എൻ. അജിത്കുമാർ
മനുഷ്യന്‍ ബുദ്ധി ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങള്‍ അതേ പോലെയോ അതിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലോ ചെയ്യാന്‍ ശേഷിയുള്ള കമ്പ്യൂട്ടര്‍ സംവിധാനത്തെക്കുറിച്ചുള്ള പഠനമാണ് നിര്‍മിത ബുദ്ധി (Artificial Intelligence - AI). റോബോട്ടിക്‌സ്, ചികിത്സാരംഗം, വ്യവസായ രംഗം, ആശയവിനിമയ രംഗം, മനുഷ്യന് ചെന്നെത്താനാവാത്ത മറ്റ് മേഖലകള്‍ എന്നിവയിലൊക്കെ അവിശ്വസനീയമായ സേവനങ്ങളാണ് നിര്‍മിതബുദ്ധി ഇന്ന് നല്‍കി വരുന്നത്. 2030ഓടെ തന്നെ കമ്പ്യൂട്ടറുകള്‍ മനുഷ്യനെപ്പോലെ സാമാന്യ ബുദ്ധിശക്തിയുള്ളവയായി മാറുമെന്നും 2045 ആകുമ്പോഴേയ്ക്കും സൂപ്പര്‍ ഇന്‍റലിജന്‍സ് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരാകുമെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.
ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നോബേല്‍ സമ്മാനിതനായ, നിർമിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിന്‍റന്‍ ഓമനത്തമുള്ള കടുവക്കുട്ടിയായാണ് ഇന്നത്തെ നിര്‍മിത ബുദ്ധിയെ ഉപമിച്ചിരിക്കുന്നത്. അത് വളര്‍ന്ന് വലുതായാല്‍ മനുഷ്യരോടെങ്ങനെ പെരുമാറുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ലെന്ന് ഹിന്‍റന്‍ മുന്നറിയിപ്പു തരുന്നു.
മനുഷ്യനെപ്പോലെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന, അതി ബുദ്ധിശാലിയായ റോബോട്ടുകള്‍...! ബഹിരാകാശ വാഹനങ്ങളെ ദൂരെനിന്ന് കൃത്യമായി നിയന്ത്രിച്ച് അന്യഗ്രഹത്തിലിറക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടറുകള്‍...! ഇതിന്‍റെയെല്ലാം കണ്ടു പിടുത്തത്തിലേക്ക് നയിച്ച ചിന്തകള്‍ക്ക് തുടക്കമിട്ട ശാസ്ത്രജ്ഞനാണ് അലന്‍ ടൂറിങ്. കമ്പ്യൂട്ടര്‍ ശാസ്ത്രശാഖയുടെ പിതാവായി ലോകം ആദരിക്കുന്നത് അലന്‍ ടൂറിങിനെയാണ്. ചില പരീക്ഷകളിലൂടെ കമ്പ്യൂട്ടര്‍ ചിന്തിക്കുന്നുണ്ടോ, അതിന് ബോധമുണ്ടോ എന്നൊക്കെ തിരിച്ചറിയാമെന്ന് അലന്‍ ടൂറിങ് പ്രഖ്യാപിച്ചു. ഇതിനായി അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുകരണക്കളി പരിഷ്‌കരിച്ച് ടൂറിങ് ടെസ്റ്റിന് അദ്ദേഹം രൂപം കൊടുത്തു.
മൂന്നു പേരാണ് ഈ കളിയില്‍ പങ്കെടുക്കുന്നത്. യുക്തിപൂര്‍വം ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിവുള്ള ഒരാള്‍. ഇയാള്‍ 'A' എന്നറിയപ്പെടും. ഉത്തരം നല്‍കുന്നത് 'B' എന്നും 'C' എന്നും അറിയപ്പെടുന്ന രണ്ടു പേരാണ്. ഇതില്‍ ഒരാള്‍ പുരുഷനും മറ്റെയാള്‍ സ്ത്രീയുമായിരിക്കും. ചോദ്യം ചോദിക്കുന്ന 'A' യ്ക്ക് ഉത്തരം നല്‍കുന്ന 'B' യെയും 'C' യെയും കാണാനാവില്ല. ബുദ്ധിപൂര്‍വം ചോദിക്കുന്ന ചോദ്യങ്ങളിലൂടെ 'B', 'C' എന്നിവരില്‍ ആണേത്, പെണ്ണേത് എന്ന് തിരിച്ചറിയുക എന്നതാണ് 'A' യുടെ ലക്ഷ്യം. എന്നാൽ, തങ്ങള്‍ നല്‍കുന്ന ഉത്തരങ്ങളിലൂടെ സ്വയം, സ്ത്രീയാണോ പുരുഷനാണോ എന്ന് വെളിപ്പെടാതിരിക്കാന്‍ 'B' യും 'C' യും പരമാവധി ശ്രമിക്കും. ഉത്തരം നല്‍കുന്ന സ്ത്രീ പുരുഷനെയും, പുരുഷന്‍ സ്ത്രീയെയും അനുകരിക്കുന്ന ഈ കളിയില്‍ ആര് ജയിക്കും എന്നത് അവരുടെ ബുദ്ധിയെ ആശ്രയിച്ചിരിക്കും.
ഈ കളിയുടെ പരിഷ്‌കൃത രൂപമാണ് ടൂറിങ് ടെസ്റ്റ്. ഇവിടെ ചോദ്യകര്‍ത്താവും ഉത്തരം നല്‍കുന്നയാളും മാത്രമേയുള്ളു. ഈ ഉത്തര ദാതാവ് മനുഷ്യനാകാം, അല്ലെങ്കില്‍ കമ്പ്യൂട്ടറാകാം. ബുദ്ധിപൂര്‍വം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട്, ഉത്തരം നല്‍കുന്നത് കമ്പ്യൂട്ടറാണോ മനുഷ്യനാണോ എന്ന് ചോദ്യകര്‍ത്താവ് കണ്ടെത്തണം. ചോദ്യകര്‍ത്താവിനെ കബളിപ്പിക്കും വിധം സമര്‍ഥമായി ഉത്തരം നല്‍കാന്‍ കമ്പ്യൂട്ടറിനു സാധിച്ചാൽ അത് ടൂറിങ് ടെസ്റ്റ് പാസായി. ടെസ്റ്റ് പാസാകുന്ന കമ്പ്യൂട്ടര്‍ ചിന്തിക്കുന്നുണ്ടെന്നും അതിന് ബോധമുണ്ടെന്നും പറയാം എന്നായിരുന്നു ടൂറിങ്ങിന്‍റെ നിലപാട്.
അലന്‍ ടൂറിങ് ടെസ്റ്റിന് രൂപം കൊടുക്കുന്നത് 1950 കളിലാണ്. ആദ്യത്തെ ഡിജിറ്റല്‍ കമ്പ്യൂട്ടറിന്‍റെ പ്രാകൃതമായ ഒരു രൂപം മാത്രമേ അക്കാലത്ത് പുറത്തുവന്നിരുന്നുള്ളു. അതിനുശേഷം കമ്പ്യൂട്ടര്‍ സയന്‍സില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നു. ടൂറിങ് സങ്കല്‍പ്പിച്ച, ചിന്തയും ബോധമണ്ഡലവുമുള്ള കമ്പ്യൂട്ടറുകള്‍ ഇന്ന് വ്യാപകമായി.
ഐസക് അസിമോവ് എന്ന സാഹിത്യകാരന്‍റെ ഭാവനാസാമ്രാജ്യത്തിലാണ് ആദ്യം റോബോട്ടുകള്‍ രൂപം കൊണ്ടത്. റോബോട്ടുകള്‍ കഥാപാത്രങ്ങളായ ഇരുപതോളം കഥകളാണ് 1950കളില്‍ അദ്ദേഹം എഴുതിയത്. റോബോട്ടുകളെ നിർമിക്കുന്ന ഒരു സാങ്കൽപ്പിക റോബോട്ടിക്‌സ് കമ്പനിയുടെ ഗവേഷണവിഭാഗം നിർമിക്കുന്ന സവിശേഷബുദ്ധിയുള്ള റോബോട്ടുകള്‍; കമ്പനി വളരുന്തോറും അവയുടെ ഗവേഷണവിഭാഗം അതിബുദ്ധിമാന്‍മാരായ റോബോട്ടുകളെ നിർമിക്കുന്നു. അവസാനമാകുമ്പോഴേക്കും മനുഷ്യരില്‍ നിന്ന് വേര്‍തിരിച്ചറിയാനാകാത്ത, മനുഷ്യനോട് എല്ലാ കാര്യങ്ങളിലും കിടപിടിക്കുന്ന റോബോട്ടുകള്‍ നിർമിക്കപ്പടുന്നു.
അസിമോവ് കഥകളെഴുതി അധികം നാള്‍ കഴിയുന്നതിനു മുമ്പു തന്നെ ആദ്യ റോബോട്ടുകള്‍ പിറന്നു. എന്നാൽ, അസിമോവിന്‍റെ ഭാവന യാഥാർഥ്യമാക്കുന്ന അതിബുദ്ധിമാന്മാരായ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ പരീക്ഷണശാലകളില്‍ നിന്ന് ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഫാക്റ്ററികളില്‍ പണിയെടുക്കാനും കടലിനടിയിലും ബഹിരാകാശത്തും എന്നുവേണ്ട മനുഷ്യന് ജോലി ചെയ്യാൻ പറ്റാത്ത ഖനികളിലും ആണവ വികിരണ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലുമെല്ലാം ആ ജോലികള്‍ ചെയ്യുന്നതിന് ഇന്ന് കൃത്രിമ മനുഷ്യരുണ്ട്. വീടുകളില്‍ സന്ദര്‍ശകരെ സ്വീകരിക്കാനും ശസ്ത്രക്രിയകളില്‍ ഡോക്റ്ററെ സഹായിക്കാനും മിടുക്കുള്ള റോബോട്ടുകളും ഇന്ന് വിപണിയില്‍ സുലഭം.
റോബോട്ടുകള്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ വരുന്നത് ഏതാണ്ട് മനുഷ്യന്‍റെ ആകൃതിയിലുള്ള യന്ത്രങ്ങളാണല്ലോ. എന്നാല്‍, മിക്ക റോബോട്ടുകള്‍ക്കും മനുഷ്യരൂപമല്ല. വ്യവസായശാലകളില്‍ ഉപയോഗിക്കുന്ന റോബോട്ടുകള്‍ മനുഷ്യനുമായി യാതൊരു സാമ്യവുമില്ലാത്ത യന്ത്രങ്ങളാണ്. സാധനങ്ങള്‍ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും സ്വയം നീക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഇവ വെല്‍ഡിംഗ്, ഫിറ്റിങ്, പെയിന്‍റിങ് പോലുള്ള ജോലികളിൽ സഹായകമാവുന്നു.
അതേസമയം, എല്ലാ സ്വയം പ്രവര്‍ത്തക യന്ത്രങ്ങളെയും റോബോട്ടുകളായി പരിഗണിക്കാറില്ല. സാധനങ്ങള്‍ എടുത്ത് അങ്ങോട്ടുമിങ്ങോട്ടും കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളെയാണ് പ്രധാനമായും റോബോട്ടുകള്‍ എന്ന് വിവക്ഷിക്കുന്നത്. ഇതിനുവേണ്ട കൈകളും നിശ്ചിത രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുമാണ് റോബോട്ടിന്‍റെ സവിശേഷതകള്‍. എടുക്കുന്ന സാധനത്തിന്‍റെ ഘനവും രൂപവും അറിയാനുള്ള സെന്‍സറുകള്‍ റോബോട്ടിന്‍റെ അവിഭാജ്യഘടകമാണ്. കൂടാതെ, സ്പര്‍ശനശക്തിയും കാഴ്ചശക്തിയും റോബോട്ടുകള്‍ക്ക് അത്യാവശ്യമാണ്. റോബോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വസ്തുവിന്‍റെ രൂപം, വലിപ്പം, ഘനം, താപനില, മാര്‍ദവം, കമ്പനാവസ്ഥ തുടങ്ങിയ സ്വഭാവങ്ങള്‍ മനസിലാക്കാനും കഴിയുന്നതിനെയാണ് റോബോട്ടിന്‍റെ സ്പര്‍ശനശക്തി എന്നുപറയുന്നത്. ടെലിവിഷന്‍ ക്യാമറയും ഒരു രൂപത്തെ വിശകലനം ചെയ്ത് വിശദാംശങ്ങള്‍ മനസിലാക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമും ഉള്‍പ്പെട്ടതാണ് റോബോട്ടിന്‍റെ കാഴ്ചശക്തി.
ഒരു റോബോട്ടിന് പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്:
ഹൈഡ്രോളിക് പവര്‍ യൂണിറ്റ്
മെക്കാനിക്കല്‍ വര്‍ക്കിങ് യൂണിറ്റ്
ഇലക്ട്രോണിക് കണ്‍ട്രോള്‍ സിസ്റ്റം
വൈദ്യുത സിഗ്‌നലുകള്‍ വഴിയാണ് റോബോട്ടിന് നിർദേശങ്ങള്‍ നല്‍കുന്നത്. ഓരോ ചലനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ റോബോട്ടിന്‍റെ ഫീല്‍ഡ് ബാക്ക് സിസ്റ്റം കണ്‍ട്രോള്‍ റൂമിനെ അറിയിച്ചുകൊണ്ടിരിക്കും.അത്യാധുനിക കമ്പ്യൂട്ടര്‍ തലച്ചോര്‍ ആണ് ഇത്തരം റോബോട്ടുകളെ നിയന്ത്രിക്കുന്നത്. വളരെ സൂക്ഷ്മമായ റോബോട്ടുകളെ (നാനോ റോബോട്ട്‌സ്) മനുഷ്യന്‍റെ തലച്ചോറില്‍ സ്ഥാപിച്ച് മനുഷ്യന്‍റെ കഴിവുകള്‍ വർധിപ്പിക്കാമെന്നു പോലും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. നാസയുടെയും ഹോണ്ടയുടെയും ശാസ്ത്രഗവേഷകര്‍ ഇത്തരം റോബോട്ടുകളുടെ പണിപ്പുരയിലാണ്.
നിര്‍മിത ബുദ്ധി രംഗത്തെ ഒരു പഠന മേഖലയാണ് മെഷീന്‍ ലേണിങ്. ഡേറ്റ ഉപയോഗിച്ച് യന്ത്രങ്ങളെ പഠിപ്പിക്കുക, കാണാനാകാത്ത ഡേറ്റ ഉപയോഗിച്ച് വ്യക്തമായ നിര്‍ദേശങ്ങളില്ലാതെ തന്നെ ടാസ്‌കുകള്‍ ചെയ്യാന്‍ സജ്ജമാക്കുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ അല്‍ഗോരിതങ്ങള്‍ വികസിപ്പിക്കുക എന്നിവയെല്ലാമായി അത് ബന്ധപ്പെട്ടിരിക്കുന്നു.
മനുഷ്യനും എഐ അധിഷ്ഠിത യന്ത്രങ്ങളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടുള്ള ബുദ്ധിവിനിമയം വഴി അനേകം അവിശ്വസനീയമായ കാര്യങ്ങള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇതിനെല്ലാം വഴി തെളിച്ചത് മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളാണ്. വലിയ അളവിലുള്ള ഡേറ്റയില്‍ നിന്ന് പഠനവും ഡേറ്റ ഉത്പാദനവും നടത്താന്‍ സാധിക്കുന്ന ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ ഈ സാങ്കേതികവിദ്യയിലെ നാഴികക്കല്ലായി. ഈ വിദ്യയ്ക്ക് അടിസ്ഥാന മൊരുക്കിയവര്‍ക്കാണ് ഈ വര്‍ഷത്തെ ഭൗതികശാസ്തത്ര നോബേല്‍ ലഭിച്ചത്. ബ്രിട്ടീഷ് - കനേഡിയന്‍ സാങ്കേതികവിദധനായ ജെഫ്രി ഹിന്‍റന്‍, യുഎസ് ശാസ്ത്രജ്ഞനായ ജോണ്‍ ഹോപ് ഫീല്‍ഡ് എന്നിവരാണവര്‍.
ഭൗതികശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ഉപയോഗിച്ചാണ് ഹിന്‍റണും ഹോപ് ഫീല്‍ഡും മെഷീന്‍ ലേണിങ് വികസിപ്പിച്ചത്. മനുഷ്യന്‍റെ തലച്ചോറിനെ മാതൃകയാക്കി നിര്‍മിത ന്യൂറല്‍ ശൃംഗലയില്‍ ഡേറ്റകളും ചിത്രങ്ങളും വിവിധ പാറ്റേണുകളും സംഭരിച്ചു വയ്ക്കാനും അവയെ ആവശ്യാനുസരണം പുനസൃഷ്ടിക്കാനുമുതകുന്ന മെമ്മറി സൃഷ്ടിച്ചതാണ് ഹോപ് ഫില്‍ഡിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
ഹോപ്ഫില്‍ഡ് നിര്‍മിച്ച നിര്‍മിത ന്യൂറല്‍ ശ്യംഖലയെ അടിസ്ഥാനമാക്കി മറ്റൊരു നിര്‍മിത ശൃംഖലയ്ക്ക് ഹിന്‍റന്‍ രൂപം നല്‍കുകയായിരുന്നു. ഡേറ്റയുടെ പ്രത്യേക സവിശേഷതകളെ സ്വയമേവ കണ്ടെത്തുന്നതിനും ചിത്രങ്ങളിലെ സവിശേഷ ഘടകങ്ങളെ തിരിച്ചറിയുന്നതിനും സഹായിക്കുന്ന സംവിധാനം കണ്ടു പിടിച്ചതിനാണ് ഹിന്‍റണു പുരസ്‌കാരം ലഭിച്ചത്. നമ്മുടെ നാഡീവ്യൂഹം പോലെ ബുദ്ധിശക്തിയുടെ വലയമാണ് ഇവ. മെഷീന്‍ ലേണിങ്ങിലെ ഈ അടിസ്ഥാനങ്ങളാണ് ഹിന്‍റണും ഹോപ് ഫീല്‍ഡും ഒരുക്കിയത്. മനുഷ്യമസ്തിഷ്‌കത്തിന്‍റെ ശേഷികള്‍ പരിഗണിച്ചുള്ള ഈ സംഭാവനകള്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ജനറേറ്റീവ് എഐ എന്നീ രംഗങ്ങളില്‍ ഇന്നുകാണുന്ന കുതിച്ചുചാട്ടത്തിന് കളമൊരുക്കിയത്.
മനുഷ്യമസ്തിഷ്‌കത്തെക്കുറിച്ച് കൂടുതല്‍ അറിവുനേടുന്നതിനനുന്നരിച്ചാണ് ന്യൂറല്‍ നെറ്റ് വര്‍ക്കിന്‍റെ രൂപകല്‍പ്പന മെച്ചപ്പെടുത്തപ്പെടുന്നത്. നിലവിലുള്ള മൈക്രോ പ്രോസസറുകള്‍ക്ക് മനുഷ്യ മസ്തിഷ്‌കത്തിലെ ന്യൂറോണുകളെക്കാള്‍ അനേകമടങ്ങ് വേഗതയുണ്ട്. തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സാധാരണ വേഗതയില്‍ സംഭവിക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ പ്രകാശവേഗതയിലാണത് സംഭവിക്കുന്നത്. മനുഷ്യ മസ്തിഷ്‌കത്തിന്‍റെ വലുപ്പം മനുഷ്യന്‍റെ തലയോട്ടിയുടെ വലുപ്പത്തിനുള്ളില്‍ പരിമിതപ്പെട്ടു കിടക്കുമ്പോള്‍ കപ്യൂട്ടറുകള്‍ എത്രവലുപ്പത്തില്‍ വേണമെങ്കിലും നിര്‍മിക്കാം.
തലച്ചോറിലെ കോശങ്ങള്‍ പോലെ പ്രായാധിക്യത്തില്‍ കമ്പ്യൂട്ടറിലെ ട്രാന്‍സിസ്റ്ററുകള്‍ക്ക് നാശം സംഭവിക്കുന്നില്ല. സംഭവിച്ചാല്‍ തന്നെ റിപ്പയര്‍ ചെയ്യാവുന്നതാണ്. തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലം മനുഷ്യ മസ്തിഷ്‌കത്തിനുണ്ടാവുന്ന തളര്‍ച്ച കമ്പ്യൂട്ടറിനുണ്ടാകുന്നില്ല. സംഗീതരചനകള്‍ക്കും ഉപകരണസംഗീത വാദനത്തിനും സംഗീതസംവിധാനത്തിനും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചിത്രം വരയ്ക്കാനും വീഡിയോ എഡിറ്റ് ചെയ്യാനും നിര്‍മിക്കാനും താരതമ്യേന കുറഞ്ഞ സമയം കൊണ്ടും കുറഞ്ഞ വിലയിലും നിര്‍മിത ബുദ്ധിക്ക് ഇന്ന് ശേഷി കൈ വന്നു കഴിഞ്ഞു.ചുറ്റുപാടുകളെ നിരീക്ഷിക്കാനും അതിനനുസരിച്ച് സന്ദര്‍ഭോചിതമായി പ്രതികരിക്കാനുമുള്ള മനുഷ്യന്‍റെ ശേഷി ജന്മസിദ്ധമായി ലഭിച്ചതും, ബുദ്ധിവിശേഷം കൊണ്ട് ആർജിച്ചതുമാണ്.
ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി കരുതലോടെ നീങ്ങാന്‍ മനുഷ്യനു കഴിവുണ്ട്. എന്നാല്‍, റോബോട്ടുകള്‍ക്ക് സാഹചര്യങ്ങളുടെ യഥാര്‍ഥ സ്വഭാവം എന്തെന്നു മനസിലാക്കാനും, വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും കഴിഞ്ഞെന്നുവരില്ല. മനുഷ്യര്‍ വളരെ കരുതലോടെ ഭാവി കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാറുണ്ട്. മനുഷ്യന്‍ തന്‍റെ ജീവിത കാലം കഴിഞ്ഞുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കുകയും യുക്തമായ പദ്ധതികള്‍ മുന്‍കൂട്ടി അസൂത്രണം ചെയ്യുകളും ചെയ്യാറുണ്ട്. റോബോട്ടുകള്‍ എന്നെങ്കിലും ഈ വക കാര്യങ്ങളില്‍ സ്വയം പര്യാപ്തരാകുമെന്ന് ശാസ്ത്രലോകം ഇന്നും വിശ്വസിക്കുന്നില്ല.
റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്ന ഓട്ടോമേഷന്‍ വികസനം ഉയര്‍ന്ന ഉത്പാദനക്ഷമത, കാര്യക്ഷമത, സുരക്ഷ, സൗകര്യം എന്നിവയെല്ലാം നമ്മുടെ ജീവിതത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, തൊഴില്‍മേഖല, വേതനം, ജോലിയുടെ സ്വഭാവം എന്നീ മേഖലകളില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നു.
ആരോഗ്യ പരിരക്ഷ
ആരോഗ്യസംരക്ഷണ മേഖലയില്‍ അതിസങ്കീര്‍ണമായ സര്‍ജറികള്‍ കൃത്യമായി ചെയ്യുന്ന റോബോട്ടിക് സര്‍ജന്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും സേവനമനുഷ്ഠിച്ചു തുടങ്ങി. ഡേറ്റാ വിശകലനം, ഡയഗ്‌നോസ്റ്റിക്‌സ്, നഴ്‌സിംഗ് , എന്നി മേഖലകളിലെല്ലാം കാര്യക്ഷമതയും കൃത്യതയും ഇതുറപ്പുവരുത്തും
ഗതാഗതം
സ്വയം നിയന്ത്രിക്കപ്പെടുന്ന വാഹനങ്ങള്‍ ,ഡ്രോണുകള്‍, സ്മാര്‍ട്ട് ലോജിസ്‌ററിക് സംവിധാനങ്ങള്‍, സാധനങ്ങള്‍ വിതരണം ചെയ്യല്‍ എന്നീ മേഖലകളെ നിര്‍മിത ബുദ്ധിമാറ്റിമറിക്കും
കസ്റ്റമര്‍ സര്‍വീസ്
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നല്‍കുന്ന ചാറ്റ് ബോട്ടുകളും വെര്‍ച്വല്‍ അസിസ്റ്റന്‍റുകളും ഉപഭോക്തൃ സേവനങ്ങള്‍ തല്‍ക്ഷണമുള്ളതാക്കി മാറ്റും.
ബാങ്കിങ് മേഖല
മനുഷ്യര്‍ക്ക് പറ്റാവുന്ന പിഴവുകളുടെ സാധ്യത നിര്‍മിതബുദ്ധിക്ക് പറ്റാത്തതു കൊണ്ട് ഈ മേഖലയിലെ ഓട്ടോമേഷന്‍ ധനകാര്യത്തിലും ബാങ്കിങ് മേഖലയിലും കാര്യക്ഷമതയും സമയലാഭവും കൊണ്ടുവരും.
കൃഷി
കൃഷിയില്‍ ഓട്ടോമേഷന്‍ ഉപയോഗിക്കുന്നതിലൂടെ ഡ്രോണുകള്‍ വഴി വിളകളെ നിരീക്ഷിക്കാനും നടീലും വിളവെടുപ്പും വളപ്രയോഗവുമെല്ലാം മികച്ചരീതിയില്‍ ചെയ്യാനും സാധിക്കും. കൂടാതെ ഡേറ്റ അനലിറ്റിക്‌സിലൂടെ കൃത്യമായ കൃഷി പരമാവധി വിളവ് വര്‍ധിപ്പിക്കല്‍, വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കല്‍ മാര്‍ക്കറ്റിങ് എന്നിവയെല്ലാം എളുപ്പമുള്ളതായി മാറും.
ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് ഔദ്യോഗിക പൗരത്വം ലഭിച്ചത് കൃത്രിമബുദ്ധി സാങ്കേതികവിദ്യയില്‍ ഹാന്‍സന്‍ റോബോട്ടിക്ക്‌സ് കമ്പനി നിർമിച്ച സോഫിയ എന്ന റോബോട്ടിനാണ്. സംസാരിക്കാനും അറുപത്തിരണ്ടിലധികം ഭാവങ്ങള്‍ പ്രകടിപ്പിക്കാനും ചോദ്യങ്ങള്‍ക്ക് എളുപ്പം ഉത്തരം നല്‍കാനും ശേഷിയുള്ള ഈ റോബോട്ടിന് സൗദി അറേബ്യയാണ് പൗരത്വം നല്‍കി ചരിത്രം സൃഷ്ടിച്ചത്.
സംസാരത്തിനനുസരിച്ച് സഹജമായ ശരീരചലനങ്ങള്‍ സ്വീകരിക്കാനും സോഫിയയ്ക്ക് കഴിവുണ്ട്. ഇതിനനുയോജ്യമായ സിലിക്കണ്‍ ചർമമാണ് സോഫിയയ്ക്ക് നല്‍കിയിരിക്കുന്നത്. ക്യാമറക്കണ്ണുകളിലൂടെ സോഫിയയ്ക്ക് ഓരോരുത്തരേയും തിരിച്ചറിയാം. മറ്റുള്ളവരുടെ ഭാവപ്രകടനങ്ങളും ചലനങ്ങളും അതേപോലെ അനുകരിക്കാനും തക്കമറുപടി നല്‍കാനും സോഫിയയ്ക്കു കഴിവുണ്ട്. പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും പുതിയ കാര്യങ്ങള്‍ ഓർമയില്‍ സൂക്ഷിക്കാനുമാവും. ഓരോരുത്തരുടെയും ഉച്ചാരണവ്യത്യാസം തിരിച്ചറിഞ്ഞ് അതിനനുസൃതമായി മറുപടി നല്‍കാനും മിടുക്കിയാണ് സോഫിയ.
ബ്രിട്ടീഷ് നടിയും മോഡലും നര്‍ത്തകിയുമൊക്കെയായ ഓഡ്രി ഹെപ്‌ബേണിന്‍റെ മുഖച്ഛായയാണ് സോഫിയയ്ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്നത്. വിവിധതരം വേദികളിലും ചര്‍ച്ചകളിലും പ്രത്യക്ഷപ്പെട്ട് സോഫിയ ആളുകളുമായി നിരന്തരം ഇടപെടുന്നതിന്‍റെ ഫലമായി സോഫിയ അറിവ് വർധിപ്പിക്കുകയും തന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുക്കാനുള്ള പക്വതയിലേക്ക് വളരുകും ചെയ്യുന്നത് ശാസ്ത്രലോകം കൗതുകത്തോടെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.