കൊതുക് പരത്തുന്ന രോഗങ്ങളെയും മറ്റു പ്രശ്നങ്ങളെയും പരിഹരിക്കാനായി ഗവേഷകര്‍ കണ്ടെത്തിയ ഒരു മാര്‍ഗമാണ് ജനിതകമാറ്റം വരുത്തിയ കൊതുകുകളെ തുറന്നുവിടുക എന്നത്. ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഓക്‌സിടെക്’ എന്ന ബയോടെക്‌നോളജി കമ്പനിയാണ് ഇത്തരത്തിൽ ഒരു ആശയവുമായി രംഗത്തെത്തിയത്.
പൊതുവെ കാണപ്പെടുന്ന ‘ഈഡിസ് ഈജിപ്തി’ എന്ന ഇനത്തില്‍പ്പെട്ട ആണ്‍കൊതുകുകളെയാണ് ജനിതകമാറ്റം വരുത്തി ഇതിനായി ഉപയോഗിക്കുന്നത്. ജനിതക മാറ്റം വരുത്തിയ കൊതുകുകൾ പുറത്തെത്തി മറ്റ് പെണ്‍കൊതുകുകളുമായി ഇണ ചേരുമ്പോള്‍ ഇവരില്‍ നിന്ന് പുറപ്പെടുന്ന ഒരു ‘പ്രോട്ടീന്‍’ പെണ്‍കൊതുകുകളുടെ പ്രത്യുത്പാദന ശേഷി തകര്‍ക്കുന്നു എന്നതാണ് ഇതിലെ പ്രത്യേകത.
ഇത്തരത്തിൽ കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഇല്ലാതാവുകയും ഇതുമൂലം കൊതുകുകളിലൂടെ പകരുന്ന രോഗങ്ങള്‍ കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
പരീക്ഷണത്തിനായി പുറത്തുവിടുന്ന കൊതുകുകളത്രയും ആണ്‍ കൊതുകുകളായതിനാല്‍ ഇവ മനുഷ്യരെ കടിക്കുമെന്നോ അതുവഴി മനുഷ്യര്‍ക്ക് എന്തെങ്കിലും ആപത്ത് പിണയുമെന്നോ ഉള്ള പേടി വേണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു. ദീർഘ കാലമായി പരിഗണനയിലിരുന്ന പദ്ധതിക്ക് ഇപ്പോള്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ആയ ഫ്‌ളോറിഡ അനുമതി നല്‍കി.
ഇനി അധികം വൈകാതെ തന്നെ കൊതുകുകളെ തുറന്നുവിട്ട് ആദ്യഘട്ട പരീക്ഷണം നടത്തി. 75 കോടിയോളം കൊതുകുകളെയാണ് സതേണ്‍ ഫ്‌ളോറിഡയിലെ മണ്‍റോ കൗണ്ടിയിലേക്ക് തുറന്നുവിട്ടത്.