കൊച്ചിയുടെ 5% വരെ കടലെടുത്തേക്കും

ദുരന്ത ഭീഷണി നേരിടുന്ന ഇന്ത്യൻ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മുംബൈ
Kochi, Mumbai sea level rise threat
കൊച്ചിയുടെ 5% വരെ കടലെടുത്തേക്കുംRepresentative image
Updated on

കൊച്ചി: കൊച്ചിയില്‍ കടല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതായി പഠന റിപ്പോര്‍ട്ട്. ഇന്ത്യയിലെ തീരദേശ നഗരങ്ങളിൽ മുംബൈയിലാണ് 1987 നും 2021 നും ഇടയില്‍ ഏറ്റവും കൂടുതല്‍ സമുദ്രനിരപ്പ് ഉയര്‍ന്നത്- 4.44 സെന്‍റിമീറ്റര്‍. സമുദ്ര നിരപ്പ് ഉയരുന്ന ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊച്ചി.

മുംബൈക്കു പിന്നാലെ, ഹാല്‍ദിയ (2.726 സെന്‍റിമീറ്റര്‍), വിശാഖപട്ടണം (2.381 സെന്‍റിമീറ്റര്‍), കൊച്ചി (2.381 സെന്‍റിമീറ്റര്‍), പാരാദ്വീപ് (0.717 സെന്‍റിമീറ്റര്‍), ചെന്നൈ (0.679 സെന്‍റിമീറ്റര്‍) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങള്‍. ബംഗളൂരു ആസ്ഥാനമായുള്ള സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് പോളിസി (സിഎസ്ടിഇപി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സമുദ്ര നിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5 ശതമാനം വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കാലാവസ്ഥാ വ്യതിയാനമാണ് കടലിലെ ജലനിരപ്പ് ഉയരാൻ കാരണം. മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5 ശതമാനം വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സമുദ്രനിരപ്പിലെ വർധന നൂറ്റാണ്ടിന്‍റെ അവസാനം വരെ തുടരും. ഏറ്റവും ഉയർന്ന വർധന മുംബൈയിലാകും ഉണ്ടാകുക. 2100 ആകുമ്പോഴേക്കും മുംബൈയിൽ 76.2 സെന്‍റിമീറ്റർ ജലനിരപ്പ് ഉയരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പനാജിയിൽ 75.5 സെന്‍റിമീറ്റർ, ഉഡുപ്പിയിൽ 75.3 സെന്‍റിമീറ്റർ, മംഗലാപുരത്ത് 75.2 സെന്‍റിമീറ്റർ, കോഴിക്കോട് 75.1 സെന്‍റിമീറ്റർ, കൊച്ചിയിൽ 74.9 സെന്‍റിമീറ്റർ, തിരുവനന്തപുരത്ത് 74.7 സെന്‍റിമീറ്റർ, കന്യാകുമാരിയിൽ 74.7 സെന്‍റിമീറ്റർ എന്നിങ്ങനെ സമുദ്രനിരപ്പ് ഉയരുമെന്നും പഠനം പറയുന്നു.

Trending

No stories found.

Latest News

No stories found.