ഇലോൺ മസ്‌കിന്‍റെ ചിപ്പ് തലച്ചോറില്‍ വയ്ക്കാൻ ആളെ തേടുന്നു

ബ്രെയിന്‍ ഇംപ്ലാന്‍റ് ടെസ്റ്റ് ചെയ്യുന്നതിനുള്ള രോഗികളെ റിക്രൂട്ട് ചെയ്യാന്‍ തയാറെടുപ്പ് തുടങ്ങി
Elon Musk, Neuralink logo
Elon Musk, Neuralink logo
Updated on

ന്യൂയോര്‍ക്ക്: പക്ഷാഘാതം സംഭവിച്ച് സംസാരശേഷി നഷ്ടപ്പെട്ട രോഗികള്‍ക്ക് പുറംലോകവുമായി ആശയവിനിമയം നടത്താന്‍ ഉപകരിക്കുമെന്ന അവകാശവാദവുമായി ഇലോണ്‍ മസ്‌കിന്‍റെ ന്യൂറാലിങ്ക് തയാറാക്കിയ ബ്രെയിൻ ചിപ്പ് പ്രവർത്തനസജ്ജമായി. തലച്ചോറില്‍ ഘടിപ്പിക്കാവുന്ന ചിപ്പ് വികസിപ്പിച്ചെടുക്കാന്‍ ആറു വർഷമായി പരീക്ഷണങ്ങള്‍ നടത്തിവരുകയായിരുന്നു.

ഇപ്പോള്‍ ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ് കമ്പനിക്ക്. ബ്രെയിന്‍ ഇംപ്ലാന്‍റ് ടെസ്റ്റ് ചെയ്യുന്നതിനുള്ള രോഗികളെ റിക്രൂട്ട് ചെയ്യാന്‍ തയ്യാറെടുപ്പ് തുടങ്ങിയതായി ന്യൂറോ ടെക്‌നോളജി അറിയിച്ചു. പദ്ധതിയുമായി സഹകരിച്ച് ബ്രെയിന്‍ ഇംപ്ലാന്‍റ് ഘടിപ്പിക്കാനും പരീക്ഷണത്തിന്‍റെ ഭാഗമാകാനും തയാറുള്ള രോഗികളെ ക്ഷണിച്ചിരിക്കുകയാണ് ന്യൂറാലിങ്ക്. ഇതിനായുള്ള റജിസ്‌ട്രേഷന്‍ ഫോം കമ്പനി വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

അല്‍ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും ചിപ്പ് ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം. ആളുകളുടെ ചിന്തകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ കഴ്‌സറോ കീബോര്‍ഡോ നിയന്ത്രിക്കാന്‍ സഹായിക്കുന്നതില്‍ ഇംപ്ലാന്‍റിന്‍റെ സുരക്ഷയും ഫലപ്രാപ്തിയും പഠനം പരിശോധിക്കും. അതിനായി, ന്യൂറലിങ്ക് ഗവേഷകര്‍ റോബോട്ട് ഉപയോഗിച്ച് ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ മനുഷ്യ ശരീരത്തിന്‍റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗത്ത് ഇംപ്ലാന്‍റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

10 രോഗികളില്‍ ഉപകരണം ഘടിപ്പിക്കുന്നതിന് അംഗീകാരം നേടാനാണ് ന്യൂറാലിങ്ക് മുമ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കമ്പനിയും യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (എഫ്.ഡി.എ) തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ രോഗികളുടെ എണ്ണം കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ബ്രെയിന്‍ ചിപ്പ് കുരങ്ങന്‍മാരില്‍ പരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കിന്‍റെ ബയോടെക് കമ്പനിയായ ന്യൂറാലിങ്കിനെതിരെ യുഎസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ, വൈകാതെ, ന്യൂറാലിങ്ക് നിര്‍മിച്ച ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ച ഒരു കുരങ്ങന്‍ വെര്‍ച്വല്‍ കീബോര്‍ഡ് ഉപയോഗിച്ച് ടെലിപതിക് ടൈപ്പിങ് നടത്തുന്ന വീഡിയോ ഇലോണ്‍ മസ്‌ക് പങ്കുവെക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.