ചാറ്റ്ജിപിടിക്കു ഗൂഗ്ളിന്‍റെ ബദൽ: ബാർഡ് ഇന്ത്യയിലുമെത്തി

ടെക്ക് ലോകത്ത് ഒരു ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് യുദ്ധത്തിനു തന്നെ കളമൊരുങ്ങി
ചാറ്റ്ജിപിടിക്കു ഗൂഗ്ളിന്‍റെ ബദൽ: ബാർഡ് ഇന്ത്യയിലുമെത്തി
Updated on

ചാറ്റ് ജിപിടിക്കു ബദൽ എന്നോണം ഗൂഗ്ൾ വികസിപ്പിച്ചെടുത്ത ബാർഡ് എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോം ഇന്ത്യയിലും ലഭ്യമായിത്തുടങ്ങി. ഇതോടെ ടെക്ക് ലോകത്ത് ഒരു എഐ യുദ്ധത്തിനു തന്നെയാണ് തുടക്കം കുറിച്ചിരിക്കുകയാണ്.

ഈ വർഷം ഫെബ്രുവരിയിലാണ് ബാർഡ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ബ്രിട്ടനിലും അമെരിക്കയിലും മാത്രം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായിരുന്ന ബാർഡ് ഇപ്പോൾ 108 രാജ്യങ്ങളിൽ ലഭിക്കുന്നുണ്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് ബാർഡിന്‍റെ പ്രവർത്തനം വ്യപിപ്പിക്കാനാണ് ഗൂഗ്‌ളിന്‍റെ തീരുമാനം.

എങ്ങനെ ഉപയോഗിക്കാം?

bard.google.com എന്ന വെബ്‌സൈറ്റ് വഴി ഗൂഗ്‌ൾ ബാർഡ് എഐ ചാറ്റ്‌ബോട്ട് ലഭിക്കും. 'Try Bard' എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യാം.

ബാർഡ് ലഭ്യമാക്കിയെങ്കിലും അത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലായതിനാൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. നിർമിത ബുദ്ധിയിൽ കൂടുതൽ പരീക്ഷങ്ങൾ നടത്തുന്നതിനായി കഴിഞ്ഞ മാസം ഗൂഗ്ൾ തങ്ങളുടെ കീഴിലുള്ള ഡീപ് മൈൻഡ്, ബ്രെയിൻ എന്നീ സംഘങ്ങളെ ഗൂഗിൾ ഡീപ്മൈൻഡ് എന്ന പേരിൽ ഒരുമിപ്പിച്ചിരുന്നു.

വരാനിരിക്കുന്ന ഫീച്ചറുകൾ

ഗൂഗ്ൾ സ്വന്തമായി വികസിപ്പിച്ചെടുത്ത ലാഗ്വേജ് മോഡൽ PaLM2 അടിസ്ഥാനപ്പെടുത്തിയാണ് ബാർഡിന്‍റെ പ്രവർത്തനം. ജാപ്പനീസിലും കൊറിയനിലും ബംഗാളിയിലുമടക്കം ലോകത്തെ 40 ഭാഷകളിൽ കൂടി പ്രവർത്തിക്കാന്‍ തക്ക രീതിയിൽ ഗൂഗ്ൾ ബാർഡ് വികസിപ്പിച്ചെടുക്കുമെന്നും ഗൂഗ്ൾ അറിയിച്ചു. ഉപയോക്താക്കൾക്ക് നൽകുന്ന പ്രതികരണങ്ങളിൽ ബാർഡ് കൂടുതൽ 'വിഷ്വൽ' ആയിരിക്കുമെന്നതാണ് പ്രഖ്യാപിച്ച സവിശേഷതകളിലൊന്ന്.

ഗൂഗ്ൾ ഫോട്ടോസിലും ഗൂഗ്ൾ ലെന്‍സിലും ബാർഡിന് പ്രവർത്തിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഭാവിയിൽ എഐ ചാറ്റ്ബോട്ട് അതിന്‍റെ പ്രതികരണത്തിൽ വാചകത്തിനൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയേക്കും. ഡോക്സിലേക്കും (Docs) ജിമെയിലിലേക്കും ബാർഡിനെ ഉൾക്കൊള്ളിക്കാനും ഗൂഗ്ൾ പദ്ധതിയിടുന്നുണ്ട്.

ചാറ്റ് ജിപിടിയിൽനുള്ള വ്യത്യാസം

പുത്തന്‍ ഫീച്ചറുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ ഗൂഗ്ൾ ബാർഡ് അപ്ഡേറ്റ്ഡ് ആണ് എന്നതാണ് ഏറ്റവും വലിയ വ്യത്യാസം. ചാറ്റ് ജിപിടി 2021 സെപ്റ്റംബർ വരെയുള്ള പരിമിതമായ ഡേറ്റ മാത്രമാണ് ഉപയോഗിക്കുന്നത്. ചാറ്റ് ജിപിടിക്ക് ഒരു ചോദ്യത്തിന് ഒരു സമയം ഒറ്റ ഉത്തരം മാത്രമാണ് നൽകാന്‍ സാധിക്കുക. എന്നാൽ, ഇതിനു വ്യത്യസ്തമായി ഗൂഗിൾ ബാർഡ് ഒരു ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങൾ തെരഞ്ഞെടുപ്പിനായി നൽകും.

ഒരു വെബ് പേജിൽ നിന്ന് വലിയ അളവിലുള്ള ഡേറ്റ തെരഞ്ഞെടുക്കുകയാണെങ്കിൽ, ഉറവിടങ്ങൾ ഉദ്ധരിക്കാൻ ബാർഡിന് കഴിയും. ചാറ്റ് ജിപിടി ഉത്തരം ടൈപ്പ് ചെയ്യുന്ന രീതി പിന്തുടരുമ്പോൾ മറുവശത്ത്, ഗൂഗ്ൾ ബാർഡ് ഒറ്റയടിക്ക് ചോദ്യങ്ങൾക്കുള്ള മുഴുവൻ ഉത്തരങ്ങളും നൽകും. ടെക്സ്റ്റിനു പുറമേ, ചിത്രങ്ങളും ദൃശ്യങ്ങളും കൂടി നൽകാൻ സാധിക്കുന്നു എന്നതും ബാർഡിന്‍റെ പ്രത്യേകതയാണ്.

എന്തായാലും രണ്ട് പ്ലാറ്റ്‌ഫോമുകളിലും അപ്‌ഡേറ്റുകൾ പുറത്തുവരാൻ തുടങ്ങുന്നതോടെ കൂടുതൽ ഫീച്ചേഴ്സും നമുക്ക് പ്രതീക്ഷിക്കാം.

Trending

No stories found.

Latest News

No stories found.