശ്രീലങ്കയ്ക്ക് എതിരെ ടീം ഇന്ത്യ ഏകദിന ചരിത്രത്തില്‍ റണ്‍ കണക്കിലെ ഏറ്റവും ഉയര്‍ന്ന വിജയം നേടിയത്. കാര്യവട്ടത്ത് 317 റണ്‍സിനായിരുന്നു നീലപ്പടയുടെ വിജയം.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ പോയി നാണംകെടുത്തിയ ആഫ്രിക്കന്‍ ടീം ഇത്തവണയിതാ വീണ്ടും റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചിരിക്കുകയാണ്.
ആദ്യം ബാറ്റുചെയ്ത സിംബാബ്വെ 6 വിക്കറ്റിന് 408 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ റോള്‍ ഏറ്റെടുക്കേണ്ടി വന്‍ സീന്‍ വില്യംസിന്റെ വെടിക്കെട്ടാണ് സ്റ്റേഡിയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചത്. വെറും 101 പന്തില്‍ 174 റണ്‍സാണ് വില്യംസ് അടിച്ചുകൂട്ടിയത്. 21 ഫോറും 5 സിക്സറുകളും ഇന്നിങ്സിന് അകമ്പടിയായി. 177.77 ആണ് സ്ട്രൈക്ക് റേറ്റ്. തുടക്കം മുതല്‍ ആഞ്ഞടിച്ച് കളിച്ച വില്യംസ് അവസാന ഓവറുകളില്‍ പേശീവലിവ് മൂലം ബുദ്ധിമുട്ടിയില്ലായിരുന്നെങ്കില് ഡബിള്‍ സെഞ്ചുറി പിറന്നേനെ.
ജോയ്ലോര്ഡ് ഗംബി (78), സിക്കന്തര്‍ റാസ (27 പന്തില്‍ 48) റയാന് ബുള്‍ (16 പന്തില്‍ 47) എന്നിവരും ആതിഥേയര്‍ക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. പന്തെറിഞ്ഞ യുഎസ്എ ബൗളര്‍മാരെല്ലാം തല്ലുവാങ്ങി. ഇത് ആദ്യമായിട്ടാണ് സിംബാവെ ഏകദിനത്തില്‍ 400 റണ്‍സ് പിന്നിടുന്നത്. കെനിയയ്ക്കെതിരേ നേടിയ 351 റണ്‍സാണ് ഇതിനു മുമ്പുള്ള ഉയര്‍ന്ന സ്കോര്‍. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളില്‍ പാക്കിസ്ഥാനെതിരേ 334 റണ്‍സും അവര്‍ നേടിയിരുന്നു.
മറുപടി ബാറ്റിംഗില്‍ യുഎസ്എ അടിമുടി തുടക്കത്തിലേ തകര്‍ന്നു. 10 ഓവര്‍ പിന്നിടുംമുമ്പേ അവരുടെ 6 വിക്കറ്റുകള്‍ നിലംപൊത്തി. 24 റണ്‍സെടുത്ത ഇന്ത്യന്‍ വംശജന് അഭിഷേക് പരദ്കറാണ് ടോപ് സ്കോറര്‍.
സിംബാബ് വെയ്ക്കായി റിച്ചാര്‍ഡ് എന്‍ഗാരവയും സിക്കന്ദര്‍ റാസയും രണ്ടു വിക്കറ്റ് വീതം നേടി. സമീപകാലത്ത് ഡേവ് ഹൂട്ടണ് കോച്ചായി വന്നതോടെയാണ് സിംബാബ് വെയുടെ തലവര മാറുന്നത്. അതിനു ശേഷം അവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സിംബാബ്വെയുടെ ആദ്യ ടെസ്റ്റ് നായകനായ ഹൂട്ടന്റെ കീഴില്‍ ഏവരെയും തോല്പിച്ച് മുന്നേറുകയാണ് ടീം.ക്രെയ്ഗ് ഇര്വിന്, സിക്കന്തര്‍ റാസ, സീന്‍ വില്യംസ് എന്നീ സീനിയര്‍ താരങ്ങളുടെ പ്രകടനങ്ങളാണ് അവരുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുന്നത്.