കൊച്ചി: ആഗോള തലത്തില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ സ്മാര്‍ട്ട് വാച്ച് വിപണി. ഇതിലൂടെ വന്‍ വളര്‍ച്ചയാണ് വിപണി കൈവരിച്ചിരിക്കുന്നത്. 2023ല്‍ ഈ നേട്ടം ആവര്‍ത്തിച്ചുകൊണ്ട് ആഗോള എതിരാളിയായ ചൈനീസ് വിപണിയെ ഇത് മറികടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
2022ലെ രണ്ടാം പാദത്തില്‍ ഇന്ത്യ ആദ്യമായി ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് വാച്ച് വിപണിയായി ചൈനയെ മറികടന്നു. രണ്ടാം സ്ഥാനത്തായിരുന്ന ചൈന ഇത്തരത്തില്‍ കയറ്റുമതിയില്‍ 10 ശതമാനം ഇടിവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൗണ്ടര്‍പോയിന്റ് അനുസരിച്ച് 2022ലെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട് വാച്ച് വിപണി 171 ശതമാനം വളര്‍ന്ന് ആഗോളതലത്തില്‍ ഏറ്റവും വലിയ സ്മാര്‍ട്ട് വാച്ച് വിപണിയായി. പണപ്പെരുപ്പവും ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ജൂണ്‍ പാദത്തില്‍ ആഗോള വിപണി വിഹിതത്തില്‍ ഫയര്‍-ബോള്‍ട്ട്, നോയ്സ് തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഒന്നാം സ്ഥാനത്തെത്തി.
ആഗോള റാങ്കിങ്ങിലും ഉയർച്ച നേടി, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്മാര്‍ട്ട് വാച്ച് ബ്രാന്‍ഡായി മാറിയതായി ഫയര്‍-ബോള്‍ട്ട് സ്ഥാപകനും സിഇഒയുമായ അര്‍ണവ് കിഷോര്‍ പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷം 850 കോടി രൂപയില്‍ അവസാനിച്ചുവെന്നും 2023 സാമ്പത്തിക വര്‍ഷം 2,000 കോടി രൂപയില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും നോയ്സ് സഹസ്ഥാപകന്‍ അമിത് ഖത്രി പറഞ്ഞു. ഇന്ത്യയില്‍ സ്മാര്‍ട്ട് വെയറബിളുകളുടെ ഉത്പാദനം പ്രാദേശികവത്കരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബിസിനസുകളിലൊന്നായത് കൊണ്ടുതന്നെ 80 ശതമാനം ഉത്പാദനം വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ കൊണ്ടുവരുന്നതിലും തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.