കൊച്ചി: പുതിയ ഐഎസ്എല്‍ സീസണ് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സില്‍ വന്‍ മാറ്റത്തിന് വഴിയൊരുങ്ങി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ പ്ലേ ഓഫിലെത്തിയെങ്കിലും എലിമിനേറ്ററില്‍ ബംഗളൂരു എഫ് സിക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സ് വീഴുകയായിരുന്നു. ഒരിക്കല്‍ക്കൂടി കിരീടമില്ലാതെ മടങ്ങിയ ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
ബ്ലാസ്റ്റേഴ്സ് നായകന് ജെസ്സല്‍ കാര്നെറോയ്ക്ക് പിന്നാലെ സൂപ്പര്‍ താരം ഇവാന് കലിയൂഷ്നി അടക്കം അഞ്ചുതാരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത്. സ്പാനിഷ് താരം വിക്ടര്‍ മോംഗില്‍, ഓസ്ട്രേലിയക്കാരനായ മുന്നേറ്റനിര താരം അപോസ്റ്റോലസ് ഗിയാനോ, പ്രതിരോധനിര താരം ഹര്‍മന്‍ജോത് ഖബ്ര, മുഹീത് ഖാന് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് വിടുന്നത്. ""മൈതാനത്തും പുറത്തും അപാരമായ അര്‍പ്പണബോധവും വൈദഗ്ധ്യവും പ്രൊഫഷണലിസവുമാണ് ഇവര്‍ കാണിച്ചിട്ടുള്ളത്. ഭാവിയില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകട്ടെ''- ക്ലബ് വിടുന്ന താരങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
കഴിഞ്ഞ സീസണിന് മുന്നോടിയായി ഒരു വര്‍ഷ ലോണ്‍ കരാറില്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് ഇവാന് കലിയൂഷ്നി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാനിയായിരുന്നു ഈ ഉക്രൈന് താരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ 4 ഗോളുകള്‍ നേടിയ താരം 3 ഗോളുകള്‍ക്ക് വഴിയുമൊരുക്കി.
2022-23 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഓസ്ട്രേലിയന്‍ മുന്നേറ്റ താരമായിരുന്നു അപൊസ്തൊലസ് ജിയാനു. ജിയാനു 17 മത്സരങ്ങളിൽ ബൂട്ട്കെട്ടിയ താരം 2 ഗോളുകള്‍ നേടി 2 ഗോളുകള്‍ക്ക് അസിസ്റ്റും നല്കി.
2021-22 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഹര്‍മന്‍ജോത് ഖബ്രയും ബ്ലാസ്റ്റേഴ്സ് വിട്ടു. മഞ്ഞപ്പട ഐ എസ് എല്‍ ഫൈനലിലെത്തിയ 2021-22സീസണില്‍ ടീമിനായി മികച്ച പ്രകടനങ്ങളായിരുന്നു ഈ സീനിയര്‍ താരം പുറത്തെടുത്തത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തിന്റെ പ്രകടനം പിന്നിലേക്ക് പോയി.
ക്രൊയേഷ്യന്‍ സെന്റര്‍ബാക്കായ മാര്‍ക്കോ ലെസ്കോവിച്ചിന് ബാക്കപ്പായിട്ടായിരുന്നു പരിശീലകന് ഇവാന് വുകോമനോവിച്ച് വിക്ടര്‍ മൊംഗിലിനെ ടീമിലെത്തിച്ചത്. വളരെ കുറഞ്ഞ കളി സമയമാണ് സീസണില്‍ അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന ജെസല്‍ കര്‍നെയ്റോയും ക്ലബ്ബ് വിട്ടു. കേരള ബ്ലാസ്റ്റേഴ്സിനായി 66 മത്സരങ്ങളില്‍ ജേഴ്സിയണിഞ്ഞ ഈ ഗോവന്‍ താരം ഇത്രയും കളികളില്‍ നിന്ന് 6 അസിസ്റ്റുകള്‍ നല്കി. ജമ്മു കാശ്മീരില്‍ നിന്നുള്ള യുവ ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ മുഹീത് ഷബീര്‍ ആണ് ടീമില്‍ നിന്ന് പോകുന്ന മറ്റൊരു താരം. 2020 ഒക്ടോബറില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ താരത്തിന് ഇതു വരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.