തിരുവനന്തപുരം: ആധുനികോപകരണങ്ങളുടെ സഹായത്താല്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിരീക്ഷിക്കാനും പ്രവചിക്കാനും കഴിയുമെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (ജിഎസ്ഐ) ശിൽപ്പശാല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണം സാധ്യമാണ്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളെ കുറിച്ചുള്ള ഭൂപടനിര്‍മ്മാണമടക്കം ജിഎസ്ഐ പൂര്‍ത്തിയാക്കിയതായും ശിൽപ്പശാലയില്‍ പങ്കെടുത്ത വിദഗ്ധര്‍ വിശദീകരിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള മാര്‍ഗങ്ങളെ കുറിച്ച് ജിഎസ്ഐ കേരള യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ശിൽപ്പശാല ചര്‍ച്ച ചെയ്തു. വനനശീകരണവും ചെങ്കുത്തായ പ്രദേശങ്ങളിലെ ആസൂത്രണമില്ലാത്ത അശാസ്ത്രീയ നിര്‍മ്മാണവും അനുചിതമായ ഭൂവിനിയോഗ രീതികളുമാണ് കേരളത്തില്‍ ഉരുള്‍പൊട്ടല്‍ അപകടങ്ങള്‍ക്ക് പിന്നിലെന്ന് ശിൽപ്പശാല അഭിപ്രായപ്പെട്ടു.
പശ്ചിമഘട്ട മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, കാലാവസ്ഥാ ഘടകങ്ങള്‍, ചെങ്കുത്തായ ഭൂമിയുടെ ചെരിവ്, തീവ്രമഴ, സങ്കീര്‍ണ്ണമായ ഭൗമഘടന എന്നിവ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ചെങ്കുത്തായ പ്രദേശങ്ങളിലെ സ്വാഭാവിക സസ്യജാലങ്ങളുടെ നശീകരണവും മാനുഷിക ഇടപെടലുകളും മണ്ണിനെയും പാറകളെയും ദുര്‍ബലമാക്കും.
ഉരുള്‍പൊട്ടല്‍ പഠനങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയെന്ന നിലയിലാണ് ജിഎസ്ഐ സംസ്ഥാനങ്ങളില്‍ ദുരന്തനിവാരണ ശിൽപ്പശാലകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ജിഎസ്ഐ ഡയറക്റ്റര്‍ ജനറല്‍ ജനാര്‍ദന്‍ പ്രസാദ് ശിൽപ്പശാല ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. കുഫോസ് അസോസിയേറ്റ് പ്രഫ. ഗിരീഷ് ഗോപിനാഥ്, ജിഎസ്ഐ കേരള യൂണിറ്റ് ഡപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ ഡോ.വി.അമ്പിളി, ദക്ഷിണ മേഖലാ ഡിഡിജി കെ.വി.മൂര്‍ത്തി, അക്ഷയ് കുമാര്‍ മിശ്ര, ഡിഡിജി (റിട്ട.) സി.മുരളീധരന്‍ , ഡോ.രാഖി ഗോപാല്‍, എ. രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.