ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ അദ്ഭുതങ്ങളുമായി പതിനഞ്ചുകാരന്‍

വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഭാഷിണി എന്ന ആപിനാണ് ഉദയ് ശങ്കറിന് ഇന്ത്യാ പേറ്റന്‍റ് ലഭിച്ചത്
ഉദയ് ശങ്കർ
ഉദയ് ശങ്കർ
Updated on

കൊച്ചി: തമ്മനം സ്വദേശിയായ പതിനഞ്ചുകാരന്‍ ഉദയ് ശങ്കറിന് നിർമിതബുദ്ധിയില്‍ ആദ്യ പേറ്റന്‍റുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തന്‍റെ അച്ഛമ്മയ്ക്ക് ചെയ്ത ഒരു ഫോണ്‍കോളാണ് കാരണമായത്. കുട്ടി ഫോണ്‍ ചെയ്തപ്പോള്‍ എന്തോ തിരക്കിലായിരുന്ന അച്ഛമ്മ പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍, നിർമിതബുദ്ധി കൊണ്ട് അച്ഛമ്മയെ തന്നെ സൃഷ്ടിച്ച് സംസാരിക്കാമെന്ന് ഉദയ് ശങ്കറും തീരുമാനിച്ചു. ഉറവ് അഡ്വാന്‍സ്ഡ് ലേണിംഗ് സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പ് ഈ കുട്ടി തുടങ്ങുന്നത് ഇങ്ങനെയാണ്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഭാഷിണി എന്ന ആപിനാണ് ഉദയ്ക്ക് ഇന്ത്യാ പേറ്റന്‍റ് ലഭിച്ചത്.

കുട്ടിയായിരിക്കുമ്പോഴേ ഉദയ് ശങ്കറിന് ടെക്‌നോളജിയിലാണ് താത്പര്യം. അതിനാല്‍ തന്നെ എട്ടാം ക്ലാസില്‍ പരമ്പരാഗത സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കു മാറി. വീട്ടിലെ ഓഫീസിലിരുന്ന് ഈ കുട്ടി സൃഷ്ടിക്കുന്നത് അദ്ഭുതങ്ങളാണ്. മള്‍ട്ടിടോക്ക് അവതാര്‍ എഐ സ്യൂട്ട് ഉപയോഗിച്ചുള്ള ക്ലിന്‍അല്‍ക്ക കൊണ്ട് ഏതു ഭാഷക്കാര്‍ക്കും മറ്റ് ഭാഷക്കാരുമായി സംസാരിക്കാം. വിമാനത്താവളങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങളിലാണ് ഇത് ഏറ്റവും ഗുണകരമാകുന്നതെന്ന് ഉദയ് പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് കണ്ടെത്താനും അതിന് പരിഹാരം ഉടനെ തന്നെ താഴെത്തട്ടിലേക്കെത്തിക്കാനും ഇതിലൂടെ കഴിയും.

ഇതിനു പുറമെ അന്ധര്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നതിന് പറ്റുന്ന ആപ്പും ഉദയ് നിർമിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് ഈ ആപ്പിന്‍റെ സേവനം. ഏതൊരു ഫോട്ടോയില്‍ നിന്നും നിർമിതബുദ്ധി ഉപയോഗിച്ച് ഡിജിറ്റല്‍ 3ഡി രൂപം ഉണ്ടാക്കിയെടുക്കാന്‍ മള്‍ട്ടിടോക്ക് അവതാറിലൂടെ സാധിക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇഷ്ടമുള്ളയാളുടെ രൂപത്തില്‍ എഐ ടോക്ക്‌ബോട്ടുമായി സംസാരിക്കാനാകും.

ഡോ. രവികുമാറിന്‍റെയും ശ്രീകുമാരി വിദ്യാധരന്‍റെയും മകനാണ് ഉദയ് ശങ്കര്‍. വീട്ടില്‍ ജോലിക്കു വരുന്ന ബംഗാളികളുമായി സംസാരിക്കാന്‍ അച്ഛനു വേണ്ടിയും ഉദയ് ഒരു ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഉദയ് തന്‍റെ സ്റ്റാര്‍ട്ടപ്പ് രജിസ്റ്ററും ചെയ്തിട്ടുണ്ട്. പരമ്പരാഗത വിദ്യാഭ്യാസരീതികളില്‍ നിന്ന് മകന്‍ മാറിചിന്തിച്ചപ്പോള്‍ പൂര്‍ണപിന്തുണ നല്‍കിയതാണ് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമെന്ന് ഡോ. രവികുമാര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.