21,000 ഓഫിസുകളിൽ കെ ഫോൺ എത്തി; 10,000 വീടുകളിൽ ഉടനെത്തും

28,888 കിലോമീറ്റര്‍ ഫൈബറില്‍ 96 ശതമാനം കേബിള്‍ ലൈയിങ് പൂര്‍ത്തിയായിക്കഴിഞ്ഞു
KFON reaches 21000 offices
KFON reaches 21000 offices
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അതിവേഗ കണക്ഷനുകളുമായി കെ ഫോൺ പദ്ധതി മുന്നോട്ട്. പ്രായോഗിക പരിധിയില്‍ ഉള്ള 28,888 കിലോമീറ്റര്‍ ഫൈബറില്‍ 96 ശതമാനം കേബിള്‍ ലൈയിങ് ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. കാക്കനാട് പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്‍റർ, തടസമില്ലാതെ സേവനം നല്‍കാന്‍ സഹായിക്കുന്ന 375 പോയിന്‍റ് ഓഫ് പ്രസന്‍സുകള്‍ എന്നിവയും പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റ് ലീസ്ഡ് ലൈന്‍, ഡാര്‍ക്ക് ഫൈബറുകളുടെ പാട്ടക്കരാര്‍, വീടുകളിലേക്കുള്ള വാണിജ്യ കണക്ഷന്‍, സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള കണക്ഷന്‍ തുടങ്ങിയ പദ്ധതികളിലൂടെയാണ് കെ ഫോണിന്‍റെ പ്രവര്‍ത്തനം.

സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കാന്‍ കെ ഫോണ്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് നിലവില്‍ 28,634 ഓഫീസുകളുമായി ബന്ധിപ്പിക്കുകയും 21,214 ഓഫീസുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അവശേഷിക്കുന്നവ റോഡ് വികസനം, റെയില്‍വേ, നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവയുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുന്നതെന്നും കെ ഫോൺ വിശദീകരിക്കുന്നു. ഷെഡ്യൂള്‍ ചെയ്ത മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും കണക്റ്റിവിറ്റി സ്ഥാപിക്കുന്നതോടെ ഇതില്‍ നിന്നായി ആകെ 200 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും-സ്ഥാപനങ്ങളിലും കെ ഫോൺ സേവനം ഒരു പ്രാഥമിക കണക്ഷനായി നിര്‍ബന്ധമായും ലഭ്യമാക്കുകയും അതുവഴി ബാന്‍ഡ് വിഡ്ത് ഉപയോഗത്തിന്‍റെ അടിസ്ഥാനത്തില്‍ കെ ഫോണ്‍ സമാഹരിക്കുന്ന ബില്ലുകള്‍ സമയബന്ധിതമായി അടയ്ക്കുകയും ചെയ്യണമെന്ന കര്‍ശനമായ നിര്‍ദ്ദേശം നല്‍കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

വീടുകളിലേക്ക് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും അഞ്ചുലക്ഷം കണക്ഷനുകള്‍ നല്‍കുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും കെ ഫോണ്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ അപേക്ഷകളില്‍ നിന്ന് ആവശ്യക്കാരാണെന്ന് ഉറപ്പാക്കി ഇതുവരെ 5388 വീടുകളിലേക്ക് വാണിജ്യ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. 5000ത്തോളം കണക്ഷനുകള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇന്‍റര്‍നെറ്റ് വേഗത തെരഞ്ഞെടുക്കുന്നതിന് വിവിധ താരിഫ് പ്ലാനുകള്‍ കെ ഫോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ente KFON ആപ്പിലൂടെയും www.kfon.in വെബ്‌സൈറ്റിലൂടെയും ജനങ്ങള്‍ക്ക് ഈ വാണിജ്യ കണക്ഷന് അപേക്ഷിക്കാം. ഇതിന് പുറമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതുവരെ ഇത്തരത്തില്‍ കേരളാ വിഷന്‍ മുഖേനെ 5734 കുടുംബങ്ങള്‍ക്ക് 15 എംബിപിഎസ് വേഗതയിലുള്ള സൗജന്യ കണക്ഷന്‍ നല്‍കി. കേരളാ വിഷന്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള 7000 കണക്ഷനുകള്‍ ഇതുവഴി പൂര്‍ത്തിയാകും. ബാക്കിയുള്ള 7000 കണക്ഷനുകളുടെ ഗുണഭോക്താക്കളുടെ പട്ടിക കേരളാ വിഷനില്‍ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് കെ ഫോണ്‍ നേരിട്ട് നല്‍കും.

Trending

No stories found.

Latest News

No stories found.