കാർബൺ പ്രതിസന്ധിക്ക് പുത്തൻ പരിഹാരവുമായി അസർബൈജാൻ സ്വദേശി
അനിയന്ത്രിതമായ ഇന്ധന ഉപഭോഗവും എൻജിൻ ഘർഷണവും മൂലം ഹരിതഗൃഹവാതക വർധന നേരിടുന്ന ലോകത്തിന് ആശ്വാസമാകുകയാണ് ഒരു അസർബൈജാൻ യുവ എൻജിനീയർ.
എക്‌സ്‌ട്രാ മൈൽ ടെക്‌നോളജീസിലെ ചീഫ് സയൻസ് ഓഫീസറും ബാക്കു ഹയർ ഓയിൽ സ്‌കൂളിലെ സീനിയർ എൻജിനീയറുമായ എൽമർ അസ്ഗർസാഡെയാണ് ഈ താരം. വാഹനങ്ങളിലെ എൻജിൻ ഘർഷണവും ഇന്ധന ഉപഭോഗവും ഗണ്യമായി കുറയ്ക്കുന്ന ഒരു ബ്രേക്ക്‌ത്രൂ ഫ്രിക്ഷൻ മോഡിഫയർ വികസിപ്പിക്കുന്നതിലാണ് അദ്ദേഹം വിജയിച്ചത്.
ഘർഷണം 30 ശതമാനം കുറയ്ക്കുകയും ഇന്ധന ഉപഭോഗത്തിൽ അഞ്ച് ശതമാനം കുറവു വരുത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെ പുത്തൻ കണ്ടെത്തൽ ലോകത്തിലെ തന്നെ പ്രമുഖ ഊർജ കമ്പനികളിലൊന്ന് പരീക്ഷിക്കുകയും സാധൂകരിക്കുകയും ചെയ്തിരുന്നു.
എക്‌സ്‌ട്രാ മൈൽ ടെക്‌നോളജീസിൽ, സമാന കാന്തികധ്രുവങ്ങൾക്കിടയിലുള്ള വികർഷണ ശക്തികൾക്ക് സമാനമായി അയോണിക് വികർഷണത്തിന്‍റെ തത്വത്തിൽ പ്രവർത്തിക്കുന്ന നൂതന ലൂബ്രിക്കന്‍റുകൾ വികസിപ്പിക്കുന്നതിലാണ് അസ്ഗർസാഡും അദ്ദേഹത്തിന്‍റെ സംഘവും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്‍റെ ഈ വിജയകരമായ സാങ്കേതിക വിദ്യ പരമ്പരാഗത ഉൽപ്പന്നങ്ങളേക്കാൾ കൂടുതൽ കാര്യക്ഷമമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
ബാക്കു ഹയർ ഓയിൽ സ്കൂളിലെ കെമിക്കൽ എൻജിനീയറിങ് പഠനകാലത്താണ് കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള അഭിനിവേശം അസ്ഗർസാദിൽ വളരാൻ തുടങ്ങിയത്.
അക്കാലത്തു തുടങ്ങിയ ഗവേഷണ പരീക്ഷണങ്ങളാണ് ഇപ്പോൾ വിജയകരമായത്.
അസർബൈജാനിലെ ക്ലൈമറ്റ് ലോഞ്ച്പാഡിൽ ഒന്നാം സ്ഥാനം നേടുന്നതിലേക്ക് അദ്ദേഹത്തിന്‍റെ പ്രയത്‌നങ്ങൾ അദ്ദേഹത്തെ നയിച്ചു. ഇത് സ്‌കോട്ട്‌ലൻഡിൽ നടന്ന ആഗോള ഫൈനലിൽ ഇടം പിടിച്ചു.
നവീകരണത്തിനും സംരംഭകത്വത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ അസർബൈജാനിലെ പ്രസിഡൻഷ്യൽ യൂത്ത് അവാർഡിന് അദ്ദേഹത്തെ അർഹനാക്കി.
ഒരു ഗവേഷകൻ,നൂതന സംരംഭകൻ എന്നീ നിലകളിൽ തിളങ്ങുമ്പോഴും താൻ അധ്യാപകനായിരിക്കുന്ന ബാക്കു ഹയർ ഓയിൽ സ്‌കൂളിലെ പുതുതലമുറയെ പരിപോഷിപ്പിക്കുന്നതിൽ ജാഗ്രതയുള്ള അധ്യാപകൻ കൂടിയാണ് അദ്ദേഹം.
വിദ്യാഭ്യാസം മെച്ചപ്പെടുത്തുക മാത്രമല്ല, അർത്ഥവത്തായ പാരിസ്ഥിതികവും സാമൂഹികവുമായ സംഭാവനകൾ നൽകുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതു കൂടിയാണ് തന്‍റെ ദൗത്യം എന്നു വിശ്വസിക്കുന്ന ഈ യുവ പ്രൊഫസർ തന്‍റെ വിദ്യാർഥികളെയും അതിനായി ഒരുക്കി വളർത്തുന്നു.