ഇന്ത്യയുടെ ആദ്യ വിന്‍റര്‍ ആര്‍ട്ടിക് പര്യവേക്ഷണത്തിന് ജയിന്‍ കല്‍പ്പിത സര്‍വകലാശാലയും

പോളാര്‍ നൈറ്റ് എന്നറിയപ്പെടുന്ന അതിശൈത്യകാലത്ത് ദിവസം മുഴുവന്‍ ഏറെക്കുറെ സൂര്യപ്രകാശം ഉണ്ടാവാറില്ല. ഈ അന്തരീക്ഷത്തില്‍ നടത്തേണ്ട പഠനങ്ങള്‍ക്കാണ് സംഘം മുന്‍ഗണന നല്‍കുന്നത്.
ഇന്ത്യയുടെ ആദ്യ വിന്‍റര്‍ ആര്‍ട്ടിക് പര്യവേക്ഷണത്തിന് ജയിന്‍ കല്‍പ്പിത സര്‍വകലാശാലയും
Updated on

കൊച്ചി: ഇന്ത്യയുടെ ആദ്യ വിന്‍റര്‍ ആര്‍ട്ടിക് പര്യവേക്ഷണത്തില്‍ ജയിന്‍ കല്‍പ്പിത സർവകലാശാലയും പങ്കു ചേരും. 2023 ഡിസംബറില്‍ ആരംഭിച്ച വിന്‍റര്‍ പര്യവേക്ഷണത്തിനായി പുറപ്പെടുന്ന നാലാമത്തെ സംഘത്തിലാണ് ജയിന്‍ കല്‍പ്പിത സർവകലാശാലയിലെ മറൈന്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജിപ്‌സന്‍ ഇടപ്പഴം ഇടംനേടിയത്.

2007 മുതല്‍ വേനല്‍ക്കാലത്ത് ഇന്ത്യ നടത്തിവരുന്ന ആര്‍ട്ടിക് പര്യവേക്ഷണത്തിന്‍റെ തുടര്‍ച്ചയായി പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ഡിസംബറില്‍ വിന്‍റര്‍ മിഷന് തുടക്കം കുറിച്ചത്. പോളാര്‍ നൈറ്റ് എന്നറിയപ്പെടുന്ന അതിശൈത്യകാലത്ത് ദിവസം മുഴുവന്‍ ഏറെക്കുറെ സൂര്യപ്രകാശം ഉണ്ടാവാറില്ല. ഈ അന്തരീക്ഷത്തില്‍ നടത്തേണ്ട പഠനങ്ങള്‍ക്കാണ് സംഘം മുന്‍ഗണന നല്‍കുന്നത്.

ഭൗമ മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷണല്‍ സെന്‍റര്‍ ഫോര്‍ പോളാര്‍ ആൻഡ് ഓഷന്‍ റിസര്‍ച്ചിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ആര്‍ട്ടിക്ക് പര്യവേക്ഷണത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ജയിന്‍ സർവകലാശാല പങ്കെടുക്കുന്നത്. കഴിഞ്ഞ മേയിൽ നടത്തിയ വേനല്‍ക്കാല പര്യവേക്ഷണ സംഘത്തില്‍ ജയിന്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് പ്രൊഫ. ഡോ. ഫെലിക്‌സ് എം. ഫിലിപ്പ് അംഗമായിരുന്നു.

ആഗോള താപനത്തിന്‍റെ ഭാഗമായി ഉത്തരധ്രുവ പ്രദേശങ്ങളിലേക്ക് ജീവജാലങ്ങള്‍ കൂട്ടപ്പലായനം ചെയ്യുന്നതിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ ട്രാക്ക് ചെയ്ത് ഡോക്യുമെന്‍റ് ചെയ്യുന്ന പഠനത്തിലാണ് ജയിന്‍ യൂണിവേഴ്‌സിറ്റി ശ്രദ്ധ ചെലുത്തുന്നത്. ഡോ. ഫെലിക്‌സ് എം. ഫിലിപ്പ് (അസിസ്റ്റന്‍റ്‌റ് പ്രൊഫസര്‍, ജയിന്‍ യൂണിവേഴ്‌സിറ്റി), ഡോ. ലക്ഷ്മി ദേവി (അസിസ്റ്റന്‍റ് പ്രൊഫസര്‍, ജയിന്‍ യൂണിവേഴ്‌സിറ്റി), അനുപമ ജിംസ് (അസിസ്റ്റന്‍റ് പ്രൊഫസര്‍, ചിന്മയ വിശ്വവിദ്യാപീഠ്) എന്നിവരാണ് ഈ പ്രോജക്റ്റിനു നേതൃത്വം നല്‍കുന്നത്.

Trending

No stories found.

Latest News

No stories found.