ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് മാർക് സക്കർബർഗ് അവതരിപ്പിച്ച പുതിയ ആപ്ലിക്കേഷൻ ത്രെഡ്സ്. ട്വിറ്ററിനെ വെല്ലുവിളിച്ചു കൊണ്ടാണ് സക്കർബർഗ് ത്രെഡ്സിനെ മുന്നോട്ടു വയ്ക്കുന്നത്.
ഇതിനു മുൻപ് ട്വിറ്ററിനു ബദലെന്ന നിലയിൽ പല ആപ്പുകളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നും പച്ച പിടിച്ചിരുന്നില്ല. ട്വിറ്ററിനെ പോലെ ഉപയോക്താക്കളെ സ്വന്തമാക്കാൻ മറ്റാർക്കും കഴിഞ്ഞിരുന്നില്ലെന്നതാണ് സത്യം. അതു കൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിന്‍റെ സഹായത്തോടെയാണ് സക്കർബർഗ് ത്രെഡ്സിനെ മുന്നോട്ടു വയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉള്ളവർക്ക് ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങാം. ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെയെല്ലാം ഫോളോ ചെയ്യാനും സാധിക്കും. പണ്ട് ട്വിറ്ററിനോട് പൊരുതി പരാജയപ്പെട്ടു പോയ ആപ്പുകളെപ്പോലെ ഒന്നുമില്ലായ്മയിൽ നിന്നുമല്ല സക്കർബർഗ് ത്രെഡ്സിനെ മുന്നോട്ടു വയ്ക്കുന്നതെന്ന് സാരം.
ത്രെഡ്സ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?
ഗൂഗിൾ പ്ലേ വഴിയും ആപ്പ് സ്റ്റോർ വഴിയും മറ്റ് ആപ്പുകള് ഡൗൺ ലോഡ് ചെയ്യുന്ന അതേ രീതിയിൽ ത്രെഡ്സ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. നിലവിൽ ത്രെഡ്സിന്‍റെ വെബ് വേർഷൻ മെറ്റാ പുറത്തിറക്കിയിട്ടില്ല.
എങ്ങനെ ത്രെഡ്സ് അക്കൗണ്ട് തുടങ്ങാം?
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളവർക്കാണ് ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കുക. മറ്റെല്ലാം ആപ്പുകളിലുമെന്നതു പോലെ വ്യക്തി വിവരങ്ങളും ലിങ്കുകളും ത്രെഡ്സും ആവശ്യപ്പെടുന്നുണ്ട്. അതിനൊപ്പം ഇംപോർട് ഫ്രം ഇൻസ്റ്റഗ്രാം ബട്ടൺ ക്ലിക്ക് ചെയ്യുന്നതിലൂടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൊഫൈൽ നേരെ ത്രെഡ്സിലേക്ക് കൊണ്ടു വരാനും ഉപയോക്താക്കൾക്ക് സാധിക്കും.പ്രൊഫൈൽ പബ്ലിക് ആയും പ്രൈവറ്റ് ആയി മാറ്റാനുള്ള ഓപ്ഷനുമുണ്ട്.
ത്രെഡ്സ് ഡിലീറ്റ് ചെയ്യാൻ സാധിക്കുമോ?
ത്രെഡ്സ് അക്കൗണ്ട്സ് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലെന്നാണ് മെറ്റാ പറയുന്നത്. നിങ്ങൾക്ക് ത്രെഡ്സ് പ്രൊഫൈൽ ഡിയാക്റ്റിവേറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ ഡിലീറ്റ് ചെയ്യണമെങ്കിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നും ത്രെഡ്സ് പ്രൈവസി പോളിസിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കുമോ?
നിലവിൽ സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ഓപ്ഷൻ ത്രെഡ്സിൽ ഇല്ല. എന്നാൽ എല്ലാ പോസ്റ്റുകളും ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സ്ആപ്പ് എന്നിവയിലേക്ക് പങ്കു വയ്ക്കാൻ സാധിക്കും.