എവറസ്റ്റ് കൊടുമുടിക്ക് പൊക്കം കൂടാൻ കാരണം അരുൺ!
ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്‍റെ പൊക്കം പ്രതിവർഷം രണ്ടു മില്ലീമീറ്റർ വരെ കൂടുന്നുണ്ട് എന്നത് നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുള്ള വസ്തുതയാണ്. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഒരു നദിയുടെ പ്രവാഹമാണെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ നദിയുടെ പേരാണ് അരുൺ.
അരുൺ നദീതടത്തിൽ 75 കിലോമീറ്റർ ദൂരത്തോളം ജലപ്രവാഹം കാരണം മണ്ണും ചെളിയും പാറയും ഒലിച്ചു പോകുന്നതു കാരണം, 15 മീറ്റർ മുതൽ 50 മീറ്റർ വരെ എവറസ്റ്റിന്‍റെ പൊക്കം കൂടിയിട്ടുണ്ടെന്നാണ് യൂണിവേഴ്സിറ്റി കോളെജ് ഓഫ് ലണ്ടൻ ഗവേഷകരുടെ കണ്ടെത്തൽ.
അടിത്തട്ടിലെ മണ്ണും ചെളിയും ഒഴുകിപ്പോയാൽ പൊക്കം കുറയും എന്നതാണ് സാമാന്യ യുക്തി. എന്നാൽ, എവറസ്റ്റിന്‍റെ കാര്യത്തിൽ സംഭവിക്കുന്നത് നേർ വിപരീതമായാണ്. വലിയൊരു ചരക്ക് കപ്പലിൽ നിന്നു കുറച്ച് സാധനങ്ങൾ കടലിലേക്ക് എറിഞ്ഞു കളഞ്ഞാൽ കപ്പലിനു ഭാരം കുറയുകയും, അപ്പോൾ അത് ജലോപരിതലത്തിൽ കൂടുതൽ ഉയരത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നതു പോലെയാണിതെന്ന് ഗവേഷകർ സമർഥിക്കുന്നു.
40-50 മില്യൻ വർഷം മുൻപ് ഇന്ത്യൻ ഭൂഭാഗവും യൂറേഷ്യൻ ഭൂഭാഗവും തമ്മിൽ കൂട്ടിയിടിച്ചപ്പോഴുണ്ടായ സമ്മർദത്തിൽ ഇവയ്ക്കിടയിൽ നിന്ന് ഉയർന്നു വന്നതാണ് ഹിമാലയ പർവതം എന്നാണ് കരുതപ്പെടുന്നത്. ഈ പ്ലേറ്റ് ടെക്റ്റോണിക്സ് തന്നെയാണ് ഹിമാലയത്തിന് ഉയരം കൂടിക്കൊണ്ടിരിക്കാനും കാരണമാകുന്നത്. ഇക്കാര്യത്തിൽ അരുൺ നദിയുടെ പ്രവാഹവും പ്രധാന പങ്ക് വഹിക്കുന്നു എന്നാണ് പുതിയ കണ്ടെത്തൽ.
ഭൂമിയുടെ പുറന്തോടിൽ നിന്നുള്ള വസ്തുക്കളാണ് അരുൺ നദി ഒഴുക്കിക്കൊണ്ടു പോകുന്നത്. പുറന്തോടിനു തൊട്ടു താഴെയുള്ള അടുക്ക്, അതായത് ഭൂവൽക്കത്തിനു മേലുള്ള സമ്മർദം കുറയാൻ ഇതിടയാക്കും. ഇതോടെ, കനം കുറയുന്ന മേലാവരണം സമ്മർദം കുറഞ്ഞ് അൽപ്പം ഉയരും.
ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ഈ പ്രതിഭാസത്തിനു പറയുക. എവറസ്റ്റിന്‍റേതു മാത്രമല്ല, അടുത്തുള്ള മറ്റു കൊടുമുടികളുടെയും പൊക്കം കൂടാൻ ഇതിടയാക്കുന്നുണ്ടെന്നാണ് നേച്ചർ ജിയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത്.
ടിബറ്റിൽ നിന്ന് നേപ്പാളിലേക്കൊഴുകി മറ്റു രണ്ടു നദികളുമായി ചേർന്ന് കോസി പുഴയായി ഉത്തരേന്ത്യയിലെത്തി ഗംഗയിൽ ചേരുന്ന നദിയാണ് അരുൺ.