സംവാദത്തിനൊരുങ്ങി ശാസ്ത്ര പ്രചാരക​ൻ പൗലോസ് തോമസ്; ബിഗ് ബാങ് തിയറിയും ദൈവ വിശ്വാസവും വിഷയമാകും
കെട്ടു പോകുന്ന സൂര്യനും വാസയോഗ്യമല്ലാതാകുന്ന ഭൂമിയുംUniverse concept - AI - Freepik

കെട്ടു പോകുന്ന സൂര്യനും വാസയോഗ്യമല്ലാത്ത ഭൂമിയും

സംവാദത്തിനൊരുങ്ങി ശാസ്ത്ര പ്രചാരക​ൻ പൗലോസ് തോമസ്; ബിഗ് ബാങ് തിയറിയും ദൈവ വിശ്വാസവും വിഷയമാകും

അഞ്ച് ബില്യൻ വർഷങ്ങൾക്കപ്പുറം സൂര്യൻ ഇല്ലാതെയാകുമെന്നും, അതിനും മുൻപേ ഭൂമി വാസയോഗ്യമല്ലാതായിത്തീരുമെന്നും വാദിക്കുന്ന ശാസ്ത്ര പ്രചാരകനുമാണ് പൗലോസ് തോമസ്. ദൈവവിശ്വാസികൾ മുന്നോട്ടുവയ്ക്കുന്ന പ്രപഞ്ചത്തിന്‍റെ നിർമാണത്തിലെ കൃത്യതയെ ചോദ്യം ചെയ്യുന്ന ഈ ഫിസിക്സ് അധ്യാപകൻ, പ്രപഞ്ചത്തിന് അങ്ങനെയൊരു നിർമാതാവില്ലെന്നാണു സമർഥിക്കാൻ ശ്രമിക്കുന്നത്.

എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ലോകത്തിലെ നാസ്തിക സമ്മേളനം ലിറ്റ്മസിലെ ദൈവവും പ്രപഞ്ചശാസ്ത്രവും ചർച്ചയാകുന്ന ഒറിജിൻ എന്ന പരിപാടിയിലൂടെ പൗലോസ് തന്‍റെ വാദമുഖങ്ങൾ അവതരിപ്പിക്കും.

ബഹിരാകാശത്തെ ജീവൻ

Paulose Thomas
പൗലോസ് തോമസ്Jayzel K J

ഭൂമിയും സൂര്യനും ഗ്രഹങ്ങളും അടങ്ങുന്ന സൗരയൂഥം ഒരു മികച്ച സൃഷ്ടിയായിരുന്നുവെങ്കിൽ അതിന് ഇത്ര കുറഞ്ഞ വർഷങ്ങൾ മാത്രം ആയുസ് നൽകുമായിരുന്നില്ല എന്നാണ് പൗലോസ് പറയുന്നത്. ഇലോൺ മസ്ക് അടക്കമുള്ളവർ ചൊവ്വ പോലുള്ള ഗ്രഹങ്ങൾ വാസയോഗ്യമാണോ എന്നു പരിശോധിക്കുന്നതും, ചന്ദ്രനിൽ കോളനികൾ നിർമിക്കാൻ ശ്രമിക്കുന്നതും ഭൂമിയുടെ ആയുസിനെക്കുറിച്ചുള്ള സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ്. കോടിക്കണക്കിനു ഡോളറാണ് ഇത്തരം ഗവേഷണങ്ങൾക്കായി നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്.

നമ്മൾ അധിവസിക്കുന്ന സൗരയൂഥം കൂടാതെ അനവധി നക്ഷത്ര സമൂഹങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്. അവിടങ്ങളിൽ മനുഷ്യന്‍റെ ദൃഷ്ടി പതിച്ചിട്ടുള്ള എവിടെയും ജീവന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്നു കരുതി ഭൂമിക്കു പുറത്ത് ജീവൻ നിലനിൽക്കാനുള്ള സാധ്യത തള്ളിക്കളയാനും സാധിക്കില്ല. ഭൂമി രൂപം കൊണ്ടത് ഒരു കോസ്മിക് പരിണാമത്തിലൂടെയാണ് (Cosmic Evolution) എന്നാണ് പൗലോസ് പറയുന്നത്. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്‍റെ എല്ലാ ഭാഗങ്ങളും പരസ്പരബന്ധിതമാണ് എന്ന ആശയമാണ് കോസ്മിക് പരിണാമം.

ഇന്‍റലിജന്‍റ് ഡിസൈൻ

Solar system - AI - Freepik

പ്രപഞ്ചത്തിലെ നി‌ർമിതികളെല്ലാം ശാസ്ത്രം ഉപയോഗിച്ച് നിർവചിക്കാൻ കഴിയില്ലെന്നാണ് മതവിശ്വാസികളുടെ വാദം. എന്നാൽ പ്രപഞ്ചം സൃഷ്ടിക്കാൻ ദൈവത്തിന്‍റെ ആവശ്യമില്ലെന്നും, ഇന്നുള്ള സകലതിനെയും ശാസ്ത്രത്തിന് നിർവചിക്കാനും അപഗ്രഥിക്കാനും സാധിക്കുമെന്നുമാണ് പൗലോസ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ബിഗ് ബാങ് തിയറി (The Big Bang Theory) എന്ന പ്രപഞ്ചോത്പത്തി സിദ്ധാന്തം മുതലുള്ള ഏതു കാര്യം പരിശോധിച്ചാലും അവിടെയൊന്നും ദൈവ സാന്നിധ്യം കണ്ടെത്താനാകില്ലെന്നാണ് വാദം.

സൗരയൂഥത്തിൽ ഭൂമിയും സൂര്യനും തമ്മിലുള്ള അകലം നിശ്ചയിക്കപ്പെട്ടിരിക്കുന്നു, സൗരയൂഥത്തിലെ ആകെ ജീവനുള്ളത് ഭൂമിയിൽ മാത്രമാണ്. ഇത്രയധികം ശ്രദ്ധയോടെ ഇത്തരത്തിൽ കൃത്യതയോടെ രൂപകൽപ്പന ചെയ്യാൻ ഒരു ഇന്‍റലിജന്‍റ് ഡിസൈനർ (The Intelligent Designer) വേണ്ടിവരുമെന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. ആ ഡിസൈനറെയാണ് അവർ ദൈവമെന്നു വിളിക്കുന്നത്.

അതേസമയം, 70 ശതമാനം വെള്ളമുള്ള ഭൂമിയിൽ 30 ശതമാനം മാത്രമാണ് കരഭാഗമുള്ളതെന്നും, അതിൽ തന്നെ മരുഭൂമികളും കാടുകളും കഴിഞ്ഞാൽ രണ്ട് ശതമാനം മാത്രം വരുന്ന പ്രദേശത്താണ് മനുഷ്യർ തിങ്ങിപ്പാർക്കുന്നതെന്നും (habitable land) പൗലോസ് ചൂണ്ടിക്കാട്ടുന്നു. ഇന്‍റലിജന്‍റ് ഡിസൈൻ വാദത്തിനു മറുപടിയായാണ് അദ്ദേഹം ഈ കണക്ക് നിരത്തുന്നത്.

ബിഗ് ബാങ് തിയറി ഉത്പത്തി സിദ്ധാന്തമല്ല

Big Bang - concept - AI

പല ആളുകളും പ്രപഞ്ച ഉത്പത്തി സിദ്ധാന്തമായാണ് ബിഗ് ബാങ് തിയറിയെ (മഹാവിസ്ഫോടന സിദ്ധാന്തം) കാണാറുണ്ട്. മഹാവിസ്ഫോടനം ഏകദേശം 13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതായി കരുതപ്പെടുന്നു. എന്നാൽ, പ്രപഞ്ചോത്പത്തി എന്താണ് എന്നത്, എങ്ങനെയത് ഉണ്ടായി എന്നതും ആർക്കും കണ്ടെത്താൻ സാധിച്ചിട്ടില്ല. ബിഗ് ബാങ് സൃഷ്ടിയുടെ ആരംഭമല്ല, മറിച്ച് ഈ പ്രപഞ്ചം എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു വിശദീകരണം മാത്രമാണ് എന്നാണ് പൗലോസ് പറയുന്നത്.

ബിഗ്‌ ബാങ് ഒരു കോസ്മിക് പരിണാമമാണ്. ഇതൊരു സ്‌ഫോടനമോ പൊട്ടിത്തെറിയോ അല്ല. കാരണം ഒരു സാധനം പൊട്ടിത്തെറിക്കാൻ സമയകാലം വേണം. പക്ഷേ, സമയവും കാലവും ഉണ്ടായത് തന്നെ ഈ വികാസത്തിൽ നിന്നാണ്. ബിഗ്‌ ബാങ്ങിനു മുമ്പ് എന്താണ് ഉണ്ടായിരുന്നുവെന്ന് വ്യക്തമായ അറിവില്ല. ചില സിദ്ധാന്തങ്ങൾ സിംഗുലാരിറ്റി എന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്, അതായത് അനന്തമായ ഊർജ്ജവും സാന്ദ്രതയും ഉള്ള അവസ്ഥ. തുടക്കത്തിൽ ഈ പ്രപഞ്ചം ഒരു സൂപ്പർ ഹോട്ട് പ്ലാസ്മ അവസ്ഥയിൽ ആയിരുന്നു എന്നും വാദമുണ്ട്. പിന്നീട് പ്രപഞ്ചം വികസിച്ചതോടെ താപനില ക്രമേണ കുറഞ്ഞു. സാന്ദ്രതയിൽ വലിയ വ്യതിയാനങ്ങൾ വന്നു. ആദ്യത്തെ ആറ്റങ്ങൾ രൂപപ്പെടുകയും ഗ്രഹപിണ്ഡങ്ങൾ, നക്ഷത്രങ്ങൾ, ഗാലക്സികൾ തുടങ്ങി ബ്രഹ്മാണ്ഡത്തിലെ മറ്റു ഘടകങ്ങൾ ആയ ഡാർക്ക് മാറ്ററും ഡാർക്ക് എനർജിയും വരെ രൂപംകൊള്ളുകയും ചെയ്യുകയാണ് ഉണ്ടായത്.

സംവാദം ഒക്റ്റോബർ 12ന്

ശാസ്ത്ര സ്വതന്ത്രചിന്താ സംഘടനയായ എസൻസ് ​ഗ്ലോബലിന്‍റെ വാർഷിക പരിപാടിയായ ലിറ്റ്മസ് '24, 2024 ഒക്ടോബർ 12ന് കോഴിക്കോട് ഇരഞ്ഞിപ്പാലത്ത് കാലിക്കറ്റ് ട്രേഡ് സെന്‍റർ, കൺവെൻഷൻ & എക്സിബിഷൻ ഹാളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെയാണ് പരിപാടികൾ നടക്കുന്നത്. പൗലോസിനൊപ്പം പാനലിസ്റ്റായി ശാസ്ത്രപ്രചാരകൻ നിഷാദ് കൈപ്പള്ളിയുമെത്തും. അധ്യാപകനായ രാകേഷ് വി മോഡറേറ്ററാകും. ലിറ്റമസ് '24 ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒരാൾക്ക് 350 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഉച്ചഭക്ഷണം ഉൾപ്പടെ 480 രൂപ. വിദ്യാർഥികൾക്ക് സ്പോൺസേഡ് രജിസ്ട്രേഷനുള്ള സംവിധാനവുമുണ്ട്.

Trending

No stories found.

Latest News

No stories found.