തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കുന്നതിന് വനം വകുപ്പിന്‍റെ 'സര്‍പ്പ' ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുന്നു. ജനവാസ മേഖലയില്‍ വന്യമൃഗങ്ങളെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഉള്‍പ്പെടുത്തിയാണ് നിലവില്‍ പാമ്പുകളെ പിടികൂടാന്‍ ഉപയോഗിച്ചിരുന്ന സര്‍പ്പ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത്.
പുതിയ സവിശേഷതകളോടെ ആപ്പ് ഒരാഴ്ച്ചക്കം പുറത്തിറക്കും. സമീപ കാലത്തായി മനുഷ്യ- മൃഗ സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്ത് നിരവധി ജീവനുകള്‍ നഷ്ടമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായാണ് പുതിയ സംവിധാനം വരുന്നത്.
ആപ്പില്‍ ജനവാസ മേഖലയിലെത്തിയ മൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും പൊതുജനങ്ങള്‍ക്ക് ഇപ്ലോഡ് ചെയ്യാന്‍ സാധിക്കും.
ഇതിനായി വനാതിര്‍ത്തികളില്‍ താമസിക്കുന്ന ഉപയോക്താക്കള്‍ക്ക് വനം വകുപ്പ് പ്രത്യേക ബോധവത്ക്കരണം നല്‍കും. ഇങ്ങനെ അപ്ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകളും മറ്റ് വിവരങ്ങളും വനം വകുപ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. തുടര്‍ന്ന് പോസ്റ്റുകള്‍ 'വെരിഫൈഡ്' ആയി ആപ്പില്‍ ദൃശ്യമാകും.