Secrets of light
പ്രകാശത്തിന്‍റെ രഹസ്യങ്ങൾ

പ്രകാശത്തിന്‍റെ രഹസ്യങ്ങൾ

ലോകം മുഴുവന്‍ വ്യാപരിച്ചു നില്‍ക്കുന്നതും ആര്‍ക്കും കീഴടക്കാന്‍ കഴിയാത്ത വേഗതയില്‍ സഞ്ചരിക്കുന്നതുമായ പ്രകാശത്തെ മനസ്സിലാക്കാന്‍ പണ്ടു മുതലേ പല ശ്രമങ്ങളും നടന്നിട്ടുണ്ട്

തയാറാക്കിയത്: എൻ. അജിത്കുമാർ

പ്രകാശത്തെക്കുറിച്ച് പല ക്ലാസുകളിലും പഠിക്കാനുണ്ടല്ലോ. ലോകം മുഴുവന്‍ വ്യാപരിച്ചു നില്‍ക്കുന്നതും ആര്‍ക്കും കീഴടക്കാന്‍ കഴിയാത്ത വേഗതയില്‍ സഞ്ചരിക്കുന്നതുമായ പ്രകാശത്തെ മനസ്സിലാക്കാന്‍ പണ്ടു മുതലേ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്താണ് പ്രകാശമെന്ന് ശാസ്ത്രം എറെക്കുറെ ഇന്ന് വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്.

എന്താണ് പ്രകാശം

പ്രകാശം ഫോട്ടോണ്‍ കണങ്ങളാല്‍ നിർമിതമാണ്. ഒരേസമയം കണികയായും തരംഗമായും പെരുമാറുന്നത് പ്രകാശം മാത്രമാണ്. പ്രകാശത്തിന് പിണ്ഡമില്ല. അതിനെ ഒരു പദാര്‍ത്ഥമായി കണക്കാക്കിയിട്ടില്ല. പ്രകാശം സഞ്ചരിക്കുന്നത് തരംഗരൂപത്തിലാണെങ്കിലും നേര്‍രേഖാപാതയിലാണെന്ന് കാഴ്ചക്കാരന് തോന്നുന്നു. പ്രകാശതരംഗത്തില്‍ സഞ്ചരിക്കുന്നത് വൈദ്യുതിയുടെയും കാന്തതയുടെയും മണ്ഡലങ്ങളാണ്. ഒരു സെക്കന്‍ഡില്‍ 300 ലക്ഷം മീറ്റര്‍ എന്ന അവിശ്വസനീയമായ വേഗത്തിലാണ് പ്രകാശം സഞ്ചരിക്കുന്നത്. ഇത് ഒരിക്കലും കൂടുകയോ കുറയുകയോ ചെയ്യാതെ നിലനില്‍ക്കും എന്ന് ഐന്‍സ്റ്റീന്‍ ഉറപ്പുതരുന്നു. പ്രകാശവേഗത സ്ഥിരാങ്കമാണെന്നും അതിനുമപ്പുറമൊരു വേഗതയില്ലെന്നും അദ്ദേഹം സ്ഥാപിച്ചു. ശാസ്ത്രഭാഷയില്‍ പറഞ്ഞാല്‍ പ്രകാശം വൈദ്യുതകാന്തിക പ്രസരണത്തിന്‍റെ സ്‌പെക്ട്രമാണ്.റേഡിയോ തരംഗങ്ങള്‍, മൈക്രോതരംഗങ്ങള്‍, ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍, നാം കാണുന്ന വെള്ളിവെളിച്ചം, അള്‍ട്രാവയലറ്റ് രശ്മികള്‍, എക്‌സ് രശ്മികള്‍ എന്നിവ പ്രകാശത്തിന്‍റെ ഘടകങ്ങളാണ്.

പ്രകാശശാസ്ത്രത്തെ വര്‍ണശബളമാക്കിയവര്‍

ഇബ്ന്‍ അല്‍ ഹെയ്താമില്‍ തുടങ്ങി പ്ലേറ്റോ അരിസ്റ്റോട്ടിന്‍, യൂക്ലിഡ്, ഗലീലിയോ, കെപ്‌ളര്‍ , ദെക്കാര്‍ത്തെ ബോയല്‍, ഗ്രമാള്‍ഡി, വോള്‍ട്ട, ന്യൂട്ടണ്‍, ഫാരഡെ, എഡിസണ്‍, ടെസ്ല, ഐന്‍സ്റ്റീന്‍ തുടങ്ങി അനേകം പ്രശസ്തര്‍ പ്രകാശശാസ്ത്രത്തിന് വെളിച്ചമേകി. കണ്ണില്‍ നിന്ന് വമിക്കുന്ന പ്രകാശരശ്മികള്‍ സൂര്യനില്‍ നിന്ന് വരുന്ന പ്രകാശവുമായി കൂടിച്ചേരുന്നു എന്നാണ് പ്ലാറ്റോയും യൂക്ലിഡും കരുതിയത്. കണ്ണിനും കാണുന്ന വസ്തുവിനും ഇടയ്ക്കുള്ള പാരദര്‍ശകമായ മാധ്യമമാണ് പ്രകാശം എന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞു. പ്രകാശത്തിന് വേഗതയുണ്ടെന്നും, അതിന് സഞ്ചരിക്കുവാന്‍ സമയം ആവശ്യമുണ്ടെന്നും അതിന്‍റെ ലംബരശ്മികള്‍ മാത്രമേ നമ്മുടെ കണ്ണില്‍ കയറുന്നുവെള്ളുവെന്നും ഇബ്ല് അല്‍ ഹെയ്താം പ്രസ്താവിച്ചു. ഒരു പിന്‍ഹോള്‍ ക്യാമറയിലെന്നപോലെ പുറത്തുനിന്നു വന്നുവീഴുന്ന വെളിച്ചം ഉണ്ടാക്കുന്ന ബിംബങ്ങളാണ് നമ്മുടെ കാഴ്ചയ്ക്ക് അടിസ്ഥാനമെന്നും പ്രകാശം നേര്‍രേഖയിലാണ് സഞ്ചരിക്കുന്നത് എന്നും അല്‍ ഹെയ്താം ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ പറഞ്ഞു. ഗലീലിയോയും ആ അഭിപ്രായക്കാരനായിരുന്നു. പ്രകാശരശ്മികള്‍ നേത്രപടലത്തിലേക്ക് കേന്ദ്രീകൃതമാകുന്നുവെന്ന് പറഞ്ഞത് കെപ്ലറാണ്.

സൂര്യപ്രകാശത്തില്‍ പലതരം നിറങ്ങളുണ്ടെന്ന് ദെക്കാര്‍ത്തെയും ബോയിലും പറഞ്ഞുവെങ്കിലും സൂര്യപ്രകാശത്തെ ഒരു സ്ഫടിക പ്രിസത്തിലൂടെ കടത്തിവിട്ട് വർണരാജിയെ പ്രദര്‍ശിപ്പിച്ചത് ഐസക് ന്യൂട്ടനാണ്. വെള്ളിവെളിച്ചത്തില്‍ മഴവില്‍ വർണങ്ങള്‍ ഉണ്ടെന്ന് തെളിഞ്ഞത് അന്നാണ്.പ്രകാശം വൈദ്യുത ഊര്‍ജത്തിന്‍റെയും കാന്തിക ഊര്‍ജത്തിന്‍റെയും മഹത്തായ കൂട്ടുകെട്ടാണെന്ന് 1864 ല്‍ സ്‌കോട്ട്‌ലന്‍ഡുകാരനായ ജെയിംസ് ക്ലാര്‍ക്ക് മാക്‌സ്വെല്‍ വിശദീകരിച്ചു. എഡിസണ്‍ വൈദ്യുതബള്‍ബ് കണ്ടുപിടിക്കുന്നത് 1878ലാണ് നമ്മുടെ രാത്രികളെ പ്രഭാപൂരിതമാക്കിയത് ആ കണ്ടുപിടുത്തമാണ്.ഭൂമിയുടെ ചലനത്തിനൊപ്പം സഞ്ചരിക്കുന്ന പ്രകാശരശ്മിക്ക് ഭൂമിക്ക് ലംബമായി പോകുന്ന രശ്മിയേക്കാള്‍ വേഗത കിട്ടുന്നുവെന്ന് കണ്ടുപിടിച്ചത് മൈക്കിള്‍സണ്ണിന്‍റെയും മെര്‍ളിയുടെയും പഠനങ്ങളാണ്. ഈ പ്രശ്‌നം ആഴത്തില്‍ പഠിച്ച ഐന്‍സ്റ്റീന്‍ അവരുടെ ഊഹം ശരിയാണെന്ന് കണ്ടെത്തി. പ്രകാശവേഗമെന്നത് സ്ഥിരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രകാശം ചെറിയ ചെറിയ ഊര്‍ജകണങ്ങള്‍ ആയിട്ടാണ് സഞ്ചരിക്കുന്നത് എന്ന് മാക്‌സ് പ്ലാങ്കിന്‍റെ ക്വാണ്ടം സിദ്ധാന്തം അടിസ്ഥാനമാക്കി ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഐന്‍സ്റ്റീന്‍ തൃപ്തികരമായി വിശദീകരിച്ചു.

പ്രകാശം ചികിത്സാരംഗത്ത്

വൈദ്യശാസ്ത്രരംഗത്ത് മെഡിക്കല്‍ ഇമേജിങും പ്രകാശാധിഷ്ഠിത പ്രതിവിധികളും ഇന്ന് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.വില്യം കോണ്‍റാഡ് റോണ്‍ട്ജന്‍ (ജർമനി) എക്‌സ്‌റേ കണ്ടുപിടിച്ചത് 1895 ലാണ് എക്‌സ്‌റേയ്ക്ക് ഇന്നും ചികിത്സാരംഗത്ത് വലിയ പ്രാധാന്യമുണ്ട്. ബ്രിട്ടീഷുകാരനായ ഗോഡ് ഫ്രെഹൗന്‍സ് ഫില്‍ഡ് സി. ടി. സ്‌കാന്‍ കണ്ടുപിടിച്ചത് 1972ലാണ്.അമേരിക്കക്കാരനായ റെയ്മണ്ട് ഡി ഡമാഡിയന്‍ 1974 ല്‍ എം.ആര്‍.ഐ സ്‌കാനിങ് കണ്ടുപിടിച്ചു. ത്വക്ക് രോഗങ്ങള്‍ ചികിത്സാരംഗത്തും സൗന്ദര്യ ചികിത്സാരംഗത്തും ലേസറിന് ഇന്ന് വലിയ പ്രാധാന്യമുണ്ട്.

വാര്‍ത്താവിനിമയത്തിൽ

പ്രകാശത്തിന്‍റെ പൂർണ ആന്തരിക പ്രതിഫലനം എന്ന സ്വഭാവം പ്രയോജനപ്പെടുത്തിയാണ് ഒപ്റ്റിക്കല്‍ ഫൈബറുകള്‍വഴിയുള്ള അതിവേഗ വിവരവിനിമയം സാധ്യമാകുന്നത്. തലമുടിനാരുകള്‍ പോലെ കനംകുറഞ്ഞ സ്ഫടിക നാരുകളാണ് ഒപ്റ്റിക്കല്‍ ഫൈബറുകള്‍. സ്ഫടികത്തേക്കാള്‍ അല്പം സാന്ദ്രത കുറഞ്ഞ മറ്റൊരു വസ്തുകൊണ്ട് ഈ നാരുകളെ ആവരണം ചെയ്തിരിക്കും. ഈ നാരിന്‍റെ ഒരറ്റത്തുകൂടി കടത്തിവിടുന്ന പ്രകാശം ആവര്‍ത്തിച്ചുള്ള പൂര്‍ണപ്രതിഫലനത്തിനുശേഷം

മറുവശത്തെത്തുന്നു. ശബ്ദതരംഗങ്ങളെ പ്രകാശതരംഗങ്ങളാക്കി മാറ്റി ഒപ്റ്റിക്കല്‍ ഫൈബറികളിലൂടെ കടത്തിവിട്ട് വീണ്ടും ശബ്ദതരംഗങ്ങളായി മാറ്റിയുള്ള ഫൈബര്‍ ഒപ്റ്റിക്‌സ് സാങ്കേതികവിദ്യയാണ് ഇന്നുകാണുന്ന വാര്‍ത്താവിനിമയരംഗത്തെ വന്‍ കുതിപ്പിന് കാരണമായത്.

പ്രകാശസിദ്ധാന്തങ്ങള്‍

ഐസക് ന്യൂട്ടന്‍റെ കണികാസിദ്ധാന്തം

സ്വയം പ്രകാശിക്കുന്ന ഒരു പദാര്‍ത്ഥത്തില്‍ നിന്നും പുറപ്പെടുന്ന അതിസൂക്ഷ്മങ്ങളും അദൃശ്യവും പരിപൂര്‍ണ ഇലാസ്തികവും ഗോളാകൃതിയിലുള്ളതുമായ കണങ്ങളുടെ പ്രവാഹമാണ് പ്രകാശം. 1657- ലാണ് ഐസക് ന്യൂട്ടണ്‍ കണികാസിദ്ധാന്തം ആവിഷ്‌കരിച്ചത്.പ്രകാശപ്രതിഭാസങ്ങളായ പ്രതിഫലനം, അപവര്‍ത്തനം, നേര്‍രേഖയില്‍ സഞ്ചരിക്കല്‍ എന്നിവ ഈസിദ്ധാന്തത്തിലൂടെ വിശദീകരിക്കപ്പെട്ടു.

ഹൈഗന്‍സിന്‍റെ തരംഗസിദ്ധാന്തം

പ്രകാശം തരംഗരൂപത്തിലാണ് സഞ്ചരിക്കുന്നത്. ശബ്ദതരംഗങ്ങളെപ്പോലെ പ്രകാശതരംഗങ്ങളിലും ഉച്ചമര്‍ദ്ദമേഖലകളും നീചമര്‍ദ്ദമേഖലകളും ചേര്‍ന്ന അനവധി അനുദൈര്‍ഘ്യ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ഹോളണ്ടുകാരനായ ക്രിസ്റ്റ്യന്‍ ഹൈഗന്‍സ് 1678ലാണ് തരംഗസിദ്ധാന്തം അവതരിപ്പിച്ചത്. ഫ്രഞ്ച്ശാസ്ത്രജ്ഞനായ അഗസ്റ്റിന്‍ ഫ്രണല്‍ തരംഗസിദ്ധാന്തമുപയോഗിച്ച് പ്രകാശപ്രതിഭാസങ്ങളായ ഡിഫ്രാക്ഷന്‍, റിഫ്രാക്ഷന്‍ എന്നിവ വിശദീകരിച്ചു.

മാക്‌സ്പ്ലാങ്കിന്‍റെ ക്വാണ്ടം സിദ്ധാന്തം

ക്വാണ്ടം സിദ്ധാന്തം അനുസരിച്ച് പ്രകാശം വിസരണം ചെയ്യപ്പെടുന്നത് ഊര്‍ജപ്പൊതികള്‍ ആയാണ്.ഫോട്ടോണുകളുടെ കൂട്ടമാണ് ഒരു ക്വാണ്ടം. 1900-ല്‍ മാക്‌സ്പ്ലാങ്ക് ക്വാണ്ടം സിദ്ധാന്തം ആവിഷ്‌കരിച്ചത്. 1905-ല്‍ ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഐന്‍സ്‌റ്റൈന്‍ പ്രകാശവിദ്യുത്പ്രഭാവം (Photoelectric Effect) വിശദീകരിച്ചു.1918-ല്‍ പ്ലാങ്കിന് നോബല്‍ സമ്മാനം നൽകപ്പെട്ടു .

ഹെര്‍ട്‌സിന്‍റെ ഫോട്ടോ ഇലക്ട്രിക് പ്രഭാവം

ഹെയിന്‍റിച്ച് റുഡോള്‍ഫ് ഹെര്‍ട്‌സ് (1857-1894) ആണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്‌കരിച്ചത്. പ്രകാശരശ്മികളോ, മറ്റ് ചില വൈദ്യുതകാന്തിക കിരണങ്ങളായ അള്‍ട്രാവയലറ്റ് രശ്മികള്‍, ഗാമാകിരണങ്ങള്‍ എന്നിവയോ സോഡിയം, ലിഥിയം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ലോഹങ്ങളില്‍ പതിക്കുമ്പോള്‍ ലോഹോപരിതലത്തില്‍ നിന്നും ഇലക്ട്രോണുകള്‍ ഉത്സര്‍ജിക്കപ്പെടുന്നു. ഈ പ്രതിഭാസമാണ് ഫോട്ടോ ഇലക്ട്രിക്ക്പ്രഭാവം. ഒരു നിശ്ചിത ആവൃത്തിയില്‍ കുറഞ്ഞ പ്രകാശമാണ് പതിക്കുന്നതെങ്കില്‍ ഇലക്ട്രോണുകള്‍ ഉത്സര്‍ജിക്കപ്പെടുന്നില്ല. ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഐന്‍സ്‌റ്റൈന്‍ പ്രകാശ വിദ്യുത്പ്രഭാവം തൃപ്തികരമായി വിശദീകരിച്ചു. ഐന്‍സ്‌റ്റൈന് 1921-ല്‍ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ഇത് വിശദീകരിച്ചതിനാണ്.

മാക്‌സ് വെല്ലിന്‍റെ വൈദ്യുതകാന്തിക സിദ്ധാന്തം

ചാര്‍ജിതകണങ്ങളുടെ ദോലനംമൂലമുണ്ടാകുന്ന വിദ്യുത്കാന്തികതരംഗങ്ങളാണ് പ്രകാശം എന്ന് 1864-ല്‍ സ്‌ക്കോട്‌ലന്‍ഡുകാരനായ ജെയിംസ് ക്ലാര്‍ക്ക് മാക്‌സ്‌വെൽ വിശദീകരിച്ചു. വിദ്യുത്കാന്തിക സിദ്ധാന്തത്തിന്‍റെ ആവിര്‍ഭാവത്തോടെ വൈദ്യുതിയും കാന്തികതയും സ്വതന്ത്രമായ രണ്ടു പ്രതിഭാസങ്ങളല്ലെന്നും ഒരേ വസ്തുതയുടെ ചാര്‍ജിതകണങ്ങളുടെ രണ്ടു പ്രഭാവങ്ങള്‍ മാത്രമാണെന്നും അംഗീകരിക്കപ്പെട്ടു.

പ്രകാശ പ്രതിഭാസങ്ങള്‍

പ്രതിഫലനം

മിനുസമുള്ള പ്രതലത്തില്‍ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസം. വീടിനകത്തേക്ക് സൂര്യവെളിച്ചം നേരിട്ട് കടക്കുന്നില്ലെങ്കിലും വീടിനകത്ത് എങ്ങനെ വെളിച്ചം കടന്നുവന്നു. പ്രകാശം പ്രതിഫലിക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പല അളവില്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് . നമുക്ക് ചുറ്റുമുള്ള വസ്തുക്കള്‍ കാണാന്‍ സാധിക്കുന്നത് അതുകൊണ്ടാണ്. ഓരോ വസ്തുവിലും തട്ടി പ്രതിഫലിച്ച പ്രകാശം നമ്മുടെ കണ്ണിലെത്തുമ്പോഴാണ് ആ വസ്തുവിനെ നമ്മള്‍ കാണുന്നത്.പ്രകാശത്തിലെ ഏതൊക്കെ നിറങ്ങള്‍ എത്രയൊക്കെ അളവില്‍ പ്രതിഫലിച്ചു കണ്ണിലെത്തുന്നു എന്നതിനനുസരിച്ചാണ് ഈ കാഴ്ച. ചുവപ്പു മാത്രമാണ് പ്രതിഫലിച്ചു വരുന്നതെങ്കില്‍ ചുവന്ന നിറത്തില്‍ കാണും നീല മാത്രം പ്രതിഫലിച്ചാല്‍ നീലനിറത്തില്‍ കാണും. എല്ലാ നിറങ്ങളും പ്രതിഫലിച്ചാല്‍ വെളുപ്പ് നിറമാണ് കാണുക. ഒന്നും പ്രതിഫലിക്കുന്നില്ലെങ്കിലോ? കറുപ്പു നിറത്തിലും.

അപവര്‍ത്തനം

പ്രകാശം നേര്‍രേഖയിലാണ് സഞ്ചരിക്കുന്നതെങ്കിലും സാന്ദ്രത വ്യത്യാസമുള്ള മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ ദിശ മാറിയേക്കാം.പ്രകാശം ഒരു മാധ്യമത്തില്‍ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ രണ്ട് മാധ്യമങ്ങളുടേയും വിഭജനതലത്തില്‍വച്ച് കിരണത്തിനുണ്ടാകുന്ന വ്യതിയാനമാണ് അപവര്‍ത്തനം. അപ്പോഴും പ്രകാശം വളയുന്നില്ല; ചരിയുന്നതേയുള്ളു. പ്രകാശം ഇഷ്ടം പോലെ വളഞ്ഞു സഞ്ചരിച്ചിരുന്നുവെങ്കില്‍ കുടകൊണ്ട് വെയിലിനെ മറയ്ക്കാന്‍ പറ്റുമായിരുന്നോ ! നിഴലുണ്ടാകുമോ?മതിലിനപ്പുറമുള്ള കാഴ്ചകളും നമുക്ക് കാണാന്‍ പറ്റുമായിരുന്നു. പിന്നിലൂടെ വരുന്നവരെപ്പോലും കാണാമായിരുന്നു.

പ്രകീര്‍ണനം

പ്രകാശം അതിന്‍റെ ഘടകവര്‍ണങ്ങളായി പിരിയുന്ന പ്രതിഭാസം. പ്രകാശത്തിന്‍റെ ഈ സ്വഭാവമാണ് മഴവില്ലിന് കാരണമാകുന്നത്.

വിസരണം

ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍ പൊടിപടലങ്ങളിലും തന്മാത്രകളിലും തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ പ്രതിഫലനമാണ് വിസരണം. ആകാശവും കടലും നീലനിറത്തില്‍കാണപ്പെടുന്നതിന് കാരണം പ്രകാശത്തിന്‍റെ വിസരണമാണെന്ന് തെളിയിച്ചത് സി.വി. രാമനാണ്.

വ്യതികരണം

രണ്ട് പ്രകാശതരംഗങ്ങള്‍ ഒരു ബിന്ദുവില്‍ സംഗമിച്ചാല്‍ തരംഗ ആയതി ഇരട്ടിക്കുന്നു. ഈ ബിന്ദുവില്‍ ഏറ്റവും കൂടിയ ത്രീവതയും അനുഭവപ്പെടുന്നു. ഒരു തരംഗത്തിന്‍റെ ശൃംഗം മറ്റേതിന്‍റെ ഗര്‍ത്തവുമായി ഒരു ബിന്ദുവില്‍ സംഗമിച്ചാല്‍ പരിണത ആയതി പൂജ്യമായിരിക്കും. ഈ ബിന്ദുവിലെ തീവ്രതയും പൂജ്യമായിരിക്കും. സോപ്പുകുമിളയിലും വെളളത്തില്‍ കലര്‍ന്ന എണ്ണപ്പാടയിലും കാണുന്ന മഴവില്‍ നിറങ്ങള്‍ക്കു കാരണമാകുന്നത് പ്രകാശത്തിന്‍റെ വ്യതികരണം മൂലമാണ്.

വിഭംഗനം

സുഷിരത്തിലോ അതാര്യവസ്തുക്കളുടെ വക്കുകളിലോ തട്ടി പ്രകാശം വളഞ്ഞുസഞ്ചരിക്കുന്ന പ്രതിഭാസമാണ് വിഭംഗനം അഥവാ ഡിഫ്രാക്ഷന്‍. സിഡിയില്‍ കാണുന്ന മഴവില്‍ നിറങ്ങള്‍ ഡിഫ്രാക്ഷന്‍ മൂലമാണുണ്ടാകുന്നത്.

പൂര്‍ണ ആന്തരിക പ്രതിഫലനം

പതനകോണ്‍ ക്രിട്ടിക്കല്‍ കോണിനേക്കാള്‍ കൂടിവരുമ്പോള്‍ അപവര്‍ത്തന രശ്മി പൂര്‍ണമായും ഇല്ലാതാകുകയും പതനരശ്മി പൂര്‍ണമായും മാധ്യമത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് പൂര്‍ണ ആന്തരിക പ്രതിഫലനം. പ്രകാശത്തിന്‍റെ ഈ സ്വഭാവമാണ് ഓപ്റ്റിക്കല്‍ ഫൈബറുകള്‍ വഴിയുള്ള അതിവേഗ വിവര വിനിമയം സാധ്യമാക്കിയത്. വജ്രത്തിന്‍റെ തിളക്കത്തിനു കാരണവും ഇതുതന്നെ.

ഓർമിക്കാന്‍

  1. എല്ലാ സ്രോതസുകളിലും ഇലക്ട്രോണുകളുടെ ത്വരിതചലനം മൂലമാണ് പ്രകാശം ഉണ്ടാകുന്നത്.

  2. ദൃശ്യമായ പ്രകാശം സെക്കന്‍റില്‍ 100 മില്യണ്‍ തവണ കമ്പനം ചെയ്യുന്നു.

  3. വിദ്യുത്കാന്തിക വർണരാജിയിലെ പത്തുലക്ഷത്തിലൊരംശം മാത്രമാണ് ദൃശ്യപ്രകാശം.

  4. ആറ്റങ്ങളിലെ ഇലക്ട്രോണുകളുടെ കമ്പനത്തില്‍ നിന്നും ഉത്ഭവിക്കുന്ന വിദ്യുത്കാന്തിക തരംഗത്തിലാണ്

  5. പ്രകാശം എന്ന ഊര്‍ജം സഞ്ചരിക്കുന്നത്.

  6. പ്രകാശം ഏറ്റവും കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നത് ശൂന്യതയിലൂടെയാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ - ലിയോണ്‍ ഫുക്കാള്‍ട്ട്.

  7. തരംഗസിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിഫ്രാക്ഷന്‍ വിശദീകരിച്ചത് അഗസ്റ്റിന്‍ ഫ്രെണല്‍.

  8. പ്രകാശത്തിന്‍റെ അടിസ്ഥാന കണം - ഫോട്ടോണ്‍ .

  9. പ്രകാശത്രീവത അളക്കാനുള്ള ഉപകരണം - ഫോട്ടോമീറ്റര്‍.

  10. കൃത്രിമ പ്രകാശസ്രോതസുകളില്‍ ഏറ്റവും ശക്തികൂടിയത് ലേസര്‍ (Laser Light Application by Stimulated Emission of Radiation) രശ്മികള്‍.

  11. വളരെ ചെറിയ വെളിച്ചത്തിലും വജ്രത്തിന് നല്ല തിളക്കം അനുഭവപ്പെടുന്നത് - വജ്രത്തിന് ക്രിട്ടിക്കല്‍ കോണ്‍ (Critical angle) വളരെ കുറവായതുകൊണ്ട് പ്രകാശത്തിന് പല പ്രാവശ്യം പൂര്‍ണ ആന്തരിക പ്രതിഫലനം നടക്കുന്നതുകൊണ്ടാണ്.

  12. സോപ്പുകുമിളകളില്‍ മഴവില്‍ നിറങ്ങള്‍ ഉണ്ടാവുന്നത് ഇന്‍റര്‍ഫറന്‍സ് എന്ന പ്രതിഭാസം മൂലമാണ്.

Q

ചുവന്ന ചില്ലുള്ള കണ്ണാടിയിലൂടെ ഒരു വെളുത്ത കടലാസിലെ ചുവന്ന അക്ഷരം വായിക്കുവാന്‍ കഴിയുമോ?

A

ഇല്ല. അവ ചുവന പശ്ചാത്തലത്തില്‍ ലയിക്കുന്നു.

Q

ചുവന്ന ചില്ലിലൂടെ വെളുത്ത കടലാസിലെ നീല അക്ഷരങ്ങള്‍ കാണുന്നത് ഏത്?

A

കറുപ്പു നിറത്തില്‍.

Q

ഒരു ഇരുണ്ട വസ്തു അതേ വലിപ്പത്തിലുള്ള തെളിഞ്ഞ വസ്തുവിനേക്കാള്‍ ചെറുതായാണോ വലുതായാണോ നമുക്ക് തോന്നുക?

A

ചെറുതായി തോന്നുന്നു.

Trending

No stories found.

Latest News

No stories found.