കൊച്ചി: ചാറ്റ് ജിപിടി അടക്കമുള്ള ടെക്നോളജി ഐഫോണില്‍ ഉടന്‍ ലഭ്യമാകുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഓപ്പണ്‍ എഐയും ആപ്പിളും ഒപ്പുവയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ആപ്പിളോ ഓപ്പണ്‍ എഐയോ സ്ഥിരീകരിച്ചിട്ടില്ല.
ആപ്പിളിന്‍റെ അടുത്ത ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 18നൊപ്പം ചാറ്റ് ജിപിടിയുടെ ഫീച്ചറുകള്‍ കൂടി ഉള്‍ക്കൊള്ളിക്കാനാണ് ധാരണയിലെത്തിയതെന്നാണ് സൂചന. ഗൂഗ്ളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബൈറ്റുമായി അവരുടെ എഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ലൈസന്‍സിങ്ങിനായി ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ചര്‍ച്ചകള്‍ ധാരണയിലേക്ക് എത്തിയിരുന്നില്ല.
ജൂണില്‍ നടക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ ആപ്പിള്‍ എഐ ലോകത്തൊരു തരംഗം സൃഷ്ടിച്ചേക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ഉപയോഗിക്കുന്ന വ്യക്തിയാണെന്നു കഴിഞ്ഞ വര്‍ഷം ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞിരുന്നു. എന്നാല്‍ ചാറ്റ് ജിപിടിയിലെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും കുക്ക് പറഞ്ഞിരുന്നു.