സാവോ പോളോ: ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോം നിരോധിച്ച് ബ്രസീൽ. ശനിയാഴ്ച മുതൽ മൊബൈലിലും കമ്പ്യൂട്ടറിലും എക്സ് നിരോധിക്കപ്പെട്ടു. സുപ്രീം കോടതി ജഡ്ജിയുടെ നിർദേശം അനുസരിക്കാൻ മസ്ക് തയാറാകാത്ത സാഹചര്യത്തിലാണ് നടപടി. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് മരവിപ്പിക്കാനും രാജ്യത്തേക്ക് പുതിയ നിയമപ്രതിനിധിയെ നിയമിക്കാനുമാണ് സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മോറേസ് ആവശ്യപ്പെട്ടിരുന്നത്. ഈ നിർദേശവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളമായി മസ്കും നിയമപീഠവും തമ്മിൽ കടുത്ത പോര് തുടരുകയായിരുന്നു. നിർദേശങ്ങൾ നടപ്പിലാക്കാനായി അനുവദിച്ചിരുന്ന സമയം അതിക്രമിച്ചതോടെ എക്സിലേക്കുള്ള ആക്സസ് സസ്പെൻഡ് ചെയ്യാൻ ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർമാരോട് ബ്രസീലിന്‍റെ ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്റർ ആവശ്യപ്പെട്ടു.
ഇലോണ് മസ്ക് ബ്രസീലിന്‍റെ പരാമാധികാരത്തോടും പ്രത്യേകിച്ച് നിയമവ്യവസ്ഥയോടും യാതൊരു വിധത്തിലുള്ള ബഹുമാനവും പുലർത്തുന്നില്ലെന്ന് തന്‍റെ തീരുമാനം വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് എഴുതി.
നിരോധിച്ച പ്ലാറ്റ്ഫോം വിപിഎൻ വഴി ഉപയോഗിക്കുന്നവർക്ക് ദിവസേന 8,900 ഡോളർ പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. എക്സിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ.