വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന് നിയമം വന്നാലോ.. അങ്ങനൊരു നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് സിംബാബ്‌വേയിൽ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഫീസും അടയ്ക്കുന്നവർക്കേ സിംബാബ്‌വേയിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാൻ പറ്റൂ. 50 ഡോളറാണ് ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. പോസ്റ്റൽ മന്ത്രി ടടേണ്ട മാവേതേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വ്യാജവാർത്തകളും വിവരങ്ങളും പടരുന്നത് തടയുന്നതിനായാണ് സിംബാബ്‌വേ പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതു വഴി രാജ്യത്ത് സംഘർഷങ്ങൾ തുടർക്കഥയാകുകയാണ്.
വ്യാജവിവരങ്ങൾ പരത്തുന്നവരെ കണ്ടത്താൻ പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ലൈസൻസ് നൽകുന്ന പ്രോസസിന്‍റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനുകൾ അവരുടെ വ്യക്തിപരമായ വിവരങ്ങൾ നൽകണം. ഇതിനെതിരേ പ്രതിഷേധവും ശക്തമാണ്.