മെൽബൺ: ഭൂവൽക്കം, മാന്റിൽ, പുറക്കാമ്പ്, അകക്കാമ്പ്... നാലു ഭാഗങ്ങൾ ചേർന്നതാണു ഭൂമി എന്നാണ് നാം ഇതുവരെ അറിഞ്ഞിരുന്നത്. എന്നാൽ, അഞ്ചാമതൊരു പാളി കൂടി ഭൗമാന്തർഭാഗത്തുണ്ടെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. 6000 ഡിഗ്രി സെൽഷ്യസിലേറെ താപനിലയുള്ള അകക്കാമ്പിനുള്ളിൽ ഖരലോഹ ഗോളമുണ്ടെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. ഭൂകമ്പങ്ങൾ പുറപ്പെടുവിച്ച പ്രകമ്പന തരംഗങ്ങളാണ് ഭൗമശാസ്ത്ര പഠനത്തിൽ നിർണായകമാകുന്ന വിവരങ്ങളിലേക്കു നയിച്ചത്.
പത്തുവർഷത്തിനിടെ റിക്റ്റർ സ്കെയ്ലിൽ തീവ്രത ആറിനു മുകളിൽ രേഖപ്പെടുത്തിയ 200ലേറെ ഭൂകമ്പങ്ങളെയാണ് പഠനത്തിന് ആധാരമാക്കിയത്. നേച്ചർ കമ്യൂണിക്കേഷൻസ് എന്ന മാധ്യമത്തിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. ഗ്രഹങ്ങൾ രൂപംകൊണ്ടതും അവയുടെ പരിണാമവും സംബന്ധിച്ച പഠനത്തിൽ ഭൂകേന്ദ്രത്തെക്കുറിച്ചുള്ള പുതിയ പഠനം നിർണായകമാകുമെന്നു ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിക്കു കീഴിലെ സ്കൂൾ ഒഫ് എർത്ത് സയൻസസ് ഗവേഷകൻ ഡോ. തൻഹ് സൺ ഫാം. രണ്ടു പതിറ്റാണ്ടു മുൻപ് അകക്കാമ്പിന്റെ കേന്ദ്രമായ ഖരലോഹഗോളത്തെക്കുറിച്ചു സൂചനകൾ ലഭിച്ചിരുന്നെന്നു ഡോ. ഫാം. ഇപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഭൂകമ്പത്തെത്തുടർന്നു രൂപപ്പെടുന്ന പ്രകമ്പന തരംഗങ്ങൾ ഭൂമിയുടെ അകക്കാമ്പിലൂടെ ഭൂഗോളത്തിന്റെ മറുപാതിയിലേക്കു പോകുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. തുടർന്ന് ഈ തരംഗങ്ങൾ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിലേക്കു തിരികെയെത്തുന്നു. അലാസ്കയിലുണ്ടായ ഭൂകമ്പത്തെ നിരീക്ഷിച്ച ഗവേഷകർ തരംഗങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെവിടെയോ എത്തിയശേഷം പ്രതിഫലനം പോലെ തിരികെ വീണ്ടും അലാസ്കയിലെത്തി. തുടർന്നാണ് കൂടുതൽ ഭൂകമ്പങ്ങളെ നിരീക്ഷിച്ചത്.
ഭൗമാന്തർ ഭാഗമായ അകക്കാമ്പിലെ ഇരുമ്പും നിക്കലും ചേർന്ന ലോഹസങ്കരത്തിലൂടെ ഭൂകമ്പ തരംഗങ്ങളുടെ ഗതി ഗവേഷകർ പരിശോധിച്ചു. തരംഗങ്ങൾ ഭൂകേന്ദ്രത്തിലെവിടെയോ തട്ടി പ്രതിഫലനം പോലെ തിരികെ വരുന്നു. ഇക്കാര്യം കൂടുതൽ പരിശോധിച്ചപ്പോഴാണ് ഏതോ ഖരഗോളത്തിൽ തട്ടിയശേഷമാണു തരംഗങ്ങൾ തിരികെ വരുന്നതെന്നു തിരിച്ചറിഞ്ഞതെന്നും ഗവേഷകർ പറയുന്നു.