ദുബായ്: ഭൂമിയുടെ പുറം നിഴൽ അതിന്‍റെ ഉപരിതലത്തിൽ നേരിയ തോതിൽ സ്പർശിക്കുമ്പോൾ ബുധനാഴ്ച യുഎഇയിൽ ചന്ദ്രൻ മങ്ങിയ നിലയിൽ കാണപ്പെടുമെന്നു റിപ്പോർട്ട്. ഇത് പുലർച്ചെ രാജ്യത്തിന്‍റെ ആകാശത്ത് ദൃശ്യമാകും. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലുള്ള ആളുകൾക്ക് ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയും. എന്നാൽ, യുഎഇയിൽ അതിരാവിലെ ഗ്രഹണത്തിന്‍റെ ന്യൂന ഭാഗം മാത്രമേ കാണാനാകൂ.
യുഎഇയിൽ പുലർച്ചെ 4.41ന് ഗ്രഹണ ഘട്ടം ആരംഭിക്കുമെന്ന് ദുബായ് ജ്യോതിശാസ്ത്ര ഗ്രൂപ്പിൽ നിന്നുള്ള ഖദീജ അഹ്മദിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
''ചക്രവാളത്തിന് താഴെ സംഭവിക്കുന്ന ചന്ദ്ര ഗ്രഹണത്തിന്‍റെ ഭാഗിക ഘട്ടത്തിന് യു.എ.ഇ സാക്ഷ്യം വഹിക്കില്ലെങ്കിലും, 'പെനംബ്രൽ' ഘട്ടം പിടിക്കാൻ ഇനിയും അവസരമുണ്ടാകും'', അവർ പറഞ്ഞു. സൂക്ഷ്മമാണെങ്കിലും, ഭൂമിയുടെ പുറം നിഴൽ ചന്ദ്രനെ എങ്ങനെ മൃദുവായി സ്പർശിക്കുന്നു എന്നതിന്‍റെ ആകർഷണീയ കാഴ്ചയാണ് ഉണ്ടാവുകയെന്നും അവർ വ്യക്തമാക്കി.
പൂർണമായോ ഭാഗികമായോ ഉള്ള ചന്ദ്ര ഗ്രഹണത്തേക്കാൾ ഇത്തരത്തിലുള്ള ഗ്രഹണം നിരീക്ഷിക്കാൻ പ്രയാസമാണ്. പക്ഷേ, ഭൂമിയുടെ നിഴൽ അതിന്‍റെ ഏറ്റവും അടുത്തുള്ള ആകാശ ഘടകങ്ങളുമായി ഇടപഴകുന്നത് കാണാനുള്ള അപൂർവാവസരം ഇത് നൽകുന്നു. ഭൂമിയുടെ നിഴലിന്‍റെ മങ്ങിയ പുറംഭാഗത്തിലൂടെ (ഭൂമിയുടെ പെനംബ്രൽ നിഴലിലൂടെ) ചന്ദ്രൻ കടന്നു പോകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ഈ പ്രതിഭാസത്തിൽ, ചന്ദ്രന്‍റെ ഉപരിതലം ചെറുതായി മങ്ങുന്നു. പക്ഷേ, ദൂരദർശിനികളോ ബൈനോക്കുലറുകളോ ഇല്ലാതെ അതിന്‍റെ ഫലം കാണാൻ പ്രയാസമാണ്. സൂക്ഷ്മമാണെങ്കിലും സൂര്യനും ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രതിപ്രവർത്തനം മികച്ച ഗ്രഹണകാഴ്ച നൽകുന്നു. ദുബായ് അസ്ട്രോണമി ഗ്രൂപ്പ് അതിന്‍റെ യൂ ട്യൂബ് ചാനലിൽ ഗ്രഹണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ലൈവ് സ്ട്രീം ഏർപ്പെടുത്തും.
അടുത്ത വർഷം സെപ്റ്റംബർ 7നും 2028 ഡിസംബർ 31നും യു.എ.ഇയുടെ ആകാശത്ത് പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
നാളെ വൈകുന്നേരം, ഒരു സൂപർ മൂൺ ഉണ്ടാകും. അത് ഭൂമിയോട് അടുത്ത് നിൽക്കുന്നതിനാൽ ചന്ദ്രൻ ആകാശത്ത് വലുതും തിളക്കവുമുള്ളതായി കാണപ്പെടും.
ഇത് വിളവെടുപ്പ് കാലത്തെ ചന്ദ്രനുമായി ചേർന്ന് നിൽക്കുന്നതാണ്. ശരത്കാല വിഷുവിനോട് ഏറ്റവും അടുത്തുള്ള പൂർണ ചന്ദ്രൻ, പരമ്പരാഗതമായി വിളവെടുപ്പ് സീസണിന്‍റെ ആരംഭത്തെ സൂചിപ്പിക്കുന്നു. മൂന്ന് ദിവസത്തേക്ക് ഇത് പൂർണമായി ദൃശ്യമാകും.