ക്രയോജനിക് എൻജിൻ വിജയം; നിർണായക കടമ്പ കടന്ന് ഗഗൻയാൻ

ദൗ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്‍വി​എം3 റോ​ക്ക​റ്റി​നു​ള്ള ക്ര​യോ​ജ​നി​ക് എ​ന്‍ജി​ൻ അ​ന്തി​മ പ​രീ​ക്ഷ​ണ​ത്തി​ൽ വി​ജ​യി​ച്ചു
ക്രയോജനിക് എൻജിൻ വിജയം; നിർണായക കടമ്പ കടന്ന് ഗഗൻയാൻ
Updated on

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള "ഗഗൻയാൻ' ദൗത്യത്തിൽ നിർണായക കടമ്പ പിന്നിട്ട് ഇസ്രൊ. ദൗത്യത്തിന് ഉപയോഗിക്കുന്ന എല്‍വിഎം3 റോക്കറ്റിനുള്ള ക്രയോജനിക് എന്‍ജിൻ അന്തിമ പരീക്ഷണത്തിൽ വിജയിച്ചു. തമിഴ്‌നാട് മഹേന്ദ്രഗിരിയിലെ ഇസ്രൊ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലുള്ള ഹൈ ആള്‍ട്ടിറ്റ്യൂഡ് ടെസ്റ്റ് കേന്ദ്രത്തിൽ കഴിഞ്ഞ 13നായിരുന്നു പരീക്ഷണം. ഏഴ് വാക്വം ഇഗ്‌നിഷന്‍ ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന പരീക്ഷണമായിരുന്നു ഇതെന്നും അധികൃതർ. റോക്കറ്റ് കുതിക്കുമ്പോഴുണ്ടാകുന്ന വ്യത്യസ്ത പ്രവര്‍ത്തന സാഹചര്യങ്ങള്‍ സൃഷ്ടിച്ചു നടത്തിയ പരീക്ഷണത്തിൽ ക്രയോജനിക് എൻജിൻ കരുത്തു തെളിയിച്ചു.

ആളില്ലാ പേടകം ബഹിരാകാശത്തേക്ക് അയച്ച് ഒന്നാം ഗഗന്‍യാന്‍ ദൗത്യത്തിനുള്ള തയാറെടുപ്പിലാണ് ഇസ്രൊ. ഇതിനു മുന്നോടിയായാണ് പേടകത്തിലെ എൻജിന്‍റെ പരീക്ഷണം നടത്തിയത്. വിക്ഷേപിച്ച് നിശ്ചിത ദിവസം ബഹിരാകാശത്ത് തുടരാന്‍ അനുവദിക്കുന്ന പേടകത്തെ പാരഷൂട്ടിന്‍റെ സഹായത്തോടെ സുരക്ഷിതമായി കടലില്‍ വീഴ്ത്തി വീണ്ടെടുക്കുന്നതാണ് ഇസ്രൊയുടെ പരീക്ഷണം. ഇതിനായി ഗഗൻയാനിലെ പാരഷൂട്ട് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനുള്ള ടിവി ഡി-2 പരീക്ഷണവും ഉടൻ നടത്തും.

മനുഷ്യരെ വഹിക്കുന്ന ദൗത്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നേരത്തേ വിജയകരമായി നടത്തിയിരുന്നു. ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉള്‍പ്പെടുന്ന ആദ്യ അബോര്‍ട്ട് പരീക്ഷണമായ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ -1 (ടിവി ഡി-1) ഒക്റ്റോബര്‍ 21ന് വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശത്തുവച്ച് റോക്കറ്റില്‍നിന്ന് ക്രൂ മൊഡ്യൂള്‍ മാതൃക ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തിയ പരീക്ഷണത്തിൽ ഇതു വീണ്ടെടുക്കാനുമായി.

Trending

No stories found.

Latest News

No stories found.