കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഐടി കമ്പനികളും ജീവനക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാന്‍ തയാറെടുക്കുന്നു. അമെരിക്കയും യൂറോപ്പും അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാല്‍ പുറം ജോലി കരാറുകളിലും പുതിയ പ്രൊജക്റ്റുകളിലും വലിയ കുറവുണ്ടാകുമെന്ന് വിലയിരുത്തിയാണ് ഇന്ത്യന്‍ ഐടി കമ്പനികളും ശക്തമായ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ ലോകത്തിലെ വമ്പന്‍ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളായ ആമസോണും മൈക്രോസോഫ്റ്റും ഫേസ്ബുക്കും ആപ്പിളും ടെസ്ലയുമടക്കം വലിയ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിലവില്‍ ഇന്ത്യയിലെ ചുരുക്കം പുതുതലമുറ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ മാത്രമാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുള്ളത്. എന്നാല്‍ മാന്ദ്യം ഇന്ത്യയിലും ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ ആഭ്യന്തര ഐടി കമ്പനികളും പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള ചെലവ് ചുരുക്കല്‍ നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
ആഗോള ടെക് ഭീമന്മാര്ക്കൊപ്പം ഇന്ത്യയിലെ മുന്‍നിര കമ്പനികളും ബിസിനസില്‍ തിരിച്ചടി നേരിട്ടാല്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ആഭ്യന്തര ഐടി വിപണിയില്‍ 30,000 പേര്‍ക്ക് വരെ തൊഴില്‍ നഷ്ടമാകാന്‍ ഇടയുണ്ടെന്ന് ബംഗളൂരു ആസ്ഥാനമായ പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനത്തിന്റെ കോഫൗണ്ടര്‍ മുഹമ്മദ് ഖാലിദ് പറയുന്നു. ആഗോള കമ്പനികളായ ആമസോണും ട്വിറ്ററും ഗൂഗ്ളും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓഫിസുകള്‍ അടച്ചുപൂട്ടിയും ജീവനക്കാരെ കുറച്ചും പിടിച്ചുനില്ക്കാന് ശ്രമിക്കുന്നതിനിടയിലും ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളായ ഇന്‍ഫോസിസും ടിസിഎസും ഉള്‍പ്പെടെയുള്ളവര്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയായിരുന്നു. നാണയപ്പെരുപ്പം നേരിടാനായി റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയതിനാല്‍ ഇവിടെയും സാമ്പത്തിക മേഖല മാന്ദ്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയേറെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആമസോണ്‍ ഇന്ത്യ കഴിഞ്ഞ മാസം ഇന്ത്യയിലെ 1000 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ ഇന്ത്യയിലെ ജീവനക്കാരെ കുത്തനെ കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. കഴിഞ്ഞദിവസം കമ്പനിയുടെ മുംബൈ, ന്യൂഡല്‍ഹി ഓഫിസുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. നിലവില്‍ ബംഗളൂരുവില്‍ മാത്രമാണ് ട്വിറ്ററിന് ഓഫിസുള്ളത്. ഗൂഗ്ള്‍ ഇന്ത്യയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി 450 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഭക്ഷ്യ ഉത്പന്ന വിതരണക്കാരായ സൊമാറ്റോ, സ്വിഗ്ഗി, ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ബൈജൂസ്, ഫാഷന്‍ ബ്രാന്‍ഡായ നൈക്ക് തുടങ്ങിയ വിവിധ കമ്പനികളും വലിയ തോതില്‍ ജീവനക്കാരെ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.
അതേസമയം കേരളം ആസ്ഥാനമായുള്ള പല ഐടി കമ്പനികളും വൈദഗ്ധ്യവും യോഗ്യതയുമുള്ള ജീവനക്കാരെ കണ്ടെത്താന്‍ വിഷമിക്കുകയാണ്. ബംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി തുടങ്ങിയ മെട്രൊ നഗരങ്ങളില്‍ നിന്നും കൊച്ചി പോലുള്ള ലോ പ്രൊഫൈല്‍ സ്ഥലങ്ങളിലേക്ക് വരാന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് മടിയാണെന്ന് കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ സ്ഥാപനത്തിന്റെ എച്ച്ആര്‍ മേധാവി ഷമ്മി ചക്രവര്‍ത്തി പറഞ്ഞു.