പഴയ ഉപകരണം, പുതിയ തന്ത്രം: ഹിസ്ബുള്ളയെ നടുക്കിയ പേജർ ബോംബ്

വയർലെസ് സാങ്കേതികവിദ്യയാണ് പേജർ ആശ്രയിക്കുന്നത്. എന്നാൽ, കാലഹരണപ്പെട്ട ഈ ഉപകരണങ്ങൾ ഹിസ്ബുള്ള ഇപ്പോഴും ആശയവിനിമയത്തിന് ഉപയോഗിച്ചു വരുന്നു
വയർലെസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പേജർ ഹിസ്ബുള്ള ഇപ്പോഴും ആശയവിനിമയത്തിന് ഉപയോഗിച്ചു വരുന്നു, Pager blast that rocked Hezbollah, explainer
ഉപകരണം പഴയത്, യുദ്ധതന്ത്രം പുതിയത്: ഹിസ്ബുള്ളയെ നടുക്കിയ പേജർ ബോംബ്
Updated on

വി.കെ. സഞ്ജു

ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസമാണ് ഇലിയഡ്. അതിന്‍റെ ക്ലൈമാക്സിൽ ഒരു വമ്പൻ ട്വിസ്റ്റുണ്ട്. ട്രോയ് നഗരം കീഴടക്കാനാവാതെ മടങ്ങിപ്പോകുന്നു എന്ന പ്രതീതിയുണർത്തിയ സൈനികർ അവിടെ ഉപേക്ഷിച്ചു പോയ ഒരു കൂറ്റൻ മരക്കുതിരയിലാണ് കഥ തിരിയുന്നത്. എല്ലാം മറന്ന് വിജയാഘോഷം തുടങ്ങിയ ട്രോജൻ സൈനികരെ, കുതിരയ്ക്കുള്ളിൽ ഒളിച്ചിരുന്ന ശത്രു സൈനികർ ഇറങ്ങിവന്ന് നിഷ്പ്രയാസം കീഴടക്കുകയായിരുന്നു.

ഗ്രീക്ക് ഇതിഹാസത്തിൽ നിന്നു ചീന്തിയെടുത്ത ട്രോജൻ ഹോഴ്സ് മാതൃകയിലാണിപ്പോൾ ലെബനീസ് സംഘടനയായ ഹിസ്ബുള്ള ഒരു സ്ഫോടന പരമ്പര തന്നെ ഏറ്റുവാങ്ങിയിരിക്കുന്നത്- അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച. അതിന് അവരുടെ ശത്രുക്കൾ ഉപയോഗിച്ചതോ, ന്യൂ ജെനറേഷൻ ലോകത്തിന് അത്ര പരിചിതമല്ലാത്ത പേജർ എന്ന ഉപകരണവും!

മൊബൈൽ ഫോണുകളുടെ വരവോടെ കാലഹരണപ്പെട്ടു പോയ ഒരു ആശയവിനിമയ ഉപകരണമാണ് പേജർ. നയന്‍റീസ് കിഡ്സിനിപ്പുറത്തേക്കുള്ള തലമുറയ്ക്ക് ഇങ്ങനെയൊരു ഉപകരണം കേട്ടുകേൾവിയിൽ പോലും ഉണ്ടാകണമെന്നില്ല. മെസേജ് അയക്കാൻ മാത്രമായി പണ്ടു പണ്ടൊരു ഉപകരണമുണ്ടായിരുന്നു എന്നു കേട്ടാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും, എസ്എംഎസ് ആവശ്യമില്ലാത്ത തലമുറയ്ക്ക്.

വയർലെസ് സാങ്കേതികവിദ്യയാണ് പേജർ ആശ്രയിക്കുന്നത്. എന്നാൽ, കാലഹരണപ്പെട്ട ഈ ഉപകരണങ്ങൾ ഹിസ്ബുള്ള എന്ന ലെബനീസ് സംഘടന ഇപ്പോഴും ആശയവിനിമയത്തിന് ഉപയോഗിച്ചു വരുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ശത്രുക്കൾക്ക് ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിക്കും എന്നതാണ് അവർ കൂടുതലായി പേജറിനെ ആശ്രയിക്കാൻ കാരണം. ശത്രുക്കളെന്നാൽ പൊതുവിൽ ഇസ്രയേൽ തന്നെ, പ്രത്യേകിച്ച് അവരുടെ ചാരസംഘടനയായ മൊസാദ്.

അതേസമയം, വിദൂരത്തിരുന്ന് പേജർ പൊട്ടിത്തെറിപ്പിക്കുകയാണ് ഇസ്രയേൽ ചെയ്തത് എന്ന ആരോപണം തത്കാലം മുഖവിലയ്ക്കെടുക്കാൻ സാധിക്കില്ല. പേജർ ഇത്തരത്തിൽ പൊട്ടിത്തെറിപ്പിക്കാമെങ്കിൽ, വൈറസ് പോലുള്ള മാൽവെയറുകൾ ഫോണിൽ കടത്തിവിട്ട് ഫോണുകളും പൊട്ടിത്തിറിപ്പിക്കാനാവും എന്ന ആശങ്കയും ഭാവിയിലേക്കു മാറ്റിവയ്ക്കാം. ഉപകരണത്തിന്‍റെ പ്രവർത്തനം വർധിപ്പിച്ച് ജാമാക്കി അമിതമായി ചൂട് കൂടി പൊട്ടിത്തെറിക്കാൻ പാകപ്പെടുത്തിയതാണ് എന്ന സംശയം ഇതിനകം നിരാകരിക്കപ്പെട്ടു കഴിഞ്ഞു.

ലെബനനിൽ എത്തും മുൻപേ പേജറുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ചു കഴിഞ്ഞിരുന്നു എന്നാണ് പുതിയ സൂചന. പൊട്ടിത്തെറിച്ച പേജറുകളിൽ മൂന്ന് ഗ്രാം വരെ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. തായ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ സ്റ്റിക്കറുകളാണ് ഈ പേജറുകളിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇത് തങ്ങളുടെ ഉത്പന്നങ്ങളല്ലെന്നും, മറ്റാരോ വ്യാജമായി സ്റ്റിക്കറുകൾ പതിച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു.

എആർ-924 എന്ന പേജർ മോഡലുകളാണ് ഈ 'യുദ്ധ' തന്ത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഈ മോഡൽ പേജറുകൾ നിർമിക്കുന്നതും വിൽക്കുന്നതും ഹംഗറി ആസ്ഥാനമായ ബിഎസി എന്ന കമ്പനിയാണെന്ന് ഗോൾഡ് അപ്പോളോ ആരോപിക്കുകയും ചെയ്യുന്നു.

യഥാർഥത്തിൽ ഇസ്രയേലിനെയും അവരുടെ കുപ്രസിദ്ധമായ മൊസാദ് എന്ന ചാര സംഘടനയെയും പേടിച്ചാണ് ഹിസ്ബുള്ള സംഘടനയിൽപ്പെട്ടവർ ഇപ്പോഴും പേജർ ഉപയോഗിക്കുന്നത്. ഇസ്രയേലാണ് പേജർ സ്ഫോടന പരമ്പരയ്ക്കു പിന്നിലെന്ന സംശയം സത്യമാണെങ്കിൽ, പുഴുവിന്‍റെ രൂപത്തിൽ പഴത്തിലൊളിച്ചു കടന്ന് പരീക്ഷിത്തിനെ കൊന്ന തക്ഷക സർപ്പത്തെപ്പോലെയായി ഈ അത്യാധുനിക യുദ്ധ തന്ത്രം.

Trending

No stories found.

Latest News

No stories found.