പതിനഞ്ചുകാരന്‍റെ മരണത്തിനു പിന്നിൽ കില്ലർ ഗെയിം?

കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു
Mobile phone app behind teen death?
പതിനഞ്ചുകാരന്‍റെ മരണത്തിനു പിന്നിൽ കില്ലർ ഗെയിം? AI
Updated on

കൊച്ചി: എറണാകുളം ചെങ്ങമനാട്ട് പതിനഞ്ചുകാരനായ വിദ്യാർഥി അസാധാരണ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ മൊബൈൽ ഫോണിലെ ഗെയിമിങ് ആപ്ലിക്കേഷനെന്ന് സംശയം. ഫോണിലെ ലൊക്കേഷന്‍ ആപ്പുകള്‍ ഉപയോഗിച്ച് അച്ഛന്‍റെ നീക്കങ്ങളടക്കം കുട്ടി നിരീക്ഷിച്ചിരുന്നതായാണ് സൂചന. മകന്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും ഗെയിമിങ് ആപ്ലിക്കേഷനുകള്‍ മകനില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് അച്ഛൻ.

തന്‍റെ മകന്‍റെ ദുരനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന അഭ്യര്‍ഥനയും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടെ, കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മരണകാരണമായതെന്ന് സംശയിക്കുന്ന ഗെയിം ഏതെന്ന് കണ്ടെത്താനായിട്ടില്ല.

മാതാപിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥിക്കാണ് ഇത്തരമൊരു ദുരന്തമുണ്ടായത്. മൊബൈല്‍ ഫോണിലെ ഗെയിം കളി സ്വന്തം ജീവനെടുക്കാനും പാകത്തിലുളള മാനസിക മാറ്റം കുട്ടിയില്‍ ഉണ്ടാക്കിയ കാര്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല.

അമ്മയുടെ ഫോണ്‍ ഉപയോഗിച്ചായിരുന്നു കുട്ടി ഗെയിം കളിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഈ ഫോണില്‍ നിന്ന് ഫ്രീ ഫയര്‍, ഹൊറര്‍ ഫീല്‍ഡ് എന്നീ ഗെയിമിങ് ആപ്പുകളാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യയിലേക്ക് നയിച്ച ടാസ്ക് ഉളള ഗെയിം ഏതാണെന്ന് തിരിച്ചറിയാനായിട്ടില്ല. ഈ ആപ്പ് കുട്ടി ഫോണില്‍ ഒളിപ്പിച്ചിരുന്നോ എന്നത് ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്ന് പൊലീസ് പറയുന്നു.

ചെങ്ങമനാട് സ്വദേശിയായ പത്താം ക്ലാസുകാരന്‍ വെളളിയാഴ്ച വൈകിട്ടാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. മഴക്കോട്ട് കൊണ്ട് ദേഹമാകെ മൂടി വായില്‍ സെല്ലോ ടേപ്പൊട്ടിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടതോടെയാണ് ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്കിന്‍റെ ഭാഗമായുളള ആത്മഹത്യയാണോ എന്ന സംശയം ശക്തമായത്.

Trending

No stories found.

Latest News

No stories found.