നേട്ടത്തിന്‍റെ ആകാശദൂരത്തിൽ ചന്ദ്രയാൻ എന്ന പേര് നിലാവൊളി പോലെ തെളിഞ്ഞു നിൽക്കുകയാണ്. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ഇനിയങ്ങോട്ടുള്ള ഗവേഷണപാതകളിൽ വഴിവിളക്കാകുമെന്നു ശാസ്ത്രജ്ഞർ ഉറച്ചു വിശ്വസിക്കുന്നു. ഇന്ന് ലോകം മുഴുവൻ ഏറ്റുചൊല്ലുന്ന ചന്ദ്രയാൻ എന്ന പേരു പിറന്നതിനു പിന്നിലൊരു കഥയുണ്ട്. ഇന്ത്യയുടെ ചാന്ദ്രമോഹങ്ങളുടെ നാമം കുറിച്ച കഥ.
1999ലാണ് ചാന്ദ്രദൗത്യമെന്ന ആശയത്തിന്‍റെ വിത്തു പാകുന്നത്. ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന വലിയൊരു സംഘം ചാന്ദ്രദൗത്യമെന്ന സാധ്യതയെക്കുറിച്ചു ചിന്തിക്കുന്നു. ഇന്ത്യൻ അക്കാഡമി ഓഫ് സയൻസസിലേയും ആസ്ട്രോനോട്ടിക്കൽ സൊസൈറ്റിയിലേയും വിദഗ്ധരടങ്ങുന്ന സംഘം ഇന്ത്യയ്ക്കും ഒരു ലൂണാർ മിഷൻ വേണമെന്നു ശുപാർശ ചെയ്യുന്നു.
ദൗത്യത്തിനു ശാസ്ത്രജ്ഞർ ആദ്യം നൽകിയ പേര് സോമയാൻ എന്നായിരുന്നു. ഋഗ്വേദത്തിലെ സംസ്കൃത ശ്ലോകത്തിൽ നിന്നാണു സോമയാൻ എന്ന പേരു തെരഞ്ഞെടുത്തത്. എന്നാൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയാണു ചന്ദ്രയാൻ എന്ന പേരു നിർദേശിച്ചത്. ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ എന്നറിയപ്പെടണമെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇനിയും ധാരാളം ചാന്ദ്രദൗത്യങ്ങൾ രാജ്യത്തിന്‍റെ പേരിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചാന്ദ്രയാൻ എന്ന പേരു പിറക്കുകയായിരുന്നു. പിന്നീട് ചന്ദ്രയാൻ പദ്ധതിയുടെ ആലോചനകൾക്കായി നാലു വർഷവും ആദ്യദൗത്യം സഫലമാകുന്നതിനായി പിന്നെയൊരു നാലു വർഷം കൂടി വേണ്ടിവന്നു.
2003ൽ ഇന്ത്യയുടെ അമ്പത്തിയാറാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് റെഡ് ഫോർട്ടിലാണു പ്രധാനമന്ത്രി വാജ്പേയ് ചന്ദ്രയാന്‍റെ പ്രഖ്യാപനം നടത്തിയത്. ശാസ്ത്രത്തിന്‍റെ പുതിയ ഉയരങ്ങളിലേക്കു കുതിക്കാൻ രാജ്യം തയാറെടുക്കുകയാണെന്നും, ആദ്യ ചാന്ദ്രദൗത്യം 2008ഓടെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു, ആ ദൗത്യത്തിന്‍റെ പേര് ചന്ദ്രയാൻ എന്നാണെന്നും....