പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം വഴിയൊരുക്കുന്നത് ഇന്ത്യയിൽ വൻ നിക്ഷേപത്തിന്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആമസോൺ സിഇഒ ആൻഡി ജാസി , ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തുടങ്ങി നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരുമായി യുഎസ് പര്യടനത്തിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരിൽ ആമസോൺ, ഗൂഗിൾ സിഇഒമാർ ഇന്ത്യയിൽ മെഗാ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിച്ചു.
ഇ -കോമേഴ്സ് ഭീമന്മാരായ ആമസോൺ 2030 ഓടെ ഇന്ത്യയിൽ മൊത്തം 2600 കോടി ഡോളർ നിക്ഷേപിക്കുമെന്നാണു സിഇഒ ആൻഡി ജാസി ട്വിറ്ററിൽ കുറിച്ചത്. ഈ നിക്ഷേപം ഓരോ വർഷവും ഇന്ത്യൻ ബിസിനസിൽ ശരാശരി 1,31,700 തൊഴിലവസരങ്ങൾക്കു വഴിയൊരുക്കുമെന്നു കമ്പനി.
സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ തങ്ങളുടെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റര്‍ ഗുജറാത്തില്‍ ആരംഭിക്കുമെന്ന് അറിയിച്ചു. ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി സിഇഒ സുന്ദർ പിച്ചെ. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഞങ്ങളുടെ ഗ്ലോബൽ ഫിൻടെക് ഓപ്പറേഷൻ സെന്റർ തുറക്കുമെന്നും അദ്ദേഹം.