സുനിതയും ബുച്ചുമില്ലാതെ സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തി

ആറു മണിക്കൂര്‍ നീണ്ട യാത്രയില്‍ മണിക്കൂറില്‍ 27,400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാണ് പേടകം ഭൂമിയിലെത്തിയത്
boeings starliner lands safely without nasa astronauts sunita and wilmore
സുനിതയും ബുച്ചുമില്ലാതെ സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തി
Updated on

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങിയ ബോയിംഗ് സ്റ്റാർലൈനര്‌ പേടകം ഭൂമിയിൽ ലാൻഡ് ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സ്റ്റാര്‍ലൈനറിന്‍റെ മടക്കം. എന്നാൽ പേടകത്തിലേറി ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസും വില്‍മോര്‍ ബുച്ചും തിരിച്ചെത്തിയില്ല. പേടകം തകരാറിലായതിനെ തുടര്‍ന്ന് ഇരുവരുടെയും തിരിച്ചുള്ള യാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു.

ആറു മണിക്കൂര്‍ നീണ്ട യാത്രയില്‍ മണിക്കൂറില്‍ 27,400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാണ് പേടകം ഭൂമിയിലെത്തിയത്. പാരച്ചൂട്ടുകളുടെ സഹായത്തോടെയാണ് പേടകം ഭൂമിയിലിറക്കിയത്. ത്രസ്റ്ററുകള്‍ തകരാറിലായ പേടകത്തില്‍ സുനിത വില്യംസിനെയും വില്‍മോര്‍ ബുച്ചിനെയും മടക്കികൊണ്ടുവരുന്നത് വലിയ അപകടമായിരിക്കുമെന്ന് നാസ വ്യക്തമാക്കിയിരുന്നു. ഇതോടെ, ഇരുവരും ബഹിരാകാശ നിലയത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

എട്ട് ദിവസത്തെ പരീക്ഷണ യാത്രയ്‌ക്ക് കഴിഞ്ഞ ജൂണിൽ സ്റ്റാർലൈനറിന്‍റെ പേടകത്തിലാണു സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ, പേടകത്തില്‍ ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്‌നങ്ങളും കണ്ടെത്തിയത് മടക്കയാത്രയ്ക്ക് തടസമായി. സ്റ്റാർലൈനറിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവരെയും വേഗം തിരിച്ചെത്തിക്കാൻ നാസ ശ്രമിച്ചെങ്കിലും ഇതു വിജയിച്ചില്ല. തുടർന്നാണ് സ്പെയ്സ് എക്സിനെ ആശ്രയിക്കാൻ തീരുമാനിച്ചത്.

ഇന്ത്യൻ വംശജയായ സുനിത വില്യംസിന്‍റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. 2006ലായിരുന്നു ആദ്യ യാത്ര. രണ്ടാമത്തേത് 2012ൽ. ഒരു വര്‍ഷത്തോളം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. യുഎസ് നേവിയിലെ മുൻ ക്യാപ്റ്റനായ ബുഷ് വിൽമോർ 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.