വൈദ്യുത വാഹനങ്ങൾ എങ്ങനെ ചാർജ് ചെയ്യാം

ബിഇഇ ഡയറക്റ്റർ, സമീർ പണ്ഡിത എഴുതുന്നു
how to charge electric vehicles, all you want to know
വൈദ്യുത വാഹനങ്ങൾ എങ്ങനെ ചാർജ് ചെയ്യാം
Updated on

2070ഓടെ, കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഗതാഗത മേഖലയെ കാർബൺ മുക്തമാക്കുന്നതിൽ വൈദ്യുത വാഹനങ്ങൾ (ഇവി ) വഹിക്കുന്ന സുപ്രധാന പങ്ക് നാം മനസിലാക്കേണ്ടത്. വൈദ്യുത വാഹനങ്ങളുടെ വ്യാപക സ്വീകാര്യതയും വിശ്വസനീയതയും ഉറപ്പാക്കണമെങ്കിൽ സാർവത്രികമായ ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ കൂടിയേ കഴിയൂ. ചാർജിങ് സുഗമമാക്കുന്നതിനായി വൈദ്യുത വാഹന ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള 2024ലെ മാർഗനിർദേശങ്ങൾ ഭാരത സർക്കാർ പുറത്തിറക്കി. രാജ്യത്തുടനീളം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ചട്ടക്കൂടാണിത്.

ശക്തമായ ഇവി ചാർജിങ് ശൃംഖല കെട്ടിപ്പടുക്കുന്നത് കേവലം സൗകര്യപ്രദം എന്നതിലുപരി ഊർജ സുരക്ഷ കൈവരിക്കുന്നതിലും, പുനരുപയോഗ ഊർജം പ്രയോജനപ്പെടുത്തുന്നതിലും, വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും പ്രാധാന്യമർഹിക്കുന്നു. കൂടാതെ, ഈ മേഖലയുടെ വികസനം പുതിയ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും പുനരുപയോഗ ഊർജം, ബാറ്ററി സാങ്കേതികവിദ്യ, സ്മാർട്ട് ഗ്രിഡ് സംവിധാനങ്ങൾ എന്നീ രംഗങ്ങളിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പ്രധാന സവിശേഷതകൾ

നഗര, ഗ്രാമ പ്രദേശങ്ങളിൽ ഇരുചക്ര വാഹനങ്ങൾ മുതൽ ഹെവി ഡ്യൂട്ടി ട്രക്കുകൾ വരെയുള്ള വിവിധ തരം വാഹനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ചാർജിങ് അടിസ്ഥാനസൗകര്യങ്ങൾ അതിവേഗം വിപുലീകരിക്കുന്നത് ഉറപ്പാക്കാൻ 2024ലെ മാർഗനിർദേശങ്ങൾ വ്യക്തമായ ഒരു രൂപരേഖ മുന്നോട്ടു വയ്ക്കുന്നു. 2024ലെ മാർഗനിർദേശങ്ങളുടെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:

പൊതു, സ്വകാര്യ ചാർജിങ് സ്റ്റേഷനുകൾ

റേഞ്ച് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന്, ചാർജിങ് അടിസ്ഥാനസൗകര്യങ്ങളിലേക്കുള്ള സാർവത്രിക പ്രവേശനം ഉറപ്പാക്കുന്നതിനായി നഗര, ഗ്രാമ പ്രദേശങ്ങളിൽ കൃത്യമായ ദൂരപരിധിയിൽ പൊതു ചാർജിങ് സ്റ്റേഷനുകൾ 2024ലെ മാർഗനിർദേശങ്ങളിലൂടെ നിർബന്ധമാക്കുന്നു.

വൈദ്യുത വാഹനങ്ങളുടെ വ്യാപക സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിൽ സുഗമമായ ചാർജിങ് അടിസ്ഥാനസൗകര്യങ്ങൾ നിർണായകമാണ്. കൂടാതെ, പാർപ്പിട സമുച്ചയങ്ങൾ, ഓഫിസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിൽ സ്വകാര്യ ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കാൻ പ്രോത്സാഹനമേകുന്നു. ഒരു വൈദ്യുത വാഹന ഉപയോക്താവ് എന്ന നിലയിൽ, ഡൽഹിയിൽ നിന്ന് ഷിംലയിലേക്ക് യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ഇവി ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ സംബന്ധിച്ച് ആശങ്കപ്പെടേണ്ടി വരില്ല എന്ന് സാരം.

ദേശീയ പാതയിൽ ഓരോ 20 കിലോമീറ്റർ ഇടവിട്ട് ചാർജിങ് പോയിന്‍റുകൾ കണ്ടെത്താനാകും. നഗരത്തിൽ എത്തിക്കഴിഞ്ഞാൽ, ആശങ്കകളില്ലാതെ നിങ്ങളുടെ വീടുകളിലോ ഓഫിസുകളിലോ വാഹനം ചാർജ് ചെയ്യാനും കഴിയും.

പ്രവർത്തനക്ഷമതയിലെ പാരസ്പര്യം

വ്യത്യസ്‌ത ചാർജിങ് നെറ്റ്‌വർക്കുകൾ തമ്മിലുള്ള പ്രവർത്തനക്ഷമതയിലെ പാരസ്പര്യത്തിന് ഊന്നൽ നൽകുന്നുവെന്നതാണ് 2024 മാർഗനിർദേശങ്ങളുടെ ഒരു പ്രധാന സവിശേഷത. ചാർജിങ് ഉപകരണങ്ങളുടെ നിർമാതാവോ വാഹനത്തിന്‍റെ തരമോ പരിഗണിക്കാതെ തന്നെ ഏത് ചാർജിങ് സ്റ്റേഷനിലും ഇവി ഉപയോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് ഇതിനർഥം. ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ വ്യാപകവും ഉപയോക്തൃ- സൗഹൃദവുമാണെന്ന് ഉറപ്പാക്കുന്നതിൽ ഇത് പ്രധാനമാണ്.

ഇവി ഉപയോക്താക്കൾക്ക്, കുറഞ്ഞ നിരക്കിൽ ഒന്നിലധികം ചാർജിങ് ശൃംഖലകളിലേക്ക് പ്രവേശനം പ്രാപ്‌തമാകുന്നതിലൂടെ കൂടുതൽ സൗകര്യവും തിരഞ്ഞെടുക്കാനുള്ള അവസരവും ലഭ്യമാകുമെന്ന് മാത്രമല്ല റേഞ്ച് സംബന്ധിച്ച ഉത്കണ്ഠയ്ക്ക് പരിഹാരവും ചാർജിങ് ചെലവിൽ ലാഭവും വാഗ്ദാനം ചെയ്യുന്നു. അതിനാൽ, അടുത്ത തവണ യാത്ര ചെയ്യുമ്പോൾ, നിങ്ങൾ ദേശീയ പാതയിലായാലും നഗരത്തിലായാലും ഒരു പൊതു ചാർജിങ് സ്റ്റേഷനിൽ നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായി നീണ്ട ക്യൂവിൽ കാത്ത് കിടന്ന് നിരാശപ്പെടേണ്ടതില്ല.

ചാർജറുകളുടെ പ്രവർത്തനക്ഷമതയിൽ പാരസ്പര്യം ഉറപ്പാക്കുന്നതോടെ, ഏറ്റവും അടുത്തുള്ള അനുയോജ്യമായ ചാർജിങ് സ്റ്റേഷൻ കണ്ടെത്താൻ നിങ്ങൾക്ക് ഏത് ചാർജിങ് സേവന ദാതാവിന്‍റെയും മൊബൈൽ ആപ്പ് ഉപയോഗിക്കാം.

സ്മാർട്ട് ചാർജിങ്

ഊർജ ഉപഭോഗം പരമാവധി കാര്യക്ഷമാക്കുന്നതിനായി ഗ്രിഡ് മാനെജ്മെന്‍റ് സംവിധാനങ്ങളുമായി സംയോജിപ്പിച്ചുള്ള സ്മാർട്ട് ചാർജറുകളുടെ ഉപയോഗം 2024ലെ മാർഗനിർദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. സ്‌മാർട്ട് ചാർജറുകൾ വൈദ്യുതി ഉപഭോഗം കുറഞ്ഞ സമയങ്ങളിൽ വാഹനം ചാർജ് ചെയ്യാൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്നു. ഇത് ചെലവ് കുറയ്ക്കുകയും പവർ ഗ്രിഡിന്‍റെ അധിക ഭാരം ലഘൂകരിക്കുകയും ചെയ്യുന്നു.

വൈദ്യുതി ഉപഭോഗം കുറഞ്ഞ സമയങ്ങളിൽ വാഹനം ചാർജ് ചെയ്യാൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിലൂടെ ഊർജ ആവശ്യകത കുറയുന്നു. കൂടാതെ യാത്രകളുടെ കാര്യക്ഷമമായ ആസൂത്രണത്തിനായി ചാർജിങ് സ്റ്റേഷനുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്നു. അനിയന്ത്രിതമായ ചാർജിങ് ഗ്രിഡ് ഓവർലോഡ് ആകാനും പ്രവർത്തനച്ചെലവ് വർധിക്കാനും ഗ്രിഡിന്‍റെ വിശ്വാസ്യതയെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കാനും സാധ്യതയുള്ളതിനാൽ ഒരു വൈദ്യുത വിതരണ കമ്പനിയെ സംബന്ധിടത്തോളം (DISCOM) ഗ്രിഡ് സുസ്ഥിരമാക്കാനും കൂടുതൽ ഇവികളെ എളുപ്പത്തിൽ സംയോജിപ്പിക്കാനും കഴിയുന്ന സ്മാർട്ട് ഇവി ചാർജറുകൾക്കായിരിക്കും മുൻഗണന നൽകുക.

സുരക്ഷ, വിശ്വാസ്യത മാനദണ്ഡങ്ങൾ

ഉപയോക്തൃ ആശങ്കകൾ കുറയ്ക്കുന്നതിൽ സുപ്രധാനമായ അഗ്നി സുരക്ഷ, വൈദ്യുത അപകട സംരക്ഷണം, വ്യക്തമായ സൂചനകൾ എന്നിവ ഉൾപ്പെടെയുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ 2024ലെ മാർഗനിർദേശങ്ങൾ നിർബന്ധമാക്കുന്നു. ചാർജിങ് പോയിന്‍റുകൾ ലഭ്യമല്ലാത്തതിനാൽ ചാർജിങ് സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർമാർക്ക് ദേശീയ പാതകളിൽ തടസരഹിത സേവനം ആവശ്യമാണ്.

അങ്ങനെ നോക്കുമ്പോൾ, ഒരു ഇവി ഉപയോക്താവ് എന്ന നിലയിൽ, സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ ചാർജർ ലഭ്യമാവുക എന്നതിനർഥം വൈദ്യുതാഘാതം, തീപ്പിടിത്തം, മറ്റ് തകരാറുകൾ മൂലമുള്ള അപകടങ്ങൾ എന്നിവ സംബന്ധിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്നാണ്. നിങ്ങളുടെ വാഹനം സുരക്ഷിതമായി ചാർജ് ചെയ്യുമ്പോൾ നിങ്ങൾക്ക് മനസമാധാനം ലഭിക്കുന്നു. കൂടാതെ, വിശ്വസനീയമായ ചാർജറുകൾ ഉപയോഗിക്കുന്നതിലൂടെ, തകരാറിലായ ഉപകരണങ്ങൾ മൂലമുള്ള അപകടങ്ങളുമില്ല. ഇത് നിങ്ങളുടെ യാത്രകൾ സുഗമവും സമ്മർദരഹിതവുമാക്കുന്നു.

ആനുകൂല്യങ്ങളും സ്വകാര്യ നിക്ഷേപ പ്രോത്സാഹനവും

ഇവി ചാർജിങ് അടിസ്ഥാനസൗകര്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ചാർജിങ് അടിസ്ഥാനസൗകര്യം സജ്ജീകരിക്കുന്നതിനുള്ള ഭൂമിയുടെ ലഭ്യത വർധിപ്പിക്കുന്നതിനും നൂതന ബിസിനസ് മാതൃകകകൾ പ്രോത്സാഹിപ്പിക്കാനുതകുന്ന ഒട്ടേറെ സാമ്പത്തിക ആനുകൂല്യങ്ങൾ സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഗ്രാമങ്ങളിലും സൗകര്യക്കുറവുള്ള പ്രദേശങ്ങളിലുമുൾപ്പെടെ ഇവി ചാർജിങ്ങിന്‍റെ ചെലവ് കുറയ്ക്കാനും യന്ത്രോപകരണങ്ങൾ സ്ഥാപിക്കുന്നത് ലളിതമാക്കാനും ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ, ചാർജിങ് സ്റ്റേഷനുകളുടെ വ്യാപനം ത്വരിതപ്പെടുത്തുന്നതിന് പൊതു- സ്വകാര്യ പങ്കാളിത്തത്തെ (PPPs) 2024 ലെ മാർഗനിർദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

സ്വകാര്യ മേഖലയിലെ വിഭവങ്ങളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നതിലൂടെ, തദ്ദേശ ഭരണകൂടങ്ങൾക്ക് ഇവി ചാർജിങ് ശൃംഖല കൂടുതൽ കാര്യക്ഷമമായി വികസിപ്പിക്കാൻ കഴിയും. ചാർജിങ് ബിസിനസിൽ നിക്ഷേപിക്കാൻ ഉത്സുകനായ ഒരു ചാർജ് പോയിന്‍റ് ഓപ്പറേറ്റർ എന്ന നിലയിൽ, ഒരു ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ ചെലവ് വരുന്നത് ഭൂമിക്കാണെന്ന് മനസിലാക്കാനാകും. ഇലക്‌ട്രിക് വാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത, വിലക്കുറവുള്ള ഭൂമി, പ്രൊമോഷണൽ സപ്ലൈ താരിഫ് എന്നിവയുടെ ലഭ്യത നിങ്ങളുടെ പ്രാരംഭ നിക്ഷേപവും പ്രവർത്തന ചെലവും ഗണ്യമായി കുറയ്ക്കും. പ്രധാനമായ സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ, ഇവി ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാനും കൂടുതൽ ശക്തമായ ചാർജിങ് അടിസ്ഥാനസൗകര്യത്തിന് സംഭാവന നൽകാനും കഴിയും. ഇത് വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

പുനരുപയോഗ ഊർജം

സൗരോർജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസുകളുമായി ചാർജിങ് സ്റ്റേഷനുകൾ സംയോജിപ്പിക്കുന്നത് വൈദ്യുത വാഹനങ്ങളെ സംബന്ധിച്ച മാർഗനിർദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ശുദ്ധമായ ഊർജം ഉപയോഗിച്ചാണ് ഇവി കൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുകയും പാരിസ്ഥിതിക ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.

കാർബൺ ഫുട്പ്രിന്‍റ്സ് കുറയ്ക്കുന്നതിനും ചാർജിങ് ചെലവ് കുറയ്ക്കുന്നതിനും നിങ്ങളുടെ ഇവി ബാറ്ററികൾ പുനരുപയോഗിക്കാവുന്ന ഊർജം ഉപയോഗിച്ച് ചാർജ് ചെയ്യാൻ താത്പര്യപ്പെടുന്നു. കിഴിവുള്ള താരിഫ് പ്രയോജനപ്പെടുത്തുന്നതിന്, രാവിലെ 9 മുതൽ വൈകിട്ട് 4 വരെ സൗരോർജ ലഭ്യതയുള്ള സമയങ്ങളിൽ ഒരു പൊതു ചാർജിങ് സ്റ്റേഷനിലോ വസതിയിലോ ഓഫിസിലോ ചാർജ് ചെയ്യാൻ താൽപ്പര്യപ്പെടുന്നു. ഇതുവഴി, തിരക്കുള്ള ഗ്രിഡിൽ ലോഡ് കൂട്ടാതെയും വൈകുന്നേരത്തെ തിരക്കുള്ള സമയങ്ങളെ ബാധിക്കാതെയും നിങ്ങളുടെ ഇവി ചാർജ് ചെയ്യാം.

ഇവി ചാർജിങ് അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള 2024 ലെ മാർഗനിർദേശങ്ങൾ ഇന്ത്യയുടെ സുസ്ഥിര ഊർജ ഭാവിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ചാർജ് ചെയ്യുന്നതിലും ഇവി സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിലും അടിസ്ഥാന സൗകര്യമേഖല നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ച് ഈ മാർഗനിർദേശങ്ങൾ ശുദ്ധമായ ഗതാഗത സംവിധാനത്തിന് അടിത്തറയിടുന്നു. വിപുലമായ ഇവി ചാർജിങ് ശൃംഖല, ഇന്ത്യയുടെ ഹരിത ഊർജ ലക്ഷ്യങ്ങൾക്ക് അനുസൃതമാണെന്ന് മാത്രമല്ല ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രിതത്വവും കാർബൺ ബഹിർഗമനം കുറയ്ക്കുകയും വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. പുനരുപയോഗ ഊർജത്തിലേക്ക് രാജ്യം പരിവർത്തനപ്പെടുമ്പോൾ, ഈ മാർഗനിർദേശങ്ങളാൽ പിന്തുണയ്ക്കപ്പെടുന്ന വൈദ്യുത വാഹനങ്ങൾ സ്വീകരിക്കുന്നത് ഊർജ പരിവർത്തനത്തിൽ നിർണായകമാകും.

Trending

No stories found.

Latest News

No stories found.