ധ്രുവ രഹസ്യങ്ങളിലേക്കുള്ള കടൽവഴികൾ...
ഡോ. അനു ഗോപിനാഥ് | വി.കെ. സഞ്ജു
ചന്ദ്രനിലും ചൊവ്വയിലും വരെ വിഭവശേഷിയുടെ പുതിയ സാധ്യതകൾ തേടുകയാണ് മനുഷ്യരാശി. അതിനിടെയും പൂർണമായി തിരിച്ചറിയപ്പെടാതെ കിടക്കുന്ന പ്രകൃതിസമ്പത്തിന്‍റെ രണ്ട് അക്ഷയ ഖനികളുണ്ട്, ഇവിടെ ഭൂമിയിൽ തന്നെ. ഭൂഗോളത്തിന്‍റെ സാങ്കൽപ്പിക അച്ചുതണ്ടിന്‍റെ രണ്ടറ്റങ്ങളിലായി അവ സ്ഥിതി ചെയ്യുന്നു - ഉത്തര, ദക്ഷിണ ധ്രുവങ്ങൾ!
ധ്രുവങ്ങളിൽ മഞ്ഞുരുകുന്നതിനെ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെടുത്തിയാണ് നമ്മളെപ്പോഴും കണ്ടിട്ടുള്ളത്. ലോകമെങ്ങും അതെക്കുറിച്ചുള്ള ആശങ്കകൾ ശക്തവുമാണ്. എന്നാൽ, സഹസ്രാബ്ദങ്ങളായി ഉറഞ്ഞുകിടക്കുന്ന മഞ്ഞ് ഉരുകി മാറുമ്പോൾ ധ്രുവങ്ങളിൽ അനാവൃതമാകുന്നത് അനന്ത സാധ്യതകളിലേക്കുള്ള പുതുവഴികൾ കൂടിയാണ്. ആ വഴികളിലൂടെയുള്ള ഇന്ത്യയുടെ പ്രയാണത്തിന്‍റെ ഭാഗമായി ഒരു മലയാളിയുണ്ട്- ഡോ. അനു ഗോപിനാഥ്.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസിൽ (KUFOS) അസോസിയേറ്റ് പ്രൊഫസറും അക്വാട്ടിക് എൻവയോൺമെന്‍റ് മാനേജ്മെന്‍റ് വകുപ്പ് മേധാവിയുമാണ് ഡോ. അനു. ഉത്തര ധ്രുവം ഉൾപ്പെടുന്ന ആർട്ടിക് മേഖലയെക്കുറിച്ചുള്ള യുജിസി കോഴ്സുകൾ ഡിസൈൻ ചെയ്യുന്നതിനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനുമായി അഖിലേന്ത്യാ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട നാലു പേരിലൊരാൾ.
കേരളത്തിലെ സർവകലാശാലകളിൽ എൻവയോൺമെന്‍റ് കോഴ്സുകൾ പഠിപ്പിക്കാൻ 9 പുസ്തകങ്ങൾ ഇതിനകം തയാറാക്കിയിട്ടുണ്ട് അനു ഗോപിനാഥ്. ഗവേഷണ - അധ്യാപന രംഗത്തെ ഈ പ്രാഗൽഭ്യം ഇപ്പോൾ രാജ്യ താത്പര്യത്തിന്‍റെ കൂടി ഭാഗമായ ആർട്ടിക് പഠനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഈ പശ്ചാത്തലത്തിൽ ഡോ. അനു ഗോപിനാഥ് മെട്രൊ വാർത്തയുമായി സംസാരിക്കുന്നു:
ഇന്ത്യയുടെ ധ്രുവ പര്യവേക്ഷണങ്ങൾ
1983ൽ അന്‍റാർട്ടിക്കയിൽ ദക്ഷിണ ഗംഗോത്രി എന്ന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതോടെയാണ് ഇന്ത്യയുടെ ദക്ഷിണ ധ്രുവ പര്യവേക്ഷണങ്ങൾക്ക് ഒരു സ്ഥിരം സംവിധാനമുണ്ടാകുന്നത്. എന്നാൽ, ഉത്തര ധ്രുവത്തിലെ നമ്മുടെ വിദഗ്ധ പഠനങ്ങൾ ആരംഭിക്കുന്നത് 2007ൽ മാത്രമാണ്. 2008ൽ ഹിമാദ്രി എന്ന പേരിൽ ഇന്ത്യ ആർട്ടിക് ഗവേഷണ കേന്ദ്രം സ്ഥാപിച്ചതു മുതൽ എല്ലാ വർഷവും തുടർച്ചയായി പര്യവേക്ഷണങ്ങളും ഗവേഷണ പഠനങ്ങളും നടത്തിവരുന്നു.
2022ൽ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ആർട്ടിക് നയം കൂടി തയാറാക്കിയതോടെയാണ് രാജ്യത്തിന്‍റെ ഉത്തര ധ്രുവ പര്യവേക്ഷണങ്ങൾ പുതിയൊരു ദിശാബോധം കൈവരുന്നതെന്നാണ് ഡോ. അനു ഗോപിനാഥിന്‍റെ വിലയിരുത്തൽ. മേഖലയിൽ ഇന്ത്യയുടെ താത്പര്യം ഗവേഷണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് ഈ നയത്തിൽ തന്നെ വ്യക്തമാണ്. ഉത്തര ധ്രുവ മേഖലയിൽ മഞ്ഞുരുകുന്നതിന്‍റെ പ്രത്യാഘാതങ്ങൾ പഠിക്കുക എന്നത് സ്വാഭാവികമായും നമ്മുടെ താത്പര്യമാണ്. ഇതിനൊപ്പം, മേഖലയിൽ ഇന്ത്യയുടെ സാമ്പത്തികവും സൈനികവും തന്ത്രപരവുമായ താത്പര്യങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ നയമാണ് സർക്കാർ രൂപീകരിച്ചിട്ടുള്ളത്. ധ്രുവ പ്രദേശത്ത് മഞ്ഞുരുകുമ്പോൾ തെളിഞ്ഞുവരുന്ന ധാതുലവണങ്ങളുടെയും കൽക്കരി അടക്കമുള്ള ഊർജ സ്രോതസുകളുടെയും അഗാധമായ നിക്ഷേപതെക്കുറിച്ചുള്ള വിവരങ്ങളും തുല്യ പ്രാധാന്യം അർഹിക്കുന്നതാണെന്ന് ഡോ. അനു ചൂണ്ടിക്കാട്ടുന്നു.
ആർട്ടിക് മേഖലയിലെ ജിയോ പൊളിറ്റിക്സ്
ഉത്തര ധ്രുവ മേഖലയിലേക്കുള്ള ആഗോള കപ്പൽപ്പാതകളും ഇന്ത്യയുടെ ദേശീയ താത്പര്യത്തിൽപ്പെടുന്ന വിഷയമാണ്. ചൈനയും റഷ്യയും ആർട്ടിക് റൂട്ടുകൾ നിർണയിക്കുമ്പോൾ അതിലൊരു ആധിപത്യ ശ്രമം ഉണ്ടാവാതിരിക്കുക എന്നത് മേഖലയിൽ നിന്ന് അകന്നു കിടക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സംബന്ധിച്ച് സുപ്രധാനമാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യക്ക് ഇത് ജിയോപൊളിറ്റിക്കൽ താത്പര്യമുള്ള വിഷയമാകുന്നതെന്ന് ഡോ. അനു വിശദീകരിക്കുന്നു.
റഷ്യ - യുക്രെയിൻ സംഘർഷം പോലുള്ള വിഷയങ്ങളിലൊക്കെ രാജ്യ താത്പര്യം മുൻനിർത്തിക്കൊണ്ടുള്ള വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആർട്ടിക് മേഖലയെക്കുറിച്ചുള്ള പഠനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
''വലിയ വ്യവസായ സാധ്യതകൾ കൂടിയാണ് ധ്രുവ മേഖലകളിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്നത്. അവിടേക്ക് കൂടുതൽ നിക്ഷേപങ്ങൾ വരുമ്പോൾ സംരംഭകത്വം, ഷിപ്പിങ്, മാരിടൈം, കാലാവസ്ഥ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യയുടെ നിലപാടിന് പ്രസക്തിയുണ്ടാകുന്നത് നമ്മൾ ഈ മേഖലയിൽ നടത്തുന്ന ഗവേഷണങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്''- ഡോ. അനു കൂട്ടിച്ചേർക്കുന്നു.
ഉത്തര ധ്രുവവും ദക്ഷിണ ധ്രുവവും കൂടാതെ മൂന്നാം ധ്രുവം എന്നാണ് നമ്മുടെ ഹിമാലയ മേഖല അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ധ്രുവങ്ങളുമായി ബന്ധപ്പെട്ട പഠനം ഇന്ത്യയെ സംബന്ധിച്ച പല മേഖലകളിലും നിർണായകമാണ്. ആർട്ടിക് കാലാവസ്ഥയിൽ വരുന്ന മാറ്റം ഇന്ത്യയിലെ രണ്ട് മൺസൂൺ സീസണുകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ അവിടത്തെ ഗവേഷണ നിരീക്ഷണങ്ങൾ ഇന്ത്യക്കു പ്രധാനപ്പെട്ടതാണെന്നും അവർ വിലയിരുത്തുന്നു.
നിലവിൽ ആർട്ടിക് കൗൺസിൽ അംഗങ്ങളായ എട്ട് രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നില്ല. എന്നാൽ, കൗൺസിലിലെ നിരീക്ഷക സ്ഥാനം (Observer) നമുക്കു ലഭിച്ചിട്ടുണ്ട്.
ആർട്ടിക് പഠനം സർവകലാശാലാ തലത്തിൽ
ഗവേഷണ താത്പര്യത്തിനൊപ്പം തന്നെ രാജ്യത്തിന് ആർട്ടിക് മേഖലയിൽ തന്ത്രപരമായ താത്പര്യവും (Strategic interest) കൂടിയുള്ള സാഹചര്യത്തിലാണ്, യുവാക്കൾക്കിടയിൽ ഇതെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകൾ യുജിസി ആരംഭിക്കുന്നതെന്നു ഡോ. അനു. ആർട്ടിക് മേഖലയെ അടിസ്ഥാനമാക്കുന്ന പുതിയ കോഴ്സുകൾ തുടങ്ങാൻ മുൻകൈയെടുക്കുന്ന, കേന്ദ്ര സർക്കാരിനു കീഴിലുള്ള മിനിസ്ട്രി ഓഫ് എർത്ത് സയൻസസ് ഇതിനാവശ്യവമായ ഫണ്ട് പാസാക്കിക്കഴിഞ്ഞു. ജൂലൈയിൽ ഈ കോഴ്സുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിലുള്ള കോഴ്സുകളായിരിക്കും ഇവയെല്ലാം എന്നും അനു ഗോപിനാഥ് വിശദീകരിക്കുന്നു.
ധ്രുവത്തിലെ രഹസ്യങ്ങൾ
ആഗോള താപനത്തിന്‍റെ ഫലമായി ധ്രുവ പ്രദേശങ്ങളിൽ മഞ്ഞുരുകുമ്പോൾ ഹരിതഗൃഹ വാതകങ്ങൾ ധാരാളമായി പുറന്തള്ളപ്പെടുന്നുണ്ട്. മീഥെയ്നാണ് അതിൽ പ്രധാനം. ഇത് കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതാണ് പഠനത്തിന്‍റെ ഒരു ഭാഗമെന്ന് ഡോ. അനു ഗോപിനാഥ്. മഞ്ഞുരുകുമ്പോൾ പുറന്തള്ളപ്പെടുന്ന പെട്രോളം സംയുക്തങ്ങൾ സമുദ്രജലത്തിൽ കലരുമ്പോഴുള്ള സ്വാധീനവും പ്രധാനമാണ്.
''ഇതെക്കുറിച്ചെല്ലാം പഠിക്കുന്നതിനുള്ള വായു, ജല, എക്കൽ സാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തിവരുന്നു. എത്രമാത്രം മാറ്റം വന്നിട്ടുണ്ടെന്നറിയാനുള്ള താരതമ്യത്തിന് മറ്റു രാജ്യങ്ങൾ മുൻപ് നടത്തിയിട്ടുള്ള പഠനത്തിലെ വിവരങ്ങളും ഉപയോഗിക്കുന്നുണ്ട്. ജർമനിയാണ് ഉത്തര ധ്രുവത്തിൽ ഇത്തരത്തിലുള്ള ഏറ്റവും കൂടുതൽ പഠനങ്ങൾ ഇതുവരെ നടത്തിയിട്ടുള്ളത്. സാമ്പിളുകള്‍ ശേഖരിച്ച് പ്രാഥമിക ടെസ്റ്റുകളും അനാലിസിസുകളും നടത്തുവാനുള്ള സാഹചര്യം മാത്രമേ ആര്‍ട്ടിക്കിലെ ഗവേഷണ കേന്ദ്രത്തിലുള്ളൂ. പിന്നീട് സാമ്പിളുകള്‍ നാട്ടിലെത്തിച്ചതിനു ശേഷം വേണം വിശദമായ പഠനങ്ങള്‍ നടത്താന്‍'', ഡോ. അനു വിശദീകരിക്കുന്നു.
ഗവേഷണവും അധ്യാപനവും
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഗവേഷണം പൂർത്തിയാക്കിയ ശേഷം എറണാകുളം സെന്‍റ് തെരേസാസ് കോളെജിൽ അധ്യാപികയായിരിക്കുന്ന സമയത്തായിരുന്നു അനു ഗോപിനാഥിന്‍റെ ആദ്യ ആർട്ടിക് പര്യവേക്ഷണം. എന്നാൽ, കോളെജുകൾക്ക് എപ്പോഴും ഗവേഷണ സൗകര്യങ്ങൾക്ക് പരിമിതികളുണ്ടാകും. കുഫോസിലേക്ക് മാറുന്നതോടെയാണ് ഈ പരിമിതി മറികടക്കാൻ സാധിച്ചത്. സർവകലാശാലാ തലത്തിലുള്ള സൗകര്യങ്ങളും അതുവഴി ഗവേഷണത്തിനു ലഭിക്കുന്ന ഫണ്ടിങ്ങും കൂടുതൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നത് അതോടെയാണ്. തുടർന്ന് രണ്ട് തവണ കൂടി ആർട്ടിക് പര്യവേക്ഷണത്തിൽ പങ്കാളിയായി.
രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം ഹൈഡ്രോ കെമിസ്ട്രി, അഥവാ ജല രസതന്ത്രത്തിൽ സ്പെഷ്യലൈസ് ചെയ്യുകയും, ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളിലുണ്ടാകുന്ന രാസമാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ സമുദ്ര രസതന്ത്രത്തിലേക്ക് വികസിക്കുകയും ചെയ്ത ഗവേഷണ - അധ്യാപന കരിയറാണ് ഡോ. അനുവിന്‍റേത്. ലക്ഷദ്വീപിനെക്കുറിച്ചുള്ള രണ്ടു ഗവേഷണ പ്രോജക്റ്റുകളുടെ ഭാഗമാണ് ഇപ്പോഴും.
ഇതിനൊപ്പം, അഹമ്മദാബാദിലെ ഇസ്റൊ സെന്‍ററിനു വേണ്ടിയുള്ള പഠനങ്ങളിലും വ്യാപൃതയായിരിക്കുന്നു. ഉപഗ്രഹങ്ങളിൽ നിന്നു ലഭിച്ചിട്ടുള്ള വിവരങ്ങളും ലാബിൽ യഥാർഥ സാമ്പിളുകൾ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളും താരതമ്യം ചെയ്ത് കൃത്യത ഉറപ്പുവരുത്തുകയാണ് ചെയ്യുന്നുണ്ട്. ഇന്ത്യ 2022ൽ വിക്ഷേപിച്ച ഓഷൻസാറ്റ് ഉപഗ്രഹത്തിൽനിന്ന് അമൂല്യമായ വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അനു ഗോപിനാഥ് സാക്ഷ്യപ്പെടുത്തുന്നു. ഇതിനെല്ലാം പുറമേ, ബിരുദ, ബിരുദാനന്തര വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപിക എന്ന ചുമതലയും തുല്യ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തുപോരുന്നു.