A house sparrow
A house sparrowBIJOY K.I.

കൂടൊഴിയുന്ന കുരുവിക്കാലം

കേരളത്തിൽ സമൃദ്ധമായിരുന്ന കുരുവികളുടെ എണ്ണം കുറയുന്നു എന്നത് വസ്തുതയാണ്. ആഗോള തലത്തിലും അങ്ങനെയൊരു പ്രവണത കണ്ടുവരുന്നു.

അജയൻ

മൊബൈൽ ഫോൺ സേവനദാതാക്കളുടെ ടവറുകൾ കേരളത്തിൽ വ്യാപകമായിക്കൊണ്ടിരുന്ന സമയത്ത് പ്രചരിച്ച ഒരു കെട്ടുകഥയുണ്ട്- ടവറുകൾ പെരുകുന്നതു കാരണം നാട്ടിലെ കുരുവികൾ ഇല്ലാതാകുന്നു എന്ന്. ടവറുകളുടെ റേഡിയേഷൻ സംബന്ധിച്ച് ഇനിയും തെളിയിക്കപ്പെടാത്ത പ്രചാരണങ്ങൾക്ക് കരുത്തു പകർന്ന വാദമായിരുന്നു അത്.

കേരളത്തിൽ സമൃദ്ധമായിരുന്ന കുരുവികളുടെ എണ്ണം കുറയുന്നു എന്നത് വസ്തുത തന്നെയാണ്. ആഗോള തലത്തിലും അങ്ങനെയൊരു പ്രവണത കണ്ടുവരുന്നു. എന്നാൽ, ഇതിനു കാരണം മൊബൈൽ ടവറുകളാണെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല. അപ്പോൾപ്പിന്നെ എവിടെപ്പോകുന്നു നമ്മുടെ കുരുവികൾ, ഒരു അന്വേഷണം....

മഹാകവിയുടെ കുരുവി

G Sankara Kurup
G Sankara Kurup

''വാ കുരുവി വരു കുരുവി

വാഴക്കൈമേലിരി കുരുവി...''

എന്നു പണ്ടെഴുതിയത് മഹാകവി ജി. ശങ്കരക്കുറുപ്പാണ്. അത്രയേറെ സാധാരണമായിരുന്നു കേരളത്തിന്‍റെ ഗ്രാമഗ്രാമാന്തരങ്ങളിൽ കുരുവികളുടെ സാന്നിധ്യം എന്നതിന് വേറെ തെളിവു വേണ്ട. വീട്ടുവളപ്പുകളിലും ധാന്യം വിൽക്കുന്ന വിപണികളിലുമെല്ലാം കുരുവികൾ സ്ഥിരം സാന്നിധ്യമായിരുന്നു. ഇവയെ പതിവ് സ്ഥലങ്ങളിലൊന്നും കാണാതായപ്പോൾ പെട്ടികളും കൂടുകളും അതിൽ ഭക്ഷണവും വെള്ളവുമെല്ലാം വച്ച് ആകർഷിക്കാനും ചില ശ്രമങ്ങളുണ്ടായി. പക്ഷേ, ഇല്ലാത്ത കുരുവി എവിടെനിന്നു കൂടും കൂട്ടും തേടി വരാൻ...!

കുരുവിയില്ലായ്മയുടെ നെല്ലും പതിരും

Rice
Rice

പരമ്പരാഗത ധാന്യ വിപണികളിൽ വന്ന മാറ്റം, ധാന്യങ്ങൾ കൈമാറ്റം ചെയ്യുന്ന രീതിയിൽ വന്ന മാറ്റം, നെൽ കൃഷിയിൽ വന്ന കുറവ് എന്നിവയാണ് കേരളത്തിൽ കുരുവികളുടെ എണ്ണം കുറയാൻ പ്രധാന കാരണങ്ങളായി പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ബിജോയ് കെ.ഐ. ചൂണ്ടിക്കാട്ടുന്നത്. നെൽ കൃഷി കുറഞ്ഞപ്പോൾ അരി വാങ്ങുന്നത് മലയാളിയുടെ ശീലമായി. മുൻപൊക്കെ ചന്തയിൽ പോയി അളന്നു തൂക്കിയാണ് അരി വാങ്ങുക. തൂവിപ്പോവുന്ന അരിമണി കൊത്തിപ്പെറുക്കാൻ കുരുവികൾ കൂട്ടമായെത്തും. ഇന്ന് കടകളിലും സൂപ്പർ മാർക്കറ്റുകളിലും പോയി പായ്ക്ക് ചെയ്ത അരി വാങ്ങുമ്പോൾ, അരിമണികൾ തൂവിപ്പോകുക എന്ന സാധ്യത തന്നെ ഇല്ലാതാകുന്നു.

ഭക്ഷണത്തിന്‍റെ ലഭ്യതയിലുണ്ടായ കുറവ് തന്നെയാണ് കുരുവികളെ അകറ്റിയതെന്ന് വൈൽഡ് ലൈഫ് ബയോളജിസ്റ്റ് സാബു ജഹാസും നിരീക്ഷിക്കുന്നു. ഭക്ഷ്യ ധാന്യങ്ങൾ കാളവണ്ടികളിലും മറ്റും ദീർഘദൂരം കൊണ്ടു പോകുന്നതും കൈകാര്യം ചെയ്യുന്നതുമെല്ലാം കുരുവികൾക്ക് ഭക്ഷ്യ സമൃദ്ധിയാണ് സമ്മാനിച്ചിരുന്നത്. എന്നാൽ, കാളവണ്ടികളുടെ സ്ഥാനത്ത് അതിവേഗ ട്രക്കുകളും മെച്ചപ്പെട്ട പാക്കിങ്ങും വന്നപ്പോൾ കുരുവികൾക്ക് ഭക്ഷണം ഇല്ലാതായെന്നു മാത്രമല്ല, ജീവനും അപകടത്തിലായി. പുതിയ കാലത്തിന്‍റെ ജീവിതരീതികളിൽ കുരുവികൾക്ക് ഭക്ഷണം പോയിട്ട് കൂട് വയ്ക്കാൻ ഇടം പോലും കിട്ടായാതായെന്നും സാബു പറയുന്നു.

മലിനീകരണത്തിന്‍റെ പങ്ക്

Pesticide spraying in a paddy field.
Pesticide spraying in a paddy field.

കുരുവികൾ ഇല്ലാതായതിൽ മലിനീകരണത്തിനുള്ള പങ്കാണ് പക്ഷി നിരീക്ഷകൻ പോളി കളമശേരി ചൂണ്ടിക്കാട്ടുന്നത്. വയലുകളിലെ കീടനാശിനി പ്രയോഗവും, ധാന്യങ്ങൾ കേടുകൂടാതെ സംരക്ഷിക്കാനുള്ള രാസവസ്തുക്കളുടെ ഉപയോഗവുമെല്ലാം നമ്മുടെ ധാന്യങ്ങളെ കുരുവികൾക്ക് പഥ്യമല്ലാതാക്കി. വാഹന ബാഹുല്യം കാരണമുള്ള അന്തരീക്ഷ മലിനീകരണവും കുരുവികളെ അകറ്റുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

കപ്പലേറിയ കുരുവി

A bird on a ship
A bird on a ship

ഇന്ത്യ കണ്ട എക്കാലത്തെയും പ്രഗൽഭനായ പക്ഷി നിരീക്ഷകൻ സലിം അലിയുടെ ശിഷ്യനായ ആർ. സുഗതന് ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണുള്ളത്. കുരുവികൾ അടക്കം ഏതു ജീവിവർഗവും ഇല്ലാതാകുന്നത് ആശങ്കാജനകം തന്നെയാണ്. എന്നാൽ, സലിം അലിയോടൊപ്പം ധാരാളം യാത്ര ചെയ്യുകയും, 'ബേർഡ് ഓഫ് കേരള' എന്ന അദ്ദേഹത്തിന്‍റെ പ്രശസ്തമായ പുസ്തകം പുതുക്കിയെഴുതുകയും ചെയ്തിട്ടുള്ള സുഗതൻ പറയുന്നത്, സലിം അലിയുടെ പുസ്തകത്തിൽ ഒരിടത്തും കുരുവികളെക്കുറിച്ച് പരാമർശമേയില്ല എന്നാണ്. എന്നുവച്ചാൽ, പതിറ്റാണ്ടുകൾക്കു മുൻപ് ആ പുസ്തകമെഴുതുന്ന കാലത്ത് കേരളത്തിലെ കാടുകളിൽ കുരുവികൾ ഉണ്ടായിരുന്നിട്ടില്ല. ഭക്ഷ്യവസ്തുക്കളുമായി ബ്രിട്ടനിൽ നിന്നു വന്ന കപ്പലുകളിലായിരിക്കാം ഇവ കേരളത്തിലെത്തിയതെന്നാണ് സുഗതൻ നിരീക്ഷിക്കുന്നത്. ഇവിടെയെത്തിയ ശേഷം മനുഷ്യവാസ മേഖലകളിൽ ഇവയുടെ ആവാസ വ്യവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കാനാണ് സാധ്യത. ഈ മേഖലയിൽ ഗണ്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കൂടുകൂട്ടാൻ ഇടമില്ലാതെ

Nest of a sparrow
Nest of a sparrow

കൂട് വയ്ക്കുന്ന കാര്യത്തിൽ വിഡ്ഢികളാണ് കുരുവികൾ എന്നാണ് ആർ. സുഗതന്‍ പകുതി തമാശയായി ചൂണ്ടിക്കാട്ടുന്നത്. മുടിനാരും പഞ്ഞിയും പോലുള്ള വസ്തുക്കളാണ് ഇവ കൂടുകൂട്ടാൻ ഉപയോഗിക്കുക. ചുവരുകളിലെ തുളകളിലും ചരിഞ്ഞ മേൽക്കൂരകൾക്കടിയിലും ഭിത്തികളിലെ വിള്ളലുകളിലും മറ്റുമാണ് ഇവ കൂടുവയ്ക്കാൻ ഇടം കണ്ടെത്താറുള്ളത്. എന്നാൽ, കോൺക്രീറ്റ് കെട്ടിടങ്ങൾക്കു ധാരാളിത്തമുള്ള പുത്തൻ നാഗരികതയിൽ ഇത്തരം സാധ്യതകൾ തീരെ ഇല്ലാതായെന്നു പറയാം. സ്ട്രീറ്റ് ലൈറ്റുകളും കുരുവികൾക്ക് പ്രിയപ്പെട്ട ആവാസവ്യവസ്ഥകളായിരുന്നു. എൽഇഡി - എൽസിഡി യുഗത്തിൽ ലൈറ്റുകളുടെയും പോസ്റ്റുകളുടെയും ഡിസൈനിൽ വന്ന മാറ്റവും കുരുവികളുടെ 'കിടപ്പാടം' നഷ്ടപ്പെടുത്തി.

പൂന്തോട്ടങ്ങളിൽപ്പോലും കീടനാശിനി, കളനാശിനി പ്രയോഗം വ്യാപകമായതോടെ കുരുവികൾക്ക് ഇവിടങ്ങളിൽനിന്ന് ഷഡ്പദങ്ങളെയും മറ്റു ചെറുപ്രാണികളെയും ആഹാരമാക്കാനും കുഞ്ഞുങ്ങൾക്ക് തീറ്റ കണ്ടെത്താനുമെല്ലാമുള്ള അവസരം ഇല്ലാതായി.

സംരക്ഷണം എല്ലാ ജീവജാലങ്ങൾക്കും

Yellow throated sparrow
Yellow throated sparrowebird.org

ഹൗസ് സ്പാരോ എന്നറിയപ്പെടുന്ന ഈ കുരുവിയുടെ കാര്യത്തിലേക്ക് സംരക്ഷണത്തിന്‍റെ ആശങ്കകൾ പരിമിതപ്പെടുത്തരുതെന്നാണ് ആർ. സുഗതനെപ്പോലുള്ളവർ സമർഥിക്കുന്നത്. ഇവയുടെ വിഭാഗത്തിൽപ്പെടുന്നതും കാടുകളിൽ കണ്ടുവരുന്നതുമായ യെല്ലോ ത്രോട്ടഡ് സ്പാരോ എന്നയിനം കുരുവികളും വംശനാശ ഭീഷണിയിലാണ്. അങ്ങനെ നമ്മുടെ ചുറ്റുവട്ടത്തല്ലാത്ത വസിക്കുന്ന പല ജീവിവർഗങ്ങളും ഭീഷണി നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.