ദുബായ്: മികച്ച ആപ്പ് കണ്ടെത്താൻ ആപ്പ് ഒളിംപിക്സ് പ്രഖ്യാപിച്ച് യുഎഇ ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ലോകത്തെവിടെ നിന്നും ഏത് പ്രായത്തിലുള്ളവർക്കും വ്യക്തിഗതമായോ ടീമുകളായോ മത്സരത്തിൽ പങ്കെടുക്കാം. മികച്ച യൂത്ത് ആപ്പ്, ഏറ്റവും ഫലപ്രദമായ ആപ്പ്, ഏറ്റവും നൂതനമായ ആപ്പ്, മികച്ച മൊബൈൽ ഗെയിമിങ്ങ് ആപ്പ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരം. രജിസ്ട്രേഷന് തുടക്കമായി. പങ്കെടുക്കാൻ താൽപര്യമുള്ളവർ അടുത്ത മാസം 13 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണം.
ജേതാക്കൾക്ക് 5,50,000 ദിർഹത്തിന്‍റെ സമ്മാനങ്ങൾ ലഭിക്കും. ആറ് മാസത്തെ പരിശീലനവും നൽകും.
അടുത്ത വർഷത്തോടെ ആപ്പ് ഡെവലപ്പർമാരുടെ എണ്ണം മൂന്നിരട്ടിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ഈ മേഖലയിലെ 100 ദേശീയ പദ്ധതികളെ പിന്തുണക്കുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.
'ഒളിമ്പ്യൻ മൈൻഡ് സെറ്റ്' എന്ന ഓൺലൈൻ പരിശീലന പരിപാടിയിലൂടെ ആപ്പിന്‍റെ അദിമ രൂപം ഉണ്ടാക്കാൻ മത്സരാർത്ഥികളെ സഹായിക്കുകയും ചെയ്യും.