തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗിയും സംസ്കാരവും ആസ്വദിച്ചു മടങ്ങുന്ന സഞ്ചാരികൾക്കായി സുവനീർ ശൃംഖലയൊരുക്കാൻ വിനോദസഞ്ചാര വകുപ്പ്.
ആറന്മുളക്കണ്ണാടിയുടെയും ചുണ്ടൻ വള്ളത്തിന്റെയും ബേപ്പൂർ ഉരുവിന്റെയും മാതൃകയും ഉൾപ്പെടെ 15 ഇനങ്ങളാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക സുവനീറുകളാകുന്നത്. വിനോദസഞ്ചാര വകുപ്പിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷനാണ് കേരളത്തിന്റെ ഔദ്യോഗിക സ്മരണികകളുടെ ശൃംഖലയൊരുക്കുന്നത്. സംസ്ഥാനത്തെ വിവിധ കരകൗശല വസ്തു നിർമാതാക്കളെ ചേർത്താണ് സുവനീർ ശൃംഖല തയാറാക്കുന്നത്.
നാടിന്റെ ചരിത്രം, സംസ്കാരം, കല, ഭൂമിശാസ്ത്ര പ്രത്യേകതകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവ തെരഞ്ഞെടുക്കുന്നത്. ആറന്മുള കണ്ണാടി പോലെ വലുപ്പം കുറഞ്ഞവ അതേ രൂപത്തിലും, വലുപ്പമുള്ളവയെ ചെറു മാതൃകകളാക്കിയും, ചിലതിനെ ശിൽപ്പ രൂപത്തിലാക്കിയുമാണ് സുവനീർ ശൃംഖലയിൽ ഉൾപ്പെടുത്തുക. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുവനീർ വിൽപ്പനശാലകൾ ജനപങ്കാളിത്തത്തോടെ ആരംഭിക്കും. ഇതിലൂടെ പ്രാദേശിക തൊഴിലവസരങ്ങളും വരുമാനവും വർധിപ്പിക്കാനാകും. സുവനീർ ശൃംഖലയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 18ന് നിർവഹിക്കും.
ഉത്തരവാദിത്ത ടൂറിസം മിഷനാണു സുവനീർ ശൃഖല പദ്ധതിക്കു നേതൃത്വം നൽകുന്നത്. 18നു വെള്ളാർ ക്രാഫ്റ്റ് വില്ലെജിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം വിദഗ്ധരെ ഉൾപ്പെടുത്തി ശിൽപ്പശാല സംഘടിപ്പിച്ചിട്ടുണ്ട്. സുവനീർ മേഖലയിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച മേഖലകളും അവയുടെ വലുപ്പം, സ്വഭാവം തുടങ്ങിയവയും ശിൽപ്പശാലയിൽ നിശ്ചയിക്കും. തുടർന്ന് 15 ഇനങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കുന്നതിൽ ജനാഭിപ്രായം അറിയിക്കാൻ മത്സരം നടത്തും. ഇതിന്റെകൂടി അടിസ്ഥാനത്തിലാകും അന്തിമ പട്ടിക തയാറാക്കുക. ഓരോ ഇനങ്ങളുടെയും മേഖലയിൽ വിദഗ്ധരായവർക്കു പരിശീലനം നൽകി ഈ സാമ്പത്തിക വർഷംതന്നെ സുവനീർ ശൃംഖല ആരംഭിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.