ഒഴിഞ്ഞുപോകില്ല, മാരകമായ മിന്നൽപ്പിണറുകൾ

കാലാവസ്ഥാ ഘടനയിലുണ്ടായ മാറ്റമാണ് ഇടവപ്പാതിയിൽ പതിവില്ലാത്ത ഇടിമിന്നലുകൾക്ക് കാരണമാകുന്നത്. ഇതു തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്നത്.
Monsoon menace: Deadly lightning strikes are here to stay
ഒഴിഞ്ഞുപോകില്ല, മാരകമായ മിന്നൽപ്പിണറുകൾImage by macrovector on Freepik
Updated on

അജയൻ

ഇടവപ്പാതിയിൽ ഇടിമിന്നലുകൾ പതിവുള്ളതല്ല കേരളത്തിൽ. എന്നാൽ, ചൊവ്വാഴ്ച രണ്ടു പേരാണ് കൊല്ലത്ത് മിന്നലേറ്റു മരിച്ചത്. വേനൽമഴയ്ക്കും തുലാവർഷത്തിനും അകമ്പടിയാകാറുള്ള മാരകമായ മിന്നൽപ്പിണറുകൾ ഇപ്പോൾ ഇടവപ്പാതിയിലും കണ്ടുതുടങ്ങിയിരിക്കുന്നു.

ആഗോള താപനം കാരണം കാലാവസ്ഥാ ഘടനയിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. മഴക്കാലത്തിന്‍റെ സമയം മാറുന്നതും മഴയുടെ അളവിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതുമെല്ലാം ഇക്കാരണത്താലാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ അറ്റ്‌മോസ്ഫറിക് സയൻസ് വിഭാഗത്തിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ. ചക്രപാണി വിലയിരുത്തുന്നു. താപനിലയിൽ ക്രമാനുഗതമായ വർധന രേഖപ്പെടുത്തുമ്പോഴും, ആകെ ലഭിക്കുന്ന മഴയുടെ അളവിൽ ദീർഘകാലാടിസ്ഥാനത്തിൽ വലിയ കൂടുതലോ കുറവോ കാണിക്കുന്നില്ല. പക്ഷേ, മഴയുടെ സ്വഭാവത്തിൽ വലിയ വ്യത്യാസങ്ങളുണ്ടായി. ദിവസം മുഴുവൻ നിന്നുപെയ്തിരുന്ന മഴ ഒറ്റ മണിക്കൂറിൽ പെയ്തുതീരുന്നതും, ഒരു സീസണിൽ ആകെ കിട്ടേണ്ട മഴ ഏതാനും ദിവസം കൊണ്ടു പെയ്തിറങ്ങുന്നതുമെല്ലാം പതിവായിരിക്കുന്നു.

വേനൽമഴയുടെയും തുലാവർഷത്തിന്‍റെയും കാര്യത്തിൽ വലിയ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ഇടവപ്പാതിയുടെ സ്വഭാവമാണ് ആകെ മാറിമറിഞ്ഞിരിക്കുന്നത്. ഇടവപ്പാതിക്കാലത്ത് സാധാരണഗതിയിൽ അധികം ഘനമില്ലാത്ത, പഞ്ഞിത്തുണ്ട് പോലെയുള്ള ക്യുമുലസ് മേഘങ്ങളാണ് ഭൂമിയിൽ നിന്ന് ഏതാനും കിലോമീറ്റർ ഉയരത്തിൽ രൂപപ്പെടുക. അന്തരീക്ഷ താപനില ഉയർന്നതു കാരണം ഈ മേഘങ്ങൾ ഇപ്പോൾ കൂടുതൽ വികസിക്കുകയും കൂടുതൽ ഉയരത്തിലേക്ക് കൂടുതൽ വേഗത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. ഇതാണ് ഇടവപ്പാതിയുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വരാനുള്ള കാരണം.

അന്തരീക്ഷ താപനിലയിൽ ഒരു ഡിഗ്രി വർധനയുണ്ടായാൽപ്പോലും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന നീരാവിയുടെ അളവിൽ ഏഴു ശതമാനം വരെ വർധനയുണ്ടാകും. അന്തരീക്ഷത്തിലെ ഈർപ്പം എപ്പോഴെങ്കിലും മഴയായി പെയ്തിറങ്ങിയേ മതിയാകൂ. അതാണ് ഇടവിട്ടുള്ള കനത്ത മഴയ്ക്ക് കാരണമാകുന്നത്.

താപനില കൂടുമ്പോൾ മേഘങ്ങൾ കൂടുതലായി മേലേയ്ക്കു സഞ്ചരിക്കുകയും ഒരുമിച്ചു ചേരുകയും ചെയ്യും. ഇത് ഇവയുടെ ഉയരം കൂടാൻ ഇടയാക്കും. തുലാവർഷകാലത്ത് കാണപ്പെടുന്ന ഈ പ്രതിഭാസം ഇടവപ്പാതിയിലും സംഭവിക്കുമ്പോൾ ഇടിമിന്നലുകൾക്ക് കരുത്തേറുന്നു. മേഘങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ചാർജ് വ്യത്യാസമാണ് ഇടിമിന്നലുണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. മേഘങ്ങൾ തമ്മിലോ, മേഘങ്ങളും ചുറ്റുമുള്ള വായുവും തമ്മിലോ ഉള്ള ചാർജ് വ്യത്യാസവും ഇടിമിന്നലിനു കാരണമാകാം.

Monsoon menace: Deadly lightning strikes are here to stay
പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

ചാർജ് വ്യത്യാസവും തൽഫലമായുണ്ടാകുന്ന ഇലക്‌ട്രിക് ഡിസ്ചാർജും (ഇടിമിന്നൽ) സംഭവിക്കാൻ ആവശ്യമായ ഉയരം ഇടവപ്പാതിയിലെ മേഘങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നില്ല. ഈ രീതിക്കാണ് ഇപ്പോൾ അന്തരീക്ഷ താപനിലയിലെ വർധന കാരണം വ്യത്യാസം വന്നിരിക്കുന്നത്. രാത്രിയും പുലർച്ചെയും പോലുമുള്ള മിന്നലുകൾ ഇതിനു തെളിവാണ്.

കുസാറ്റിലെ അറ്റ്മോസ്ഫറിക് സയൻസസ് വകുപ്പിൽനിന്നുള്ള എ.വി. ശ്രീനാഥ്, എസ്. അഭിലാഷ്, പി. വിജയകുമാർ എന്നിവർ ചേർന്നു നടത്തിയ Variability in Lightning Hazard over Indian Region with Respect to El Niño–Southern Oscillation (ENSO) Phases എന്ന പഠനത്തിൽ ഈ പ്രവണതയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലും തെക്കൻ ഉപഭൂഖണ്ഡത്തിലും ഇടിമിന്നലുകൾ വർധിച്ചിട്ടുള്ളതും ഇതിൽ ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.